കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഹെസന് അവാര്‍ഡ് ലഭിച്ചിരുന്നു
ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച നഴ്സിനെ ജോലിയില്‍ നിന്നും പുറത്താക്കി. ഫലസ്തീന്-അമേരിക്കന്‍ വംശജയായ ഹെസന് ജാബറിനെയാണ് ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റല്‍ പിരിച്ചുവിട്ടത്. ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഹെസന് അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് ഗസ്സയിലേത് വംശഹത്യയാണെന്ന് ഹെസന് വിശേഷിപ്പിച്ചത്.
ഗസ്സ വിഷയത്തിലുള്ള സ്വന്തം കാഴ്ചപ്പാടുകള്‍ ജോലി സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് ലേബര്‍ ആന്‍ഡ് ഡെലിവറി നഴ്സ് ഹെസെന്‍ ജാബറിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി എന്‍യുയു ലാംഗോണ്‍ ഹെല്‍ത്ത് വക്താവ് വ്യക്തമാക്കി. മേയ് 7നായിരുന്നു അവാര്‍ഡ് ദാനച്ചടങ്ങ് നടന്നത്. തുടര്‍ന്ന് കുറച്ചു ആഴ്ചകള്‍ക്ക് ശേഷം തന്നെ പിരിച്ചുവിട്ടുവെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതായി ഹെസന് പറഞ്ഞു.
പ്രസംഗത്തില്‍ യുദ്ധത്തിനിടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഗസ്സയിലെ അമ്മമാരെക്കുറിച്ചും ഹെസന് പരാമര്‍ശിച്ചു. ഗസ്സയില്‍ നടക്കുന്ന വംശഹത്യയില്‍ തന്റെ രാജ്യത്തെ സ്ത്രീകള്‍ സങ്കല്‍പ്പിക്കാനാവാത്ത വിധത്തിലുള്ള നഷ്ടങ്ങളിലൂടെ കടന്നുപോകുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും നഴ്സ് പറഞ്ഞു.’അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും ഈ വംശഹത്യയില്‍ അവര്‍ക്ക് നഷ്ടപ്പെട്ട കുട്ടികളെയും ഓര്‍ത്ത് സങ്കടപ്പെടുമ്പോള്‍ എനിക്ക് അവരെ കൈകള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും, ഞാന്‍ അവരെ ഇവിടെ NYU യില്‍ പ്രതിനിധീകരിക്കുന്നത് തുടരുമ്പോള്‍ അതവരെ അഭിമാനം കൊള്ളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ എന്നും ഹെസന് തന്റെ പ്രസംഗത്തില്‍ പറയുന്നു. ചടങ്ങിന് ശേഷം ജോലിയില്‍ തിരിച്ചെത്തിയെങ്കിലും ഈ പരാമര്‍ശങ്ങളാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിലേക്ക് നയിച്ചതെന്ന് ജാബര്‍ വ്യക്തമാക്കി.