ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
ബലിപെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി യുഎഇ
അബുദാബി/ ദുബൈ: ഇബ്രാഹീമി മില്ലത്തിനെ പിന്‍പറ്റുന്ന ലോകമുസ്ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങി. ത്യാഗസമ്പന്നവും സമര്‍പ്പിത ജീവിതത്തിനും മാതൃകയായ ഇബ്രാഹീം നബിയുടെയും പത്നി ഹാജറയുടെയും പുത്രന് ഇസ്മാഈലിന്റെ ജീവിത സന്ദര്‍ഭങ്ങളെ സ്മരിക്കുന്ന ഈദുല്‍അദ്ഹ ലോകത്തിന് വലിയ സന്ദേശമാണ് നല്‍കുന്നത്. ലോകം മുഴുവന്‍ ആഘോഷത്തിന് തയ്യാറെടുക്കുമ്പോള്‍ യുഎഇയിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മസ്ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. തുടര്‍ന്ന് നടക്കുന്ന ബലികര്‍മങ്ങള്‍ക്കായി വിവിധ എമിറേറ്റുകളിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ വിപുലവും സംശുദ്ധവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പെരുന്നാള്‍ നമസ്കാരങ്ങള്‍ക്കും ബലികര്‍മ്മങ്ങള്‍ക്കും ശേഷം കുടുംബങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള സംഗമങ്ങളും സജീവമാവും. ഗള്‍ഫ് ലോകത്ത് പെരുന്നാള്‍ വലിയ ആഘോഷം തന്നെ. യുഎഇയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി. വിവിധ പ്രവാസി സംഘടനകളും പ്രത്യേക പെരുന്നാള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പെരുന്നാളിനെ വരവേല്‍ക്കാനായി യുഎഇയുടെ തെരുവുകള്‍ ദീപാലങ്കാരങ്ങള്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. പെരുന്നാള്‍ ദിവസങ്ങളില്‍ രാത്രിയിലുള്ള കരിമരുന്നു പ്രയോഗവുമുണ്ടാവും. അതോടൊപ്പം പെരുന്നാള്‍ പ്രമാണിച്ച് മുന്‍നിര ഷോപ്പില്‍ മാളുകള്‍ വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അവധിക്കാലം ആസ്വദിക്കാന്‍ നാട്ടില്‍ പോകുന്നവര്‍ക്കും പെരുന്നാള്‍ ഷോപ്പിംഗ് ഒരു പരിധിവരെ ആശ്വാസകരമാകും. വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോകളും വിവിധയിടങ്ങളിലായി നടക്കും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ജൂണ്‍ 16 ഞായറാഴ്ച വൈകുന്നേരം 6.30 മുതല്‍ ആദില്‍ അത്തു, ആസിഫ് കാപ്പാട്, സജിലാ സലിം തുടങ്ങിയ ഗായകര്‍ നേതൃത്വം നല്കുന്ന ഈദ് ഇശല്‍ നിലാവ് അരങ്ങേറും. ഇന്ത്യ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഷാര്‍ജ ഇന്ത്യന്‍ അസോസിഷന് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. അബുദാബിയിലും ദുബൈയിലും വെടിക്കെട്ട് ഷോയും നടക്കും. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വ വരെ അവധി ആഘോഷിക്കുന്നതിനായി യുഎയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്. ദുബൈ റിവര്‍ലാന്റില്‍ ജൂണ്‍ 16,17 തിയ്യതികളില്‍ രാത്രി 9 മണിക്ക് കരിമരുന്ന് പ്രദര്‍ശനമുണ്ടാവും. അബുദാബിയിലും അല്‍ഐനിലും അഞ്ചു മിനിറ്റ് നീണ്ടുനില്‍ക്കുന്ന കരിമരുന്ന് പ്രദര്‍ശനത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അബുദാബി കോര്‍ണിഷില്‍ ജൂണ്‍ 16ന് രാത്രി 9 മണിക്കും യാസ് ഐലന്റിലും ഹുദരിയാത്ത് ഐലന്റിലും രാത്രി 9ന് വെടിക്കെട്ടുണ്ടാവും. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പെരുന്നാള്‍ പ്രമാണിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.