
വഖഫ് സംരക്ഷിക്കാൻ: ലീഗിന്റെ മനുഷ്യ സാഗരം നാളെ കോഴിക്കോട് കടപ്പുറത്ത്
അബുദാബി: സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. കേസ് അടുത്ത മാസം 5 ന് രാവിലെ 10 മണിക്ക് പരിഗണിക്കും. പതിനൊന്നാം തവണയാണ് റിയാദിലെ ക്രമിനല്‍ കോടതി കേസ് മാറ്റി വെയ്ക്കുന്നത്. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതിനും വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകാനുമാണ് കഴിഞ്ഞ തവണകളില്‍ കേസുകള്‍ മാറ്റി വെച്ചതെന്ന് റഹിം നിയമസഹായ സമിതി വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ തന്നെ സിറ്റിംഗ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് കേസ് മാറ്റി വെയ്ക്കുകയായിരുന്നു. സൗദി പൗരനായ ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2006 ലാണ് റഹിം അറസ്റ്റ് ചെയ്യപ്പെടുന്നത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് ഒന്നര കോടി സൗദി റിയാല്‍ അതായത് 34 കോടി ഇന്ത്യന്‍ രൂപ ദിയാധനം സ്വീകരിച്ച് കുടുംബം മാപ്പ് നല്‍കിയതോടെയാണ് വധശിക്ഷ ഒഴിവായി മോചനത്തിന് വഴി തെളിഞ്ഞത്. എന്നാല്‍ സൗദി ഭരണകൂടത്തിന്റെ അനുമതിയും കേസില്‍ വധശിക്ഷയല്ലാത്ത തടവു ശിക്ഷയും റഹീം അനുഭവിക്കേണ്ടി വരും. റിയാദിലെ ഇസ്കാന്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ തടവുകാലം ഇപ്പോള്‍ 19 ാം വര്‍ഷത്തിലേക്ക് കടന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ സാധാരണ തടവു ശിക്ഷയാണ് വിധിക്കുക. 19 വര്‍ഷമായി തടവിലായതിനാല്‍ ഇനി തടവു ശിക്ഷ വിധിച്ചാലും അബ്ദുള്‍ റഹീമിന് അധികം ജയിലില്‍ തുടരേണ്ടി വരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നല്‍കാനാണ് സാധ്യത. വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള വിധി തീര്‍പ്പിന് കോടതിയില്‍ നിന്ന് നടപടികള്‍ ആദ്യം മുതല്‍ തുടങ്ങേണ്ടതുണ്ട്. ഇതിനായുള്ള ആദ്യ സിറ്റിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 നാണ് നടന്നത്. എന്നാല്‍ അന്ന് ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റി വച്ചു. ശേഷമുള്ള എല്ലാ മാസങ്ങളിലും ഒന്നോ രണ്ടോ തവണകളായി കേസ് പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലെത്തിയില്ല. 2006 ല്‍ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുമ്പാണ്, സൗദി ബാലന് അനസ് അല്‍ ഫായിസിന്റെ കൊലപാതക കേസില്‍ അകപ്പെട്ട് റഹിം ജയിലിലാകുന്നത്. കേസില്‍ 2012 ലാണ് വധശിക്ഷ വിധിച്ചത്. അടുത്ത മാസം 5 ന് കേസ് പരിഗണിക്കുമ്പോള്‍ അന്തിമമായ വിധിയുണ്ടാകുമെന്നാണ് റഹിമിന്റെ കുടുംബത്തിന്റെയും നിയമസഹായ സമിതിയുടെയും പ്രതീക്ഷ