ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായി ആഘോഷിച്ചു. അബുദാബി ഇന്ത്യന്‍ എംബസിയിലും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും വര്‍ണാഭമായ ആഘോഷ പരിപാടികള്‍ നടന്നു. എംബസിയില്‍ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും കോണ്‍സുലേറ്റില്‍ സതീഷ് കുമാര്‍ ശിവയും ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സംഗീത നൃത്തവും അരങ്ങേറി. നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ സംബന്ധിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ ഊഷ്മളമാണെന്നും ഇന്ത്യന്‍ സമൂഹം യുഎഇയിലെ മുഖ്യഘടകമായി മാറിയിട്ടുണ്ടെന്നും സഞ്ജയ് സുധീര്‍ പറഞ്ഞു. ദുബൈയില്‍ ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഓഫീസും അബുദാബിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡല്‍ഹി (ഐഐടിഡി) അബുദാബി ക്യാംപസും വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലുകളാണെന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. യുഎഇയിലെ 105 സിബിഎസ്ഇഅഫിലിയേറ്റ് സ്കൂളുകള്‍ക്കും ഇവിടെ പഠിക്കുന്ന 325,000 കുട്ടികള്‍ക്കും സേവനം നല്‍കുന്നതിനായി ദുബൈയിലെ സിബിഎസ്ഇ ഓഫീസ് കഴിഞ്ഞ മാസമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അബുദാബിയില്‍ ഡല്‍ഹി ഐഐടി മാസ്റ്റേഴ്സ് പ്രോഗ്രാം ഈ വര്‍ഷം തുടക്കത്തില്‍ ആരംഭിച്ചു. കൂടാതെ 2024 സെപ്റ്റംബറില്‍ ഫ്ലാഗ്ഷിപ് ബാച്ചിലേഴ്സ് പ്രോഗ്രാം ആരംഭിക്കും. ഈ വര്‍ഷം ഫെബ്രുവരിയില്‍ മധ്യപൂര്‍വദേശത്തെ ആദ്യത്തെ പരമ്പരാഗത ശിലാ ക്ഷേത്രത്തിന്റെ ഉദ്ഘാടനം വളര്‍ന്നുവരുന്ന ബന്ധത്തിന്റെ തിളങ്ങുന്ന ഉദാഹരണമായി സ്ഥാനപതി വിശേഷിപ്പിച്ചു. യുഎഇയില്‍ ആകെ 35 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നും വ്യക്തമാക്കി. ഇത് ലോകത്തിലെ ഏറ്റവും വലുതും ജിസിസിയിലെ 45 ശതമാനം ഇന്ത്യന്‍ പൗരന്മാരുമാണ്.