പുതുവത്സര ആഘോഷങ്ങൾ റാസൽ ഖൈമയിലാണോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ…
കുവൈത്ത് സിറ്റി: കുവൈത്തിലെ സമുദ്രജല ശുചീകരണ പ്ലാന്റുകളുടെ നിര്‍മ്മാണത്തിന് ഫ്രഞ്ച് കമ്പനികള്‍ നിക്ഷേപ സന്നദ്ധത അറിയിച്ചതായി വൈദ്യുതജല മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ശുചീകരണ പ്ലാന്റുകളുടെ നിര്‍മ്മാണ പദ്ധതിയുമായി ‘ഓസ്മോസണ്’ എന്ന ഫ്രഞ്ച് കമ്പനിയാണ് കുവൈത്തില്‍ നിക്ഷേപമിറക്കുന്നത്.
ഗുണമേന്മയുള്ള ശുദ്ധ ജലം ഉല്പ്പാദിപ്പിക്കുന്നതോടോപ്പം, വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്ക് അനുസൃതമായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയും കമ്പനിക്കുണ്ട്. പ്രതിദിനം 50,000 ക്യുബിക് മീറ്ററില്‍ കൂടുതല്‍ ഉല്‍പ്പാദന ശേഷിയാണ് കമ്പനി ഉറപ്പു നല്‍കുന്നത്. നിലവിലുള്ള സമുദ്രജല ശുചീകരണ പ്ലാന്റുകളെ അപേക്ഷിച്ച് ഇന്ധനം ഉപയോഗിയ്ക്കാതെ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. കുറഞ്ഞ ചെലവില്‍ കാര്യക്ഷമതയോടെ ശുദ്ധ ജലം ഉല്‍പ്പാദിപ്പിക്കുന്നതിന് സൗരോര്‍ജ്ജ ശുചീകരണ പ്ലാന്റുകള്‍ക്ക് കഴിയുമെന്നാണ് കണക്കാക്കുന്നത്. ഇന്ധന പ്ലാന്റുകള്‍ ശുദ്ധജലം ഉല്‍പ്പാദിപ്പിക്കാന്‍ വലിയ അളവില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്നുണ്ട്. സൗരോര്‍ജ്ജ പ്ലാന്റുകളില്‍ നിന്നും കാര്‍ബണ്‍ ബഹിര്‍ഗമനം തീരെ ഉണ്ടാകില്ലെന്നാണ് കമ്പനി അധികൃതര്‍ ഉറപ്പു നല്‍കുന്നത്.
സമുദ്ര ജലം ശുചീകരിച്ചാണ് കുവൈത്തിന്റെ ശുദ്ധജല ആവശ്യങ്ങള്‍ നിറവേറ്റുന്നത്.1951ലാണ് കുടിവെള്ളത്തിനായി സമുദ്ര ജലം ശുദ്ധീകരിച്ച് കുടിവെള്ളം ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ കുവൈത്ത് നടപ്പിലാക്കുന്നത്. സമുദ്ര ജലം ശുദ്ധീകരിച്ച് കുടിവെള്ളം ഉല്പാദിപ്പിക്കാനുള്ള പ്ലാന്റ് നിര്‍മ്മിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് കുവൈത്ത്. ദോഹ വെസ്റ്റ് സ്റ്റേഷനിലും മറ്റ് സ്റ്റേഷനുകളിലുമാണ് സൗരോര്‍ജ്ജ ശുദ്ധജല പ്ലാന്റ് നിര്‍മ്മിക്കാന്‍ വൈദ്യുതിജല വകുപ്പ് പദ്ധതി തയാറാക്കുന്നത്.