കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
യു എ ഇ യില്‍ വളരെ വേഗത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞന്‍ എമിറേറ്റുണ്ട്. പളപളപ്പുകള്‍ ഒന്നുമില്ലാതെ സമ്പത്തുല്പാദന മേഖലയില്‍ വളരെ വേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന കൊച്ചു പ്രദേശം-അജ്മാന്. യുഎഇ രൂപീകൃതമായി അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ അജ്്മാന്‍ എന്ന കുഞ്ഞന്‍ എമിറേറ്റ് അതിന്റെ സാന്നിധ്യം ശ്രദ്ധേയമായ രീതിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. വിനോദസഞ്ചാരത്തിനുപരിയായി വ്യാപാര മേഖലയില്‍ മുദ്രപതിപ്പിക്കുകയാണ് അജ്്മാന്‍. ഈ എമിറേറ്റിന്റെ വളര്‍ച്ച അതിവേഗത്തിലാണ്. 2017 ലെ ഫെഡറല്‍ കോംപറ്റീറ്റിവിറ്റി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ പ്രകാരം രാജ്യത്തെ നാലാമത്തെ ഏറ്റവും ജനസംഖ്യയുള്ള എമിറേറ്റ് ആണ് അജ്മാന്. അജ്മാനില്‍ നഗരപ്രദേശത്താണ് കൂടുതലാളുകളും താമസിക്കുന്നത്. പട്ടണപ്രദേശം കൂടാതെ മനാമയും മാസ്ഫൗട്ടും ചേര്‍ന്നതാണ് അജ്മാന്. നഈം ഗോത്രത്തിലെ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി മൂന്നാമനാണ് അജ്മാന് ഭരിക്കുന്നത്. കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയാണ്. ആകെ 260 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമാണ് ഈ എമിറേറ്റിനുള്ളത്. മനാമയും മാസ്ഫൗട്ടും രണ്ട് വ്യത്യസ്ത ഭൂപ്രകൃതിയുള്ള പ്രദേശങ്ങളാണ്. അജ്മാന് നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ കിഴക്കായി ഹജ്ജാര്‍ പര്‍വതനിരകളുടെ താഴ്വയിലുള്ള സമതല പ്രദേശത്താണ് മനാമ. മഗ്നീഷ്യം, ക്രോമിയം എന്നിവയുടെ ക്വാറികളും ഖനികളും കൂടാതെ കാര്‍ഷിക മരുപ്പച്ചയും ഇവിടെയുണ്ട്. മാസ്ഫൗട്ട് മലനിര പ്രദേശമാണ്. അജ്മാന് നഗരത്തിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. കൃഷിക്ക് പുറമെ മാര്‍ബിള്‍ ക്വാറികളുമുണ്ട്. ഇതോട് ചേര്‍ന്ന് ചെറിയ പട്ടണവുമുണ്ട്.
അജ്മാന് നഗരപ്രദേശവും മറ്റു പ്രധാനമേഖലകളും ഷാര്‍ജയുമായി അതിര്‍ത്തി പങ്കിടുന്നു. മനാമക്ക് ഷാര്‍ജയും ഫുജൈറയും അതിര്‍ത്തികളുണ്ട്. മാസ്ഫൗട്ട് പ്രദേശം ഒമാന്‍, ദുബൈ, റാസല്‍ഖൈമ എന്നിവയുമായി ചേര്‍ന്ന് കിടക്കുന്നു. മനാമയും മാസ്ഫൗട്ടും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളാണ്. ഇവിടെ വിപുലമായ കൃഷിയുണ്ട്. നിര്‍മ്മാണ സ്ഥാപനങ്ങളും വെയര്‍ഹൗസുകളും ചെറുകിട വ്യവസായങ്ങളും ഫ്രീസോണ്‍ തുറമുഖവും മറ്റു എമിറേറ്റുകളില്‍ നിന്നും അജ്മാനെ വ്യത്യസ്ഥമാക്കുന്നു. എമിറേറ്റിലെ പ്രധാനപ്പെട്ട ഭൂരിഭാഗം ഭൂപ്രദേശങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വളര്‍ന്നു വരുന്ന ടെക്സ്റ്റൈല്‍ വിഭാഗം അജ്മാന്റെ പ്രത്യേകതയാണ്. യുഎഇയിലെ ഏതാണ്ട് 15 ശതമാനത്തിലധികം നിര്‍മ്മാണ സ്ഥാപനങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. ഉല്പാദന മേഖലയില്‍ അജ്മാന് വേഗത്തില്‍ വളരുകയാണ്.
അജ്മാനില്‍ അല്‍ നുഐമി ഭരണം ആരംഭിക്കുന്നത് 1816 ലാണ്. ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയും അദ്ദേഹത്തിന്റെ അമ്പതോളം അനുയായികളും അല്‍ ബു ഷമീസ് നുഐമി ഗോത്രത്തിലെ അംഗങ്ങളില്‍ നിന്ന് അജ്മാനിലെ തീരദേശ വാസസ്ഥലം ഒരു ചെറിയ സംഘര്‍ഷത്തിലൂടെ ഏറ്റെടുത്തു. 1820 ജനുവരി 8 ന്, സര് ഡബ്ല്യുജി കെയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം റാസല്‍ ഖൈമയെ ഇവിടെ നിന്നും പുറത്താക്കുന്നു. 1822 ലെ ബ്രിട്ടീഷ് സമുദ്ര സര്‍വേയില്‍ അജ്മാന് തീരത്തെ ഏറ്റവും മികച്ച കായലുകളിലൊന്നാണെന്നും ഭരണാധികാരിയുടെ വീടായ ഒറ്റ കോട്ടയുള്ള ഒരു ചെറിയ പട്ടണമാണെന്നും രേഖപ്പെടുത്തി. ഇക്കാലത്ത് പല രാഷ്ട്രീയ മാറ്റങ്ങള്‍ക്കും അജ്മാന് സാക്ഷിയായി. നഈം ഗോത്രവിഭാഗത്തില്‍ പെട്ടവരാണ് നുഐമികള്. ഇരുപതാം നൂറ്റാണ്ടോടെ, ട്രൂഷ്യല്‍ സ്റ്റേറ്റുകളുടെ തീരത്ത് ബ്രിട്ടീഷുകാര്‍ നടത്തിയ സര്‍വേയില്‍, അജ്മാന് 750 നിവാസികളുടെ ഒരു ചെറിയ പട്ടണമായി രേഖപ്പെടുത്തുകയും അത് സ്ഥിരീകരിക്കുകയും ചെയ്തു. 1971ഡിസംബര്‍ 2 ന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ കീഴില്‍ അജ്മാന് യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ചേര്‍ന്നു.