കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
കുട്ടികളുടെ സോഷ്യല് മീഡിയയുടെ ഉപയോഗത്തിന് പ്രായപരിധി ഏര്പ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ. കുട്ടികളുടെ മാനസികാരോഗ്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.യുവതലമുറയുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി ആന്റണി ആല്ബനീസ് പറഞ്ഞു. സോഷ്യല് മീഡിയ ഉപയോഗം ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുന്നു. കുട്ടികളെ യഥാര്ത്ഥ സുഹൃത്തുക്കളില് നിന്നും അനുഭവങ്ങളില് നിന്നും സോഷ്യല് മീഡിയ അകറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
‘ഓസ്ട്രേലിയയിലെ യുവാക്കള്ക്ക് മെച്ചപ്പെട്ട ജീവിതം വേണം. കുട്ടികളെ ഇത്തരം വിപത്തുകളില് നിന്ന് സംരക്ഷിക്കുന്നതില് ഞങ്ങള് പ്രതിജ്ഞാബദ്ധരാണ്. ഇക്കാര്യത്തില് ഞങ്ങള് മാതാപിതാക്കളോടൊപ്പം അണിചേരുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഈ നിയമനിര്മാണത്തിലൂടെ മാതാപിതാക്കളെ തങ്ങള് പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കുട്ടികള് അശ്ലീല ഉള്ളടക്കം കാണുന്നത് തടയാന് ഇന്റര്നെറ്റ് കമ്പനികള് പ്രത്യേകം സംവിധാനം ഒരുക്കണമെന്നും ഓസ്ട്രേലിയന് സര്ക്കാര് ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവര്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്ക്കാര് വ്യക്തമാക്കി. പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ സോഷ്യല് മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതില് ആഗോള തലത്തില് തന്നെ നിരവധി വെല്ലുവിളികള് നേരിടേണ്ടി വരുന്നുണ്ട്. നിയമതടസങ്ങളും, സാങ്കേതിക രംഗത്തെ വെല്ലുവിളികളും ഇക്കാര്യത്തില് തടസം സൃഷ്ടിക്കുന്നുണ്ട്.
അതേസമയം കുട്ടികളുടെ സോഷ്യല് മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്ക് കൃത്യമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള് രംഗത്തെത്തുകയാണെന്ന് ഓസ്ട്രേലിയയിലെ കമ്യൂണിക്കേഷന് വകുപ്പ് മന്ത്രി മിഷേല് റൗലണ്ട് പറഞ്ഞു. പുതിയ നിയമനിര്മാണത്തിലൂടെ കുട്ടികളിലെ സുരക്ഷിതമായ ഇന്റര്നെറ്റ് ഉപയോഗം ഉറപ്പാക്കുമെന്നും അവര് പറഞ്ഞു.’’ പെണ്മക്കളുടെ അമ്മയും കമ്യൂണിക്കേഷന് മന്ത്രിയുമെന്ന നിലയില് കുട്ടികളുടെ ഇന്റര്നെറ്റ് ഉപയോഗത്തെക്കുറിച്ചും സോഷ്യല് മീഡിയ അവരിലുണ്ടാക്കുന്ന ആസക്തിയെക്കുറിച്ചും ഞാന് മനസിലാക്കുന്നു,’’ മിഷേല് റൗലണ്ട് പറഞ്ഞു.