
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
കോഴിക്കോട് : എഡിജിപി എം.ആര് അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇത് പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്നും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളരാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയില്‍ നിന്നു തന്നെ ശരിയായ പ്രതികരണം ഉണ്ടാവണം. ഇത്രയും ഗൗരവമുള്ള പ്രശ്നത്തില്‍ മൗനം ഭൂഷണമല്ല. നിജസ്ഥിതി വെളിവാക്കാതിരിക്കുന്നത് ശരിയല്ല. എല്ലാവരെയും ഒരേസമയം വഞ്ചിക്കാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നത്തിലും മതവിശ്വാസികളുടെ വിഷയത്തിലുമൊക്കെ എല്ലാവരെയും വഞ്ചിച്ച് ഇടതുമുന്നണിയും ബിജെപിയും ഒരുപോലെ പ്രവര്‍ത്തിക്കുന്നു. കേരളീയ മതേതര സമൂഹത്തിന് ഞെട്ടലുണ്ടാക്കുന്ന വിഷയമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ബിജെപിയുടേത്. തൃശൂരില്‍ പൂരം കലക്കിയാണ് തെരഞ്ഞുടുപ്പില്‍ ജയിച്ചത്. വിശ്വാസികളെ അപമാനിച്ച് നേടിയ വിജയമാണ്. വോട്ട് കിട്ടാന്‍ വേണ്ടി എന്തും ചെയ്യുമെന്നാണ് വ്യക്തമായിരിക്കുന്നത്. പൂരം വിശ്വാസികളെ സംബന്ധിച്ചിടത്തോളം പവിത്രമായ കാര്യമാണ്. അതുപോലെ തന്നെ ഒഫീഷ്യല്‍ സംവിധാനം ദുരുപയോഗപ്പെടുത്തി കൃത്രിമ വിജയമുണ്ടാക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് പറയുന്നത് കേരള രാഷ്ട്രീയത്തില്‍ മുമ്പെങ്ങും കേള്‍ക്കാത്തതാണ്. ഇത്രയും ഗൗരവമായ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.