കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഗസ്സ : ഫലസ്തീനികള്‍ ഗസ്സയില്‍ നിന്നും കൂട്ടത്തോടെ കുടിയൊഴിയുന്നു. ജനവാസ മേഖലകളില്‍ ഇസ്രാഈല്‍ ക്രൂരമായ ബോംബാക്രമണം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 75,000 ലധികം ആളുകള്‍ പലായനം ചെയ്തതായി ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി വെളിപ്പുടുത്തി. ഇപ്പോള്‍ കുടിയിറക്കപ്പെടുന്നവര്‍ പ്രത്യേക ലക്ഷ്യസ്ഥാനങ്ങളില്ലാതെ തിങ്ങിനിറഞ്ഞ ഷെല്‍ട്ടറുകളില്‍ അഭയം തേടുകയാണെന്നും എല്ലാം നഷ്ടപ്പെട്ട ഇവര്‍ക്ക് സഹായം അനിവാര്യമാണെന്നും യുഎന്‍ ഏജന്‍സി കമ്മീഷണര്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. കഴിഞ്ഞ ദിവസം അല്‍ തബിന്‍ സ്കൂളിനു നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തെ കടുത്ത ഭാഷയില്‍ വിമാര്‍ശിച്ച് യുഎഇ. 12 പേരുടെ മരണത്തിനും നൂറു കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കാനും കാരണമായ അക്രമണം അംഗീകരിക്കാനാവില്ല. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധ മര്യാദകളുടെ ലംഘനമാണ്. അടിയന്തരമായി ദുരിതാശ്വാസം എത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തകരുടെ വഴി തടയരുത്. കൂടുതല്‍ ജീവഹാനി ഉണ്ടാകുന്നത് തടയാന്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. രാജ്യാന്തര കരാറുകളും രാജ്യാന്തര നിയമങ്ങളും ലംഘിക്കപ്പെടരുത്. ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം നിര്‍ത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലും യുഎഇ അഭ്യര്‍ഥിച്ചു. ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളിനു നേരെയുണ്ടായ ആക്രമണത്തെ അറബ് ലീഗും അപലപിച്ചു. ഇസ്രാഈലിന്റേത് ഭീരുത്വ നടപടിയാണെന്നും അവരുടെ പട്ടാളത്തിനു നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂള്‍ ഗെയ്ത് പറഞ്ഞു. തടവിലുള്ളവരെ മോചിപ്പിച്ചു കൊണ്ട് അടിയന്തര യുദ്ധവിരാമം യാഥാര്‍ഥ്യമാക്കണമെന്നും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. ഇസ്രാഈല്‍ അക്രമണത്തെ ദ് മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സും അപലപിച്ചു. ദുരിതാശ്വാസ ക്യാംപിന് നേരെ നടത്തിയ ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നു അല്‍ അസര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ തായേബ് പറഞ്ഞു. ആക്രമണം അവസാനിപ്പിക്കണമെന്നും പരുക്കേറ്റവര്‍ക്കു വൈദ്യ സഹായം ഉള്‍പ്പെടെ അടിയന്തരമായി എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.