കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഇന്ന് ഓര്മ്മദിനം
ഇന്ത്യന് പാര്ലിമെന്റിലെ ഗര്ജിക്കുന്ന സിംഹം, മുസ്ലീംലീ പോരാളി…ഗുലാം മഹ്്മൂദ് ബനാത്തവാല. ആ മഹാരഥന്റെ ഓര്മ്മദിനമാണിന്ന്. ബനാത്ത്വാല അറിവിന്റെ നിറകുടമായിരുന്നു. ഭരണഘടനാ വേദികളായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഇടം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ മുസ്്ലിം ന്യൂനപക്ഷങ്ങള് നേരിട്ടിരുന്ന അരികുവത്കരണത്തിനെതിരെ പാര്ലിമെന്റിലെ ഒറ്റയാള് പോരാളി. ഇന്ത്യന് രാഷ്ട്രീയത്തിലും ഭരണഘടനയിലും ഇത്രത്തോളം അവഗാഹമുള്ള മറ്റൊരു പാര്ലിമെന്റേറിയനെ രാഷ്ട്രം പിന്നീട് കണ്ടിട്ടില്ല. മുംബൈയില് കച്ച് മേമന് കുടുംബത്തിലാണ് ഗുലാം മഹ്മൂദ് ജനിച്ചത്. മത നിഷ്ഠയോടും സാമൂഹ്യ പ്രതിബദ്ധതയോടും വളര്ന്ന അദ്ദേഹം രാഷ്ട്ര മീമാംസ അധ്യാപകനായി മുംബൈയില് ജോലി ചെയ്തിരുന്നു. യൗവന കാലത്ത് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മയില് സാഹിബില് ആകൃഷ്ടനായ അദ്ദേഹം ന്യൂനപക്ഷ രാഷ്ട്രീയ ചേരിയില് നിലയുറപ്പിച്ചു. ഊര്ജ്ജ്വസ്വലനായ, മികച്ച വാഗ്മിയായ ഗുലാം മഹ്മൂദ് 1967-ല് മഹാരാഷ്ട്ര നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് നിര്ബന്ധിത വന്ധ്യംകരണ ബില് അവതരിപ്പിക്കപ്പെട്ടപ്പോള് അദ്ദേഹത്തിന്റെ ശ്രമ ഫലമായാണ് അത് നിയമമാവാതെ പോയത്. അന്ന് 7 ലക്ഷം പേരുടെ ഒപ്പ് ശേഖരണം നടത്തി രാഷ്ട്രപതിക്ക് അദ്ദേഹം ഭീമ ഹരജി നല്കി. അക്കാലത്ത് ബോംബേ മുസ്ലിം അസോസിയേഷന്റെ ഒരു യോഗത്തില് സംബന്ധിച്ച സി.എച്ച് മുഹമ്മദ് കോയയാണ് ഗുലാം മഹ്മൂദ് ബനാത്തു വാലയിലെ പ്രതിഭയെ കണ്ടെത്തുന്നത്. കേരളത്തില് പൊന്നാനി മണ്ഡലത്തില് നിന്ന് മത്സരിപ്പിച്ചു പാര്ലമെന്റിലേക്ക് അയച്ചു. ഏഴ് തവണ ഇന്ത്യന് പാര്ലമെന്റില് ന്യൂനപക്ഷ വിഭാഗത്തിന്റെ ശബ്ദമായി അദ്ദേഹം നില കൊണ്ടു. 1993-2008 കാലയളവില് ഇന്ത്യന് യൂണിയന് മുസ്്ലിംലീഗിന്റെ ദേശീയ പ്രസിഡന്റായിരുന്നു.
ഫയര്ബ്രാന്റ് ഒറേറ്റര് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അതെ, വാക്കുകള് തീപ്പൊരിയായി മാറ്റാനുള്ള അത്യപൂര്വ്വമായ പ്രതിഭാവിലാസമുള്ള വ്യക്തിത്വം. ഗഹനമായ രാഷ്ട്രീയ പാണ്ഡിത്യവും അവബോധവുമുള്ള, ഭരണഘടനാ വിദഗ്ദനുമായിരുന്നു അദ്ദേഹം.
