ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ധന മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ശമ്പളം, ചരക്കുകള്‍, വിമാന ടിക്കറ്റുകള്‍, ഇതര സേവനങ്ങള്‍, വിനോദം തുടങ്ങിയ ഇനങ്ങളില്‍ വ്യത്യസ്ത നിരക്കുകളില്‍ കുവൈത്ത് സര്‍ക്കാര്‍ നികുതി ചുമത്താന്‍ തീരുമാനിച്ചു എന്ന വിധമാണ് സാമൂഹിക മാധ്യങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചത്. സ്വദേശികളും പ്രവാസികളുമടക്കം പൊതുജനം ആശങ്കകളുമായി അധികൃതരെ സമീപിച്ചതോടെയാണ് മന്ത്രാലയം പത്രക്കുറിപ്പിറക്കിയത്. 2.5 ശതമാനം ആദായനികുതി ശമ്പളത്തില്‍ നിന്ന് നേരിട്ട് കുറയ്ക്കുമെന്നും റേഷന്‍ ഒഴികെയുള്ള അടിസ്ഥാന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും 1% വാറ്റ് ഏര്‍പ്പെടുത്തുമെന്നുമായിരുന്നു വാര്‍ത്ത.
ഇസ്ലാമിക രാജ്യങ്ങളിലെ ടാക്സ് അതോറിറ്റി യൂണിയനില്‍ കുവൈത്ത് അംഗമായ വാര്‍ത്ത കഴിഞ്ഞ ദിവസം ധന മന്ത്രാലയം പുറത്തുവിട്ടിരുന്നു. നികുതി ഭരണം മെച്ചപ്പെടുത്തുക, സക്കാത്ത് സംബന്ധിച്ചുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയാണ് ടാക്സ് അതോറിറ്റി യൂണിയന്റെ കര്‍മ്മ മേഖല. ഈ വര്ത്തയെത്തുടര്ന്നാണ് കുവൈത്തില്‍ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിക്കാന്‍ ഇടയായത്.