കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയിലേഴ്സ് ഫൈനലില്‍. സെമിയില്‍ തൃശ്ശൂര്‍ ടൈറ്റന്‍സിനെ 16 റണ്‍സിന് പരാജയപ്പെടുത്തിയാണ് കൊല്ലം ഫൈനല്‍ ടിക്കറ്റെടുത്തത്. കൊല്ലം സെയിലേഴ്സുയര്ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തൃശ്ശൂരിന് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനേ ആയുള്ളൂ. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സാണ് കൊല്ലത്തിന്റെ എതിരാളികള്‍.
കൊല്ലം സെയിലേഴ്സുയര്ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തൃശ്ശൂര്‍ ടൈറ്റന്‍സ് മൂന്നാം ഓവറില്‍ തന്നെ 40 റണ്‍സിലെത്തി. പിന്നാലെ അടിച്ചുകളിച്ച വിഷ്ണു വിനോദിന്റെ(37) വിക്കറ്റ് നഷ്ടമായി. ആനന്ദ് സാഗര്‍(5), അഭിഷേക് പ്രതാപ്(5), അഹമമ്ദ് ഇമ്രാന്(1) എന്നിവരും വേഗത്തില്‍ മടങ്ങിയതോടെ തൃശ്ശൂര്‍ പ്രതിരോധത്തിലായി.
ക്രീസിലൊന്നിച്ച അക്ഷയ് മനോഹറും വരുണ്‍ നായനാരുമാണ് ടീമിനെ കരകയറ്റിയത്. അക്ഷയ് 48 റണ്‍സും വരുണ്‍ 33 റണ്‍സുമെടുത്ത് പുറത്തായി. പിന്നാലെ വന്നവര്‍ക്കാര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നിധീഷ് 22 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത് പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കൊല്ലത്തിനായി ബേസില്‍ മൂന്ന് വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഏരീസ് കൊല്ലം സെയിലേഴ്സ് നിശ്ചിത 20-ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. അഭിഷേക് നായറിന്റെ സെഞ്ചുറിയും സച്ചിന് ബേബിയുടെ അര്‍ധസെഞ്ചുറിയുമാണ് കൊല്ലത്തിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
തകര്‍ത്തടിച്ചു തുടങ്ങിയ കൊല്ലത്തിന് ടീം സ്കോര്‍ 48 നില്‍ക്കേയാണ് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. അരുണ്‍ പൗലോസാണ്(15) പുറത്തായത്. പിന്നാലെ ക്രീസിലൊന്നിച്ച അഭിഷേക് നായറും സച്ചിന് ബേബിയും ടീമിനെ കൂറ്റന്‍ സ്കോറിലെത്തിച്ചു. ഇരുവരും ചേര്‍ന്ന് ടീമിനെ 200-കടത്തി. 61-പന്തില്‍ നിന്ന് 103 റണ്‍സെടുത്ത അഭിഷേക് റണ്ണൗട്ടായി. 11 ഫോറുകളും ആറ് സിക്സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 49 പന്ത് നേരിട്ട സച്ചിന് ബേബി 83 റണ്‍സെടുത്തു. തൃശ്ശൂരിനായി ഇഷാഖ് ഒരുവിക്കറ്റെടുത്തു.