
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
ദുബൈ: സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ ഭക്ഷ്യ ഉല്പന്നങ്ങള് വില്പന നടത്തിയിരുന്ന പത്ത് അനധികൃത തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് പിടികൂടി. ഇവര്‍ക്ക് ശരിയായ ലൈസന്സുകളില്ലായിരുന്നു, മാത്രമല്ല ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കച്ചവടം ചെയ്തിരുന്നത്. ഇത് സമൂഹത്തിന് അപകടസാധ്യതകള്‍ ഉണ്ടാക്കുന്നതായി പൊലീസ് പറഞ്ഞു. റമസാന്‍ കാമ്പയിനിന്റെ ഭാഗമായാണ് അറസ്റ്റ്. പൊതു തെരുവുകളിലും ഇടവഴികളിലും അനിയന്ത്രിതമായ താല്‍ക്കാലിക വിപണികള്‍ ഉണ്ടാക്കിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുകയും നഗരത്തിന്റെ ആകര്‍ഷണീയതയെ കളങ്കപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. മറ്റു അധികാരികളുമായി സഹകരിച്ച് പൊതു സുരക്ഷ നിലനിര്‍ത്താനുള്ള ദുബൈ പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് അനധികൃത കച്ചവടക്കാര്‍ക്കെതിരായ നടപടിയെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ അദീദി പറഞ്ഞു. ‘ അനധികൃത കച്ചവടക്കാര്‍ ലേബര്‍ അക്കമഡേഷന്‍ ഏരിയകള്‍ക്ക് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷ്യ ഉല്പന്നങ്ങള് ഉണ്ടാക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.’ കേണല്‍ അല്‍ അദീദി മുന്നറിയിപ്പ് നല്കി. ലൈസന്‍സില്ലാത്ത തെരുവ് കച്ചവടക്കാരില്‍ നിന്നോ പൊതു ഇടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ നിന്നോ സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാന്‍ അംഗീകൃത ബിസിനസുകളെ ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയന്ത്രണമില്ലാത്ത കച്ചവടക്കാരില്‍ നിന്നും ലൈസന്‍സില്ലാത്ത വാഹനങ്ങളില്‍ നിന്നുമുള്ള ഭക്ഷണം കഴിക്കുന്നതിന്റെ ഗുരുതരമായ ആരോഗ്യ അപകടങ്ങളെക്കുറിച്ച് തെരുവ് കച്ചവടക്കാരുടെ നിയന്ത്രണ വിഭാഗം മേധാവി മേജര്‍ താലിബ് അല്‍ അമിരി ആവര്‍ത്തിച്ചു. അത്തരം ഉല്‍പ്പന്നങ്ങള്‍ പലപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു, ഇത് കേടാകാനും ഭക്ഷ്യജന്യ രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ദുബൈ പൊലീസ് 24 മണിക്കൂറും പട്രോളിംഗ് തുടരുമെന്നും, നിയമലംഘകരെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കച്ചവടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. 901 കോള്‍ സെന്റര്‍, ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനവുംഉപയോഗിക്കാം.