ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : അക്ഷരലോകത്ത് രാജ്യാന്തര പ്രഭ ചൊരിയുന്ന ഷാര്‍ജ രാജ്യാന്തര പുസത്കമേള നവംബര്‍ 6 മുതല്‍ 17 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. ‘പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു’ എന്ന പ്രമേയത്തില്‍ നടക്കുന്ന 43-ാമത് മേളയില്‍ ഇന്ത്യയില്‍ നിന്ന് 52 പ്രസാധകര് പങ്കെടുക്കും. ഇതില്‍ ഭൂരിഭാഗവും മലയാളം പ്രസാധകരാണ്. ഹിന്ദി, തമിഴ്, കന്നഡ, ഉറുദു തുടങ്ങിയവരാണ് മറ്റു പ്രസാധകര്. ആകെ 112 രാജ്യങ്ങളില്‍ നിന്ന് 2,520 പ്രസാധകരാണ് പങ്കെടുക്കുമെന്ന് പുസ്തകമേളയുടെ സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി അറിയിച്ചു. അറിവിന്റെയും സംസ്കാരത്തിന്റെയും സര്‍ഗാത്മകതയുടെയും ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈാ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വീക്ഷണമാണ് പുസ്തകമേളയുടെ വിജയത്തിന് കാരണമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു. പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 1,350 ലേറെ പരിപാടികള്‍ അരങ്ങേറും. മേളയുടെ ഔദ്യോഗിക അതിഥികളായി 400 എഴുത്തുകാര്‍ അവരുടെ പുതിയ പുസ്തകങ്ങളുമായെത്തും. മലയാളത്തില്‍ നിന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, ഹിന്ദി കവി വാസി ഷാ, ബോളിവുഡ് നടി ഹുമാ ഖുറേഷി എന്നിവര്‍ പങ്കെടുക്കുമെന്ന് ആദ്യഘട്ടമെന്ന നിലയില്‍ പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ അതിഥികളെ ഉള്‍പ്പെടുത്തും. ഇത്തവണ മൊറോക്കോ ആണ് അതിഥി രാജ്യം. മൊറോക്കോയുടം സാഹിത്യ സാംസ്കാരിക പാരമ്പര്യം പ്രദര്‍ശിപ്പിക്കാന്‍ 100 പേര് പങ്കെടുക്കുന്ന 107 പരിപാടികള്‍ മൊറോക്കോ അവതരിപ്പിക്കും. ആകെ 2,522 അറബ്, രാജ്യാന്തര പ്രസാധകരും പ്രദര്‍ശകരും അവരുടെ ഏറ്റവും പുതിയ തലക്കെട്ടുകളുമായി എത്തിച്ചേരും. ഇതില്‍ 835 അറബ്, 264 വിദേശ പ്രസാധകരാണ്. 234 പ്രസാധകരുമായി ആതിഥേയ രാജ്യമായ യുഎഇ തന്നെയാണ് മുന്നില്‍. ഈജിപ്ത്-172, ലബനന്-88, സിറിയ-58 എന്നീ രാജ്യങ്ങളിലെ പ്രസാധകരുമെത്തും. അറബ് ഇതര രാജ്യങ്ങളില്‍ യുകെയാണ് മുന്നില്‍. 81-പ്രസാധകര് പങ്കെടുക്കും. തൊട്ടുപിന്നില്‍ ഇന്ത്യ-52 പ്രസാധകര്.
62 രാജ്യങ്ങള്‍ അവതരിപ്പിക്കുന്ന 1,357 പരിപാടികളില്‍ 250 അതിഥികള്‍ പങ്കെടുക്കും. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന 600 ശില്പശാലകളാണ് പുസ്തക മേളയുടെ പ്രത്യേകത. എഴുത്തു പരിശീലനം നല്കുന്ന അറബിക്, ഇംഗ്ലീഷ് ശില്പശാലകളില് പങ്കെടുക്കാന്‍ നേരത്തെ പേര് റജിസ്റ്റര്‍ ചെയ്യണം. അറബിക് വര്‍ക് ഷോപ്പുകള്‍ മൂന്ന് ദിവസം വീതം നീണ്ടുനില്‍ക്കും. ഇംഗ്ലിഷില്‍ ഏകദിന ശില്പശാലയാണ്. ത്രില്ലര്‍ എഴുത്ത്, സാഹിത്യ എഡിറ്റിങ്, തെറാപ്പിറ്റിക് റൈറ്റിങ് എന്നിവ ഇതിലുള്‍പ്പെടും. രൂപി കൗര്‍, ഇസബെല്ല മാല്‍ഡൊനാഡോ, അഹമ്മദ് മൗറാദ്, അഹമ്മദ് അബ്ദുല്‍ മജീദ് തുടങ്ങിയ പ്രശസ്ത രാജ്യാന്തര, അറബ് എഴുത്തുകാരാണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കുക. 500 സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് 134 അതിഥികള്‍ സംബന്ധിക്കും. എഴുത്തുകാരും ചിന്തകരും സംഗമിക്കുന്ന സാംസ്കാരിക വേദിയായി മേള മാറും. പ്രമുഖ അറബ്, രാജ്യാന്തര അവാര്‍ഡുകള്‍ നേടിയവര്‍ ഉള്‍പ്പെടെയുള്ള ബുദ്ധിജീവികളെയും കലാകാരന്മാരെയും കാണാനും കേള്‍ക്കാനും സന്ദര്‍ശകര്‍ക്ക് അപൂര്‍വാവസരമാണ് ലഭിക്കുക. ഇതില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള 49 രാജ്യാന്തര പ്രഭാഷകര്‍ ഉള്‍പ്പെടും. 17 രാജ്യങ്ങളില്‍ നിന്നുള്ള 45 അറബ് അതിഥികളും 40 പ്രമുഖ എമിറാത്തി പ്രസംഗകരും പങ്കെടുക്കും. 2023 ലെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് നേടിയ പ്രശസ്ത എഴുത്തുകാരന് ജോര്‍ജി ഗോസ്പോഡിനോവാണ് മേളയില്‍ പങ്കെടുക്കുന്ന പ്രമുഖന്. അദ്ദേഹത്തിന്റെ കൃതികള്‍ 38ലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കനേഡിയന്‍ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ പ്രഫ. ലോറന്‍സ് എം. ക്രൗസ് ആണ് മറ്റൊരു പ്രമുഖന്. ദ് ഫിസിക്സ് ഓഫ് സ്റ്റാര്‍ ട്രക്ക്, യൂണിവേഴ്സ് ഫ്രം നതിങ്, ദ് ഫിസിക്സ് ഓഫ് ക്ലൈമറ്റ് ചേഞ്ച് എന്നിവയാണ് പ്രധാന കൃതികള്‍. ഇവരോടൊപ്പം പാക്കിസ്ഥാന് നോവലിസ്റ്റും പാനി മര് രഹാ ഹേയുടെ രചയിതാവുമായ അംന മുഫ്തിയും ഉണ്ടാകും. തത്സമയ പാചക പരിപാടി, നാടക ശില്പശാലകള്, പ്രസാധക സമ്മേളനം തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും.