കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനം തകര്ക്കുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്ത്തനമെന്ന് വി. ശിവന്കുട്ടിക്ക് എഴുതിയ കത്തില് പി.കെ നവാസ് ചൂണ്ടിക്കാട്ടി.
പ്ലസ് വണ് പ്രവേശനത്തില് സംവരണ സമുദായങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനം തകര്ക്കുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്ത്തനമെന്ന് വി. ശിവന്കുട്ടിക്ക് എഴുതിയ കത്തില് പി.കെ നവാസ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പില് അടയിരിക്കുന്ന സവര്ണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിര്ത്താന് മന്ത്രി തയാറായില്ലെങ്കില് ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
”സാധാരണ ഗതിയില് മെറിറ്റ് അലോട്ട്മെന്റ് പൂര്ത്തീകരിച്ച ശേഷമാണ് പ്ലസ് വണ് കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന് ആരംഭിക്കാറുള്ളത്. കഴിഞ്ഞ വര്ഷമുള്പ്പെടെ പ്ലസ് വണ് ആദ്യഘട്ട അലോട്ട്മെന്റിനുശേഷം രണ്ടാംഘട്ട അലോട്ട്മെന്റിനു മുന്പായി കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന് ആരംഭിച്ചിരുന്നു. കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനത്തിന്റെ അന്തസത്തയെ തന്നെ തകര്ത്തുകളയുന്ന നടപടിയാണിത്. താങ്കള് അധികാരത്തില് വന്ന ശേഷം ഇത് പരസ്യമായി ലംഘിക്കപ്പെടുകയാണ്.”
സംവരണ അവകാശത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാര്ഥികളെ രണ്ടാംകിട വിദ്യാര്ഥികളായി കാണുന്ന സമീപനം കാലങ്ങളായി ഇടതുസംഘടനകളില് കാണാം. വിദ്യാഭ്യാസ വകുപ്പില് അടയിരിക്കുന്ന ഈ സവര്ണ കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കു നിര്ത്താന് വിദ്യാഭ്യാസ മന്ത്രി തയാറാകണം. കഴിഞ്ഞ തവണകളിലൊക്കെ രേഖാമൂലം എം.എസ്.എഫ് കത്തുനല്കിയിരുന്നു. പക്ഷേ, മന്ത്രി ഈ അനീതിക്ക് കുടപിടിക്കുകയാണ്. ഈ സവര്ണ മേലാള രാഷ്ട്രീയം പ്രതിരോധിക്കും. കേരളത്തിലെ മുസ്ലിം സമുദായം ഉള്പ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള് അട്ടിമറിക്കുന്ന വര്ഗീയ ഭരണത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും എം.എസ്.എഫ് നേതാവ് വ്യക്തമാക്കി.
പി.കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവന്കുട്ടിക്ക് ഒരു തുറന്നകത്ത്.
ഈ കത്ത് കേരളത്തിലെ സംവരണത്തിനുള്ള അവകാശം ലഭിക്കേണ്ട വിദ്യാര്ഥികളോട് താങ്കളുടെ വകുപ്പ് കാണിക്കുന്ന അനീതി ഒരിക്കല് കൂടി ശ്രദ്ധയില്പെടുത്താനാണ്. സാധാരണ ഗതിയില് മെറിറ്റ് അലോട്ട്മെന്റ് പൂര്ത്തീകരിച്ച ശേഷമാണ് പ്ലസ് വണ് കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന് ആരംഭിക്കാറുള്ളത്. കഴിഞ്ഞ വര്ഷമുള്പ്പെടെ പ്ലസ് വണ് ആദ്യഘട്ട അലോട്ട്മെന്റിനുശേഷം രണ്ടാംഘട്ട അലോട്ട്മെന്റിനു മുന്പായി കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന് ആരംഭിച്ചിരുന്നു. ഇതുമൂലം കമ്മ്യൂണിറ്റി ക്വാട്ട എന്ന സംവിധാനത്തിന്റെ അന്തസത്തയെ തന്നെ തകര്ത്തുകളയുകയാണ്.
താങ്കള് അധികാരത്തില് വന്ന ശേഷം ഇത് പരസ്യമായി ലംഘിക്കപ്പെടുന്നു. സംവരണ അവകാശത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാര്ഥികളെ രണ്ടാംകിട വിദ്യാര്ഥികളായി കാണുന്ന സമീപനം കാലങ്ങളായി ഇടതുസംഘടനകളില് കാണാവുന്നതാണ്. വിദ്യാഭ്യാസ വകുപ്പില് അടയിരിക്കുന്ന ഈ സവര്ണ കമ്മ്യൂണിസ്റ്റുകളെ നിലക്ക് നിര്ത്താന് വിദ്യാഭ്യാസ മന്ത്രി തയാറാകണം.
കഴിഞ്ഞ തവണകളിലൊക്കെ താങ്കള്ക്ക് രേഖാമൂലം എം.എസ്.എഫ് കത്തുനല്കിയിരുന്നു. പക്ഷേ, താങ്കള് ഈ അനീതിക്ക് കുടപിടിക്കുകയാണ്. നിശ്ചയമായും താങ്കളുടെ ഈ സവര്ണ മേലാള രാഷ്ട്രീയം ഞങ്ങളുടെ മുഷ്ടികളുയര്ത്തി പ്രതിരോധിക്കും. കേരളത്തിലെ മുസ്ലിം സമുദായം ഉള്പ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള് അട്ടിമറിക്കുന്ന ഈ വര്ഗീയ ഭരണത്തിനെതിരെ ശക്തമായ സമരങ്ങള് രൂപപ്പെടും.
മലബാറിലെ വിദ്യാര്ഥികള്ക്ക് പ്ലസ് വണ് പ്രവേശനം മുസ്ലിം ലീഗ് പാര്ട്ടി ലീഡര് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് മന്ത്രി നല്കിയ ഉറപ്പ് പാലിച്ചില്ലെങ്കില് കേരളത്തില് വലിയ വിദ്യാര്ഥി സമരങ്ങള് നേരിടേണ്ടി വന്ന മന്ത്രിയായി അങ്ങ് വാഴ്ത്തപ്പെടും.