സഊദി എയര്‍ലൈന്‍സ് ഡിസംബറില്‍ കോഴിക്കോട്ടേക്ക് ; സന്തോഷമെന്ന് കെഎംസിസി
അബുദാബി: യുഎഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് മോസ്ക് പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികളാല്‍ നിറഞ്ഞു കവിഞ്ഞു. സുബഹി നമസ്കാരത്തോടെ പള്ളിയും പരിസരവും തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി. പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബ ശ്രവിക്കാനുമായി വളരെ നേരത്തെ തന്നെ ആളുകള്‍ പള്ളിയില്‍ ഇടംപിടിച്ചിരുന്നു. യുഎഇ ഭരണകുടുംബാംഗങ്ങളുടെ വലിയ നിര തന്നെ പെരുന്നാള്‍ നമസ്കാരത്തിനായി ശൈഖ് സായിദ് മോസ്കില്‍ എത്തിയിരുന്നു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മന്‍സുര്‍ ബിന്‍ സായിദ് അല്നഹ്യാന്, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ ജനങ്ങള്‍ക്കൊപ്പം ഈദുല്‍അദ്ഹ പ്രാര്‍ത്ഥന നടത്തി. ശൈഖ് സുരൂര്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് ഒമര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്, ചാരിറ്റബിള്‍ ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ബോര്‍ഡ് ഓഫ് സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ശൈഖ് സായിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്; സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, കൂടാതെ നിരവധി ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും പെരുന്നാള്‍ നമസ്കാരത്തിന് എത്തിയിരുന്നു. ഇസ്ലാമിന്റെ പ്രധാന തത്വങ്ങളിലൊന്നായ മനുഷ്യ സാഹോദര്യത്തെ യുഎഇ ഉയര്‍ത്തിക്കാട്ടുന്നതായി ഈദുല്‍അദ്ഹ പ്രഭാഷണം നിര്‍വ്വഹിച്ച ഡോ. ഖലീഫ മുബാറക് അല്‍ ദഹേരി പറഞ്ഞു. മാനവികതയിലൂന്നിയുള്ള മനുഷ്യത്വം ഉദ്ഘോഷിക്കാനാണ് ഈദ് നല്കുന്ന സന്ദേശമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥനക്ക് ശേഷം ശൈഖ് മന്‍സൂര്‍ വിശ്വാസികള്‍ക്ക് ഈദുല്‍അദ്ഹ ആശംസകള്‍ കൈമാറി. തുടര്‍ന്ന് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ശവകുടീരം സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി.