റോഡ് സുരക്ഷ : രണ്ടാംഘട്ട ബോധവത്ക്കരണവുമായി അബുദാബി പൊലീസ്
കുവൈത്ത് സിറ്റി : കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കാത്ത പൗരന്മാരുടെ പട്ടിക സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി കുവൈത്ത് ബാങ്കിംഗ് അസോസിയേഷന് കൈമാറിയതായി ബാങ്കിംഗ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. വിരലടയാളം പൂര്‍ത്തിയാക്കാത്ത പൗരന്മാര്ക്കുള്ള എല്ലാ സിവില്‍ കാര്‍ഡ് സേവനങ്ങളും മരവിപ്പിക്കാന്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ പട്ടികയാണ് കഴിഞ്ഞ വാരാന്ത്യം കൈമാറിയതെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ അറിയിച്ചു. സമയപരിധി അവസാനിച്ച ഉടന്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുവേണ്ടിയാണ് ഉപഭോക്താക്കളുടെ പേരുകള്‍ അടങ്ങിയ പട്ടിക ബാങ്കുകള്‍ക്ക് നല്‍കിയത്. കുവൈത്ത് പൗരന്മാര്ക്കുള്ള ബയോമെട്രിക് വിരലടയാളം ശേഖരിക്കാനുള്ള അവസാന തീയതി 2024 സെപ്തംബര്‍ 30വരെയാണ്. ഒക്ടോബര്‍ 1 മുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. തടസ്സങ്ങളില്ലാതെ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശമയക്കുന്നുണ്ട്. ബയോമെട്രിക് വിരലടയാള നടപടികള്‍ വേഗത്തിലാക്കണമെന്നും ഇതിനായി ഒരുക്കിയ സേവന കേന്ദ്രങ്ങള്‍ ഉപയൊഗപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്. 2023 മെയ് മാസമാണ് ബയോ മെട്രിക്ക് വിരലടയാള ശേഖരണം തുടങ്ങിയത്. വിദേശികള്‍ക്ക് ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. വിരലടയാളം പൂര്‍ത്തിയാക്കാത്ത കുവൈത്തിലെ വിദേശ പൗരന്മാരുടെ സിവില്‍ കാര്‍ഡ് ഇടപാടുകള്‍ ഡിസംബര്‍ 31 ന് ശേഷമാകും മരവിപ്പിക്കുക. സേവന കേന്ദ്രങ്ങളില്‍ വിദേശ പൗരന്മാര്ക്കും ബയോമെട്രിക്ക് വിരലടയാളം നല്‍കുന്നതിന് സൗകര്യമുണ്ട്. വേഗത്തില്‍ വിരലടയാളം പൂര്‍ത്തീകരിക്കുന്നതാണ് ഉചിതം.