കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ന്യൂഡല്ഹി : 2024-25 രഞ്ജി ട്രോഫി സീസണിലെ ഡല്ഹി ടീമിന്റെ സാധ്യതാ ലിസ്റ്റില് വിരാട് കോലിയുടെയും ഋഷഭ് പന്തിന്റെയും പേരുകള്. ദീര്ഘവര്ഷങ്ങള്ക്കുശേഷം കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുമോ എന്നാണ് ആരാധകര് ഉറ്റുനോക്കുന്നത്. ഡല്ഹി ആന്ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ.) പുറത്തുവിട്ട 84 അംഗ ലിസ്റ്റിലാണ് ഇരുവരുടെയും പേരുകളുള്ളത്.
കഴിഞ്ഞ സീസണില് ഡല്ഹിയിലുണ്ടായിരുന്ന ഇഷാന്ത് ശര്മ ഇത്തവണ സ്ക്വാഡില് ഉള്പ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒക്ടോബര് 11-നാണ് രഞ്ജി ട്രോഫി ആരംഭിക്കുക. ചണ്ഡിഗഢിനെതിരെയാണ് ഡല്ഹിയുടെ ആദ്യ മത്സരം. അതേസമയം ഇരുവരെയും അന്തിമ ലിസ്റ്റില് ഉള്പ്പെടുത്തുമോ എന്നത് നിശ്ചയമില്ല. ഒക്ടോബര് 16-ന് ഇന്ത്യക്ക് ന്യൂസീലന്ഡിനെതിരേ ബെംഗളൂരുവില് ടെസ്റ്റുണ്ട്.
2018-ന് ശേഷം ഇതാദ്യമായാണ് കോലി ഡല്ഹിയുടെ രഞ്ജി ട്രോഫി സാധ്യതാ പട്ടികയില് ഉള്പ്പെടുന്നത്. കോലി രഞ്ജി ട്രോഫിയില് അവസാനമായി കളിച്ചിട്ട് പതിനൊന്ന് വര്ഷമായി. 2012-13 സീസണിലാണ് കോലി അവസാന രഞ്ജി കളിച്ചത്. 2015 മുതല് 17 രഞ്ജി ട്രോഫി മത്സരങ്ങള് കളിച്ചിട്ടുണ്ട് ഋഷഭ് പന്ത്. 2016-17 സീസണില് 48 പന്തുകളില് രഞ്ജി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിക്കൊണ്ട് പന്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാര്ഖണ്ഡിനെതിരെയായിരുന്നു ആ മത്സരം.