ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : സ്വര്‍ണക്കടത്ത് കേസുകള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യുന്നത് മലപ്പുറത്താണെന്നും ഇങ്ങനെ ലഭിക്കുന്ന തുക ജില്ലയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നുമുള്ള ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. സംഭവം വിവാദമായപ്പോള്‍ പിആര്‍ ടീമിന്റെ തലയിലിട്ട് തടിയൂരാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നത്. ഒരു ദിവസം മുഴുവന്‍ ഒരു ജില്ലയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ദി ഹിന്ദുവിന്റെ വിശദീകരണം വന്നത്. ഇതില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയാറാവണം. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോഴും മുഖ്യമന്ത്രി ഇതിനോട് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഒരു കമ്മൂണിസ്റ്റ് നേതാവില്‍ നിന്ന് മാറി ആര്‍എസ്എസ് നേതാവിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന നടപടിയില്‍ നിന്ന് മുഖ്യമന്ത്രിയും പൊലീസും പിന്മാറണമെന്നും മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണമെന്നും കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി മുസ്തഫ കാരി ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.