
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
ദിവസങ്ങളോളം കാറിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചു ജീവിച്ചുവെന്ന് രക്ഷപ്പെട്ട കുടുംബം
റിയാദ്: ഒരാഴ്ചയായി മരുഭൂമിയില്‍ കാണാതായ സഊദി കുടുംബത്തെ റിയാദില്‍ നിന്ന് 290 കിലോമീറ്റര്‍ അകലെയുള്ള ഹാലബാന് താഴ്വരയില് ജീവനോടെ കണ്ടെത്തി. ഡ്രോണിന്റെ സഹായത്തോടെയാണ് രക്ഷാസംഘത്തിന് ഇവരെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗത്ത് കണ്ടെത്തി രക്ഷിക്കാനായത്.
ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ പ്രയാസപ്പെട്ട സ്വദേശി കുടുംബം കാറിന്റെ റേഡിയേറ്ററില്‍ നിന്ന് വെള്ളം കുടിച്ചും പ്രദേശത്തെ ഇലകള്‍ ഭക്ഷിച്ചുമാണ് മരുഭൂമിയില്‍ കഴിച്ചു കൂട്ടിയത്. കഴിഞ്ഞ ആഴ്ചയാണ് സഊദി കുടുംബം മരുഭൂമിയില്‍ അകപ്പെടുന്നത്. വിജനമായ മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കുടുങ്ങിപ്പോവുകയായിരുന്നു. സിഗ്നല്‍ ലഭ്യമല്ലാത്തതിനാല്‍ ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പണിമുടക്കി. മണിക്കൂറുകള്‍ ദിവസങ്ങള്‍ക്ക് വഴിമാറിയിട്ടും രക്ഷപ്പെടാനുള്ള വഴികളൊന്നും തെളിഞ്ഞില്ല. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും കഴിഞ്ഞതോടെ ഹതാശ്രയരായ കുടുംബം പിന്നീട് വാഹനത്തിന്റെ റേഡിയേറ്ററില്‍ നിന്നുള്ള വെള്ളമാണ് കുടിച്ചത്. പരിസര പ്രദേശത്തെ കുറ്റിച്ചെടികളില്‍ നിന്ന് പറിച്ചെടുത്ത ഇലകളായിരുന്നു ഇവരുടെ വിശപ്പ് ശമിപ്പിച്ചത്.
മരുഭൂമിയുടെ വിജനതയില്‍ ഒറ്റപ്പെട്ട ഇവര്‍ പല ദിക്കുകളിലായി ആരെയെങ്കിലും കണ്ടെത്താന്‍ നടത്തിയ ശ്രമിങ്ങളും പരാജയപ്പെടുകയായിരുന്നു. പ്രതീക്ഷയറ്റ സമയത്താണ്, ലഭ്യമായ വിവരങ്ങള്‍ വെച്ച് രക്ഷാദൗത്യവുമായി എന്ജാദ് ഹാലബാന് മരുഭൂമിയില്‍ എത്തിയത്. വിദൂര മരുഭൂമികളില്‍ തിരച്ചില്‍, രക്ഷാ ദൗത്യങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ ഏജന്‍സിയായ എന്ജാദിന്റെ 40 അംഗ സംഘം നൂതന ഡ്രോണുകളും മാപ്പിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച്
ഹാലബാന് താഴ്!വ്വരയില് നടത്തിയ രണ്ട് ദിവസം നീണ്ട വിപുലമായ തിരച്ചിലിനൊടുവിലാണ് കുടുംബത്തെ കണ്ടെത്തിയത്. രക്ഷാദൗത്യ സംഘം ഉടനെ കുടുംബത്തെ മരുഭൂമിയില്‍ നിന്നും പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് വിവരം. ഒരാഴ്ച നീണ്ട മരുഭൂമിയിലെ ജീവിതം കുടുംബത്തെ ശാരീരികമായും മാനസികമായും തളര്ത്തിയിട്ടുണ്ടുവെങ്കിലും ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് രക്ഷാ ദൗത്യത്തില്‍ പങ്കെടുത്തവരും കുടുംബാംഗങ്ങളും.