ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
കുവൈത്ത് സിറ്റി : ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കാത്ത പൗരന്മാര്ക്കുള്ള എല്ലാ സിവില്‍ കാര്‍ഡ് ഇടപാടുകളും മരവിപ്പിക്കാനും സര്‍ക്കാരിലേക്കുള്ള അപേക്ഷകള്‍ മാറ്റിവെക്കാനും ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ നിര്‍ദ്ദേശം ലഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. കുവൈത്ത് പൗരന്മാര്ക്കുള്ള ബയോമെട്രിക് വിരലടയാളം ശേഖരിക്കാനുള്ള അവസാന തീയതി 2024 സെപ്തംബര്‍ 30വരെയാണ്. തടസ്സങ്ങളില്ലാതെ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ ബയോ മെട്രിക് നടപടിക്രമം പൂര്‍ത്തിയാക്കാത്ത പൗരന്മാര് എത്രയും വേഗം സേവന കേന്ദ്രങ്ങളിലെത്തി പൂര്ണ്ണമാക്കേണ്ടതാണെന്ന് പബ്ലിക് അതോറിറ്റി അറിയിച്ചു. 2023 മെയ് മാസമാണ് ബയോ മെട്രിക്ക് വിരലടയാള ശേഖരണം തുടങ്ങിയത്.
രാജ്യത്ത് ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാത്തവരായി 11 ലക്ഷത്തോളം പേര് ഇനിയും അവശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പേര്‍സണല്‍ ഇന്‍വെസ്റ്റിഗഷന്‍ ഡിപ്പാര്‍ട്മെന്റ് മേധാവി ലെഫ്റ്റനന്റ് കേണല്‍ ഹമദ് ജാസിം അല്‍ ശമ്മാരി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതില്‍ ഒരു ലക്ഷത്തി പതിനായിരം പേര് സ്വദേശികളും ഏഴു ലക്ഷത്തി തൊണ്ണൂറായിരം പേര് വിദേശികളുമാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന മാളുകളില്‍ സജ്ജീകരിച്ച സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 30 ന് അവസാനിപ്പിക്കും.
പൗരത്വ രഹിതരായ ‘ബിദൂനികള്‍’ക്കും വിരലടയാളം ശേഖരിക്കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജനറല്‍ ഡിപ്പാര്‍ട്ട്മന്റ്, സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ റെമെഡീയിംഗ് ഇല്ലീഗല്‍ റസിഡന്‍സ് സ്റ്റാറ്റസ് എന്നിവ വഴിയാണ് ബിദൂനികള്‍ ബയോ മെട്രിക്ക് പൂര്‍ത്തീകരിക്കേണ്ടത്. വിദേശികള്‍ക്ക് ഡിസംബര്‍31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. വിരലടയാളം പൂര്‍ത്തിയാക്കാത്ത കുവൈത്തില്‍ വസിക്കുന്ന വിദേശ പൗരന്മാരുടെ സിവില്‍ കാര്‍ഡ് ഇടപാടുകള്‍ ഡിസംബര്‍ 31 ന് ശേഷം മരവിപ്പിക്കുന്നതാണ്. രാജ്യത്ത് അധിവസിക്കുന്ന മനുഷ്യരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് സൂക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ബയോ മെട്രിക്ക് പദ്ധതി ഊര്‍ജ്ജിതമാക്കുന്നത്.