ഷാബാനു കേസിലും അലിഗഡ് സര്വ്വ കലാ ശാല വിഷയത്തിലും ബാബരി മസ്ജിദ് പ്രശ്നത്തിലും പാര്ലമെന്റില് അദ്ദേഹത്തിന്റെ ഇടപെടലുകള് ചരിത്ര പ്രസിദ്ധമാണ്. ഏക സിവില് കോഡ്, വന്ദേ മാതരം, തുടങ്ങിയ വിഷയങ്ങളില് അദ്ദേഹം ശക്തമായി ഇടപെട്ടു. ചുറ്റുപാടുകളെ നോക്കാതെ, നയനിലപാടികളില് ഉറച്ചുനിന്ന്, മനുഷ്യത്വത്തിന് വേണ്ടിയുള്ള നിര്ഭയത്വത്തോടെയുള്ള പോരാട്ട വീര്യമാണ്-ഗര്ജിക്കുന്ന സിംഹമെന്ന് വിശേഷണത്തില് അദ്ദേഹത്തെ എത്തിച്ചത്. ഭരണ ഘടനയെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്ക്ക് ഇന്ത്യന് പാര്ലമെന്റ് കാതോര്ത്ത നിരവധി സന്ദര്ഭങ്ങളുണ്ടായി. അദ്ദേഹത്തിന്റെ നിലപാടുകള് രാഷ്ട്രത്തിന്റെ നയരൂപീകരങ്ങളെ പോലും പലപ്പോഴും സ്വാധീനിച്ചു. ഇന്ത്യന് പാര്ലമെന്റില് ഏറെ ആദരിക്കപ്പെട്ടിരുന്നു ബനാത്ത്വാല ഒരു സീനിയര് അംഗമെന്ന നിലയില് മികച്ച സൗകര്യങ്ങളോട് കൂടിയ താമസ സൗകര്യം നല്കിയപ്പോള് അദ്ദേഹം നിരസിച്ചു. തന്റെ നേതാവ് മുഹമ്മദ് ഇസ്മായില് സാഹിബ് താമസിച്ച സൗകര്യം കുറഞ്ഞ ഇടം തനിക്ക് ധാരാളമാണെന്നു അദ്ദേഹം പറയുകയുണ്ടായി. ലളിത ജീവിതം നയിച്ച അദ്ദേഹം യാതൊരു സൗജന്യങ്ങളും സ്വീകരിച്ചിരുന്നില്ല. പാര്ലമെന്റിലെ സിംഹഗര്ജ്ജനം പക്ഷെ വ്യക്തി ജീവിതത്തിലെ സൗമ്യതയെ ഒട്ടും സ്വാധീനിച്ചില്ല. രാഷ്ട്രീയ എതിരാളികള്ക്ക് പോലും പ്രിയപ്പെട്ട ആളായിരുന്നു സ്നേഹത്തോടെ അവരെല്ലാം ജി.എം എന്നു വിളിച്ച ബനാത്ത് വാലാ. വാക്കും പ്രവര്ത്തിയും തമ്മില് അന്തരമുണ്ടായിരുന്നില്ല. ഏത് പ്രശ്നത്തിനും ആളുകള്ക്ക് സമീപിക്കാം, തനിക്ക് സാധിക്കും വിധം സേവനം ചെയ്യും. ഗവര്ണ്ണര് പദവി നല്കപ്പെട്ടിട്ടും പാര്ലമെന്റില് ന്യൂനപക്ഷങ്ങളുടെ ശബ്ദമായി നിലകൊള്ളുകയാണ് തന്റെ ദൗത്യം എന്ന് ഉറച്ചു പറഞ്ഞു കൊണ്ട് അദ്ദേഹം അത് നിരസിച്ച കാര്യം അധികമാര്ക്കുമറിയില്ല. മികച്ച ഒരു ഗ്രന്ഥകാരനായിരുന്നു അദ്ദേഹം-മതവും രാഷ്ട്രീയവും ഇന്ത്യയില്- എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഗഹനമായ പഠനം വിദേശ യൂണിവേഴ്സിറ്റികളില് പോലും മൈനോറിറ്റി പൊളിറ്റിക്സില് റഫറന്സ് ആയി ഉപയോഗിക്കുന്നുണ്ട്. ഏക സിവില് കോഡുമായി ബന്ധപ്പെട്ട് ഗുലാം മഹ്മൂദ് പാര്ലമെന്റില് നടത്തിയ ഇടപെടലുകള് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം ന്യൂനപക്ഷ രാഷ്ട്രീയ വിദ്യാര്ത്ഥികള്ക്ക് വലിയ മുതല്ക്കൂട്ടാണ്. കൃത്യമായി മത നിഷ്ഠ പാലിച്ച ബനാത്ത് വാല അവസാന കാലത്ത് ആരാധനാ കര്മ്മങ്ങളാല് നിരതമായിരുന്നു. ഭാര്യ മരണപ്പെട്ട ശേഷം സഹോദരന്മാര്ക്കൊപ്പമായിരുന്നു സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ആ മനുഷ്യന് താമസിച്ചു പോന്നത്. മൂന്ന് പതിറ്റാണ്ട് ഇന്ത്യന് പാര്ലമെന്റില് അംഗമായിരുന്ന ആ മഹാവ്യക്തിത്വം നമുക്ക് നല്കുന്ന പാഠങ്ങള് ചെറുതല്ല….