ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : ഗള്‍ഫിലും നാട്ടിലും തൊഴിലിന് വേണ്ടി യുവസമൂഹം നെട്ടോട്ടമോടുമ്പോള്‍ അപ്പുറത്ത് വലവിരിച്ച് കാത്തിരിക്കുന്ന ഒരു വിഭാഗമുണ്ട്. റിക്രൂട്ടിംഗ് ഏജന്റുമാര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കഴുകന്മാരെ കരുതിയിരിക്കുക. മുന്‍കാലങ്ങളിലും വിസാ തട്ടിപ്പ് നടത്തിയും തൊഴില്‍ വാഗ്ദാനം ചെയ്തും പണം തട്ടുന്ന ഏജന്റുമാരുടെ കെണിയില്‍ വീഴുന്ന ആളുകളെക്കുറിച്ച് പത്രങ്ങളിലും മറ്റും വാര്‍ത്തകളായി വരാറുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ സജീവമായതോടെ തട്ടിപ്പിന്റെ രീതിയുടെ ആഴവും പരപ്പും കൂടിയിരിക്കുന്നു. ചെറിയ തുകയും വലിയ തുകയും തട്ടുന്ന സംഘങ്ങള്‍ സജീവമാണ്. ഒരു പാട് വര്‍ഷം കഷ്ടപ്പെട്ട് സമ്പത്തും വിലപ്പെട്ട സമയവും ചിലവഴിച്ചു വിവിധ കോഴ്സുകള്‍ പൂര്‍ത്തീകരിച്ചു സര്‍ട്ടിഫിക്കറ്റ് കരസ്തമാക്കിയ വിദ്യാര്‍ത്ഥികളാണ് ഏറെയും ഈ ചതിക്കുഴിയില്‍ അകപ്പെടുന്നത്. നാട്ടില്‍ തൊഴിലില്ലാതായതോടെ ഗള്ഫിന് പുറമെ ന്യുസിലാന്റ്, കാനഡ, സിങ്കപ്പൂര്‍, മലേഷ്യ, വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയി ജോലി ചെയ്തു ഉയര്‍ന്ന ശമ്പളം നേടുക എന്നതാണ് അധിമാളുകളുടെയും ആഗ്രഹം. ഇത്തരക്കാരെ കെണിയില്‍ വീഴ്ത്താനാണ് വിവിധ ജോബ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍, നാട്ടിലും വിദേശത്തുo ഓണ്‍ലൈന്‍ വഴിയും വല വിരിച്ചിരിക്കുന്നത്. അവരുടെ കെണിയില്‍ പെടുന്നത് അഭ്യസ്ത വിദ്യാരായ യുവതി യുവാക്കളാണ്. ഒരാളില്‍ നിന്നും 8 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് ഈ ഏജന്‍സികള്‍ കൈപ്പറ്റുന്നത്. ഇവര്‍ കോടിപതികളായി നാട്ടില്‍ വിലസുമ്പോള്‍ ഇവര്‍ക്കെതിരെ ആരും നടപടിയെടുക്കാന്‍ മുതിരുന്നില്ല. ന്യൂസ്ലാന്റില്‍ നഴ്സിംഗ് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞു ലക്ഷങ്ങള്‍ വാങ്ങി വിദേശ രാജ്യങ്ങളിലെ ഉന്നത സ്ഥാപനങ്ങളുടെ ലോഗോ വെച്ചു ഒറിജിനിലെ വെല്ലുന്ന ഫേക്ക് ഓഫര്‍ ലെറ്റര്‍ അടിച്ചു നല്‍കിയാണ് ഏജന്‍സികള്‍ തൊഴില്‍ അന്വേഷകരെ വിശ്വസിപ്പിക്കുന്നത്. ആദ്യം യുഎഇ യിലോ ജിസിസി യിലോ വിസിറ്റിങ്ങില്‍ വിസയില്‍ കൊണ്ട് വരും. താമസ സൗകര്യവും, ഭക്ഷണവും നല്‍കാതെ ഏജന്‍സികള്‍ ഫോണ്‍ പോലും എടുക്കാതെ മുങ്ങുകയും ചെയ്യും. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട നