ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : 43മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയുടെ ഔദ്യോഗിക പ്രഖ്യാപനമായി. പതിവ് പോലെ നവംബറിലെ ആദ്യ ബുധനാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ പുസ്തക പൂരത്തിന് കൊടിയേറും. ‘ഒരു പുസ്തകത്തില്‍ ആരംഭിക്കുന്നു’ എന്നതാണ് ഇത്തവണത്തെ പുസ്തക മേളയുടെ പ്രമേയം. അതിരുകളില്ലാത്ത അറിവിലേക്കുള്ള പ്രധാന കവാടമായ് ഓരോ പഠനയാത്രയും തുടങ്ങുന്നത് ഒരു പുസ്തകത്തില്‍ നിന്നാണ് എന്ന് വിളിച്ച് പറയുകയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം. ലോകത്ത് തന്നെ പുസ്തക മേളയുടെ ജനപ്രീതിയിലും, സന്ദര്‍ശകരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം നേടിയ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള യു.എ.ഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അക്ഷര സ്നേഹത്തിന്റെ സാക്ഷി മുദ്രയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ഷാര്‍ജ ഭരണാധികാരിയുടെ സജീവ സാന്നിധ്യവും പുസ്തക മേളയുടെ സവിശേഷതയാണ്. പ്രസിദ്ധരായ 1420 പ്രാസാധക കമ്പനികള്‍ ഇത്തവണ ഷാര്‍ജ പുസ്തക മേളയില്‍ സ്റ്റാളുകള്‍ തുറക്കും. 210ല്‍ അധികം ഭാഷകളില്‍ പുറത്തിറങ്ങിയ പുസ്തകങ്ങള്‍ ഇവിടെ വില്‍പ്പനക്ക് നിരത്തും. അനുബന്ധമായി 400 ല്‍ അധികം സാഹിത്യ, കലാ പരിപാടികളും പ്രദര്‍ശനങ്ങളും അരങ്ങേറും.
മൊറോക്കോ ആണ് ഇത്തവണ വിശിഷ്ടാതിഥി രാജ്യം. രാഷ്ട്ര പൈതൃകം ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരമാണ് വിശിഷ്ടാതിഥി പദവിയിലൂടെ മൊറോക്കക്ക് പുസ്തക മേളയില്‍ ലഭിക്കുക. മൊറോക്കന്‍ സാഹിത്യവും സര്‍ഗാത്മകതയും ബന്ധിപ്പിക്കുന്ന പരിപാടികള്‍ പുസ്തക മേള നഗരിയില്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. സാഹിത്യം, സംസ്കാരം, പൈതൃകം, വിജ്ഞാനം, ദര്‍ശനം, കഥ, കവിത, പാചകം, മതം, ശാസ്ത്രം തുടങ്ങി സകല ശാഖകളില്‍ നിന്നുള്ള പുസ്തകങ്ങളും മേളയില്‍ ലഭ്യമാകും. അറബ്, ഇസ്ലാമിക ചരിത്രം പരിചയപ്പെടുത്തുന്ന രചനകളുടെ ശേഖരം കാണാനാവും.
പുസ്തകോത്സവ ഭാഗമായി നിരവധി പുരസ്കാരങ്ങളും സമ്മാനിക്കും. മികച്ച സാഹിത്യ പുരസ്ക്കാരവും, പ്രസിദ്ധീകരണ ശാലക്കുള്ള പുരസ്കാരവും ഉദ്ഘാടന പരിപാടിയില്‍ സമ്മാനിക്കും. പുസ്തക പ്രകാശനം, പുസ്തക പരിചയം, വായന പ്രോത്സാഹന പരിപാടികള്‍, ചര്‍ച്ചകള്‍, ശില്പശാലകള്, സംവാദങ്ങള്‍, കവിയരങ്ങ്, കല പരിപാടികള്‍, കുക്കറി ഷോ, വിവിധ ഭാഷകളില്‍ സാഹിത്യ അനുബന്ധ പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കും. അപ്രാപ്യമെന്ന് കരുതുന്ന പല പ്രമുഖരുമായി സാധാരണ ജനത്തിന് അടുത്ത് സംവദിക്കാനും ഒപ്പിട്ട ഓട്ടോഗ്രാഫുകളും പുസ്തകങ്ങളും സ്വന്തമാക്കാനും പുസ്തക മേള അവസരം നല്‍കും. മേളയില്‍ പങ്കെടുക്കാന്‍ മാത്രമായി കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി എഴുത്തുകാരും മറ്റും ഷാര്‍ജയില്‍ വിമാനമിറങ്ങും.
പരസ്പര പൂരകമായ ലോകത്ത് സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്നതില്‍ പുസ്തകങ്ങളുടെ പങ്ക് എന്നത്തേക്കാളും പ്രധാനമാണെന്ന് മേളയുടെ 43മത് പതിപ്പിനെ കുറിച്ച് ചെയര്‍പേഴ്സണ്‍ ശൈഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് എഴുത്തുകാരെയും ബുദ്ധി ജീവികളെയും കലാകാരന്മാരെയും ഷാര്‍ജയില്‍ ഒന്നിപ്പിച്ചു കൊണ്ട് ഷാര്‍ജ പുസ്തകോത്സവം ഈ ദൗത്യത്തില്‍ തെളിവായി നില്ക്കുന്നു എന്നും ശൈഖ ബുദൂര്‍ പറഞ്ഞു. ഇത്തവണ രണ്ടു ദശ ലക്ഷത്തിലധികം സന്ദര്‍ശകര്‍ പുസ്തക മേളക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക, അറബ് അന്തര്‍ദേശീയ പ്രസാധകരുടെ വൈവിധ്യമാന്ന സമ്മേളനവും, വിവിധ വിഭാഗങ്ങളിലെ വിശിഷ്ടരായ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും സര്‍ഗാത്മക പ്രവര്‍ത്തകരുടെയും സംഗമവുമായി പുസ്തകോല്‍സവം മാറും. രചയിതാക്കളും, വിവര്‍ത്തകരും, ചരിത്രകാരന്മാരും വായനക്കാരുമായി സംവദിക്കും. 11 ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 17ന് പുസ്തക മേളയുടെ കൊടിയിറങ്ങും.