കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.
കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.
ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.
കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.
കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.