27 മില്യണ് ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനും മേഖലയില് അസ്ഥിരത വര്ധിക്കുന്ന സാഹചര്യത്തില് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ജനറല് ഡിപ്പാര്ട്ട്മെന്റ് ഓഫ് സിവില് ഡിഫന്സ് തയാറെടുപ്പുകള് കുവൈത്ത് കാബിനറ്റ് അവലോകനം ചെയ്തു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല് സബാഹിന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗത്തില് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അല്സബാഹ് എല്ലാ സ്റ്റേറ്റ് ബോഡികളുടെയും ശ്രമങ്ങളെ ഏകീകരിക്കേണ്ടതിന്റെ ആവശ്യകതയും കാബിനറ്റിനെ ബോധ്യപ്പെടുത്തി.
ദേശീയ സുരക്ഷയും സ്ഥിരതയും നിലനിര്ത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ സിവില് ഡിഫന്സ് ജനറല് ഡിപ്പാര്ട്ട്മെന്റിലെ നിരവധി ഉദ്യോഗസ്ഥര് വകുപ്പിന്റെ സന്നദ്ധതയെക്കുറിച്ച് കാബിനറ്റിനെ അറിയിക്കുകയും എല്ലാ ബന്ധപ്പെട്ട സര്ക്കാര് സ്ഥാപനങ്ങളും ഏത് അടിയന്തര സാഹചര്യവും നേരിടാന് നന്നായി സജ്ജരാണെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും സുരക്ഷ ഉറപ്പാക്കാന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട സര്ക്കാര് സ്ഥാപനങ്ങള് സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രതിവാര റിപ്പോര്ട്ട് സമര്പ്പിക്കാന് സിവില് ഡിഫന്സിന്റെ ജനറല് ഡിപ്പാര്ട്ട്മെന്റിനെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തു.