പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എം.ടിയെ അനുസ്മരിക്കുന്നു
ഷാര്‍ജ : ചൂടകലുന്നു, രാജ്യം സുഖ കാലാവസ്ഥയിലേക്ക്. വിനോദയിടങ്ങളില് തിരക്കേറി. മരുഭൂമി കയറുന്നവരുടെ എണ്ണം ഉയര്‍ന്നു, ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. വിയര്‍ത്തൊലിപ്പിക്കുന്ന കടുത്ത ചൂടിന് ശമനമായി. കോര്‍ണീഷുകളിലും പാര്‍ക്കുകളിലും സമയം ചിലവഴിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന. സായാഹ്നങ്ങളില്‍ ഇത്തരം വിനോദയിടങ്ങളില് കുടുംബ സമേതം നിരവധി പേരാണ് എത്തുന്നത്. സന്ധ്യ സമയമാവുന്നതോടെ വിനോദ മേഖലകള്‍ ബഹളമയമാവുന്നു. ഷാര്‍ജ കോര്‍ണീഷ്, ബുഹൈറ, അല്‍ മജാസ് തീരങ്ങള്‍ കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രമാണെന്നും.
വാരാന്ത്യ അവധി ദിനങ്ങളില്‍ കുടുംബ സമേതം നൂറുക്കണക്കിന് പേര് ഈ ഭാഗങ്ങളില്‍ വിനോദ പരിപാടികളില്‍ ഏര്‍പ്പെട്ടു. കുട്ടികള്‍ക്കായി സംവിധാനിച്ച കളി ഉപകരണ സാമഗ്രികള്‍ക്ക് വേണ്ടിയുള്ള പിടിവലിയായി പലപ്പോഴും. കാലാവസ്ഥ തണുപ്പ് വരവറിയിച്ചതോടെ മരുഭൂമികളും സജീവമായി. കൗമാരക്കാരും, യുവാക്കളുമാണ് മരുഭൂമി കയറാനെത്തുന്നവരില്‍ അധികം. മരുഭൂമിയില്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നത് അപകടം ക്ഷണിച്ചു വരുത്താനും കാരണമാവുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മൂന്നു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരുഭൂമിയിലേക്ക് വാഹനവുമായി എത്തുന്നവര്‍ ആവശ്യമായ പരിശോധനകള്‍ നടത്തി സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് പോലീസ് അറിയിച്ചു. ഷാര്‍ജയിലെ മരുഭൂമിയില്‍ ബൈക്കില്‍ സാഹസിക യാത്ര നടത്തിയ മൂന്നു സ്വദേശി യുവാക്കളാണ് അപകടത്തില്‍ പെട്ടത്. തത്സമയം തന്നെ ഷാര്‍ജ പോലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിക്കാന്‍ കഴിഞ്ഞതിനാല്‍ ഷാര്‍ജ പോലീസ് നടത്തിയ നീക്കത്തില്‍ യുവാക്കളെ രക്ഷിക്കാനായി. ഷാര്‍ജ അല്‍ ബലാഗി ഏരിയയിലാണ് ഇവര്‍ കുടുങ്ങിയത്. ബൈക്കുകള്‍ മറിഞ്ഞു തകര്‍ന്ന് അപകടം സംഭവിക്കുയായിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സെര്‍ച്ച് ആന്റ് റെസ്യൂഴ്സ് ഓഫ് നാഷണല്‍ ഗാര്‍ഡും ഷാര്‍ജ പോലീസും നടത്തിയ സംയുക്ത നീക്കത്തില്‍ വേഗത്തില്‍ തന്നെ അപകട സ്ഥലം കണ്ടെത്താനും പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികില്‍ത്സ ലഭ്യമാക്കാനും കഴിഞ്ഞു. ശേഷം മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും അപകട നില തരണം ചെയ്തു. മരഭൂമിയില്‍ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. യാത്രക്ക് മുമ്പ് മരുഭൂമിയിലെ സഞ്ചാരത്തിന് വാഹനം യോഗ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ഷാര്‍ജ പോലീസ് നിര്‍ദേശിച്ചു.