
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ന്യൂഡല്‍ഹി : വിവാദമായ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് മനപൂര്‍വം വൈകിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ബജറ്റ് സമ്മേളന കാലയളവില്‍ തന്നെ ബില്ലുകളുടെ കോപ്പി കേന്ദ്രം എംപിമാര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ശീതകാല സമ്മേളനത്തിലായിരിക്കും രാജ്യസഭയില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കുക.
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇതിന് മുന്‍പ് നടക്കാനിരിക്കുന്നതിനാല്‍ രാജ്യസഭയില്‍ അതിന് ശേഷം മതിയായ ഭൂരിപക്ഷം ലഭിച്ചേക്കും എന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഇത് കൂടാതെ നാല് നോമിനേറ്റഡ് അംഗങ്ങളുടെ ഒഴിവുകളും നികത്താനുണ്ട്. സെപ്തംബര്‍ 3 ന് നടക്കുന്ന 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പരമാവധി സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.
അടുത്ത സമ്മേളനത്തിന് മുമ്പ് ഒഴിഞ്ഞുകിടക്കുന്ന നാല് സീറ്റുകള്‍ നികത്തിയാല്‍ നോമിനേറ്റഡ് അംഗങ്ങളുടെ നേട്ടവും സര്‍ക്കാരിന് ലഭിക്കും. അതായത് സര്‍ക്കാരിന് എഐഎഡിഎംകെ (നാല് അംഗങ്ങള്‍) പോലുള്ള ബിജെപി അനുകൂല പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലാതെ തന്നെ ഭൂരിപക്ഷത്തില്‍ എത്താന്‍ സാധിക്കും എന്നര്‍ത്ഥം. ആറ് നോമിനേറ്റഡ് അംഗങ്ങളും രണ്ട് സ്വതന്ത്രരും ചേര്‍ന്നാല്‍ നിലവിലുള്ള എന്‍ഡിഎയുടെ അംഗസഖ്യ 117 ആണ്.
237 അംഗ രാജ്യസഭയില്‍ 119 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ജമ്മു കശ്മീരിലെ നാല് സീറ്റും നോമിനേറ്റഡ് അംഗങ്ങളുടെ നാല് സീറ്റും ഒഴിഞ്ഞ് കിടക്കുന്നുണ്ട്. നാല് നോമിനേറ്റഡ് സീറ്റുകള്‍ സര്‍ക്കാര്‍ നികത്തിയാല്‍, സഭയിലെ അംഗബലം 241 ഉം ഭൂരിപക്ഷം 121 ഉം ആയിരിക്കും. നോമിനേറ്റഡ് അംഗങ്ങള്‍ സ്ഥിരമായി സര്‍ക്കാരിനെ പിന്തുണയ്ക്കാറാണ് പതിവ് എന്നതിനാല്‍ കേവലഭൂരിപക്ഷമായ 121 ലേക്ക് എന്ഡിഎുടെ അംഗസഖ്യ എത്തും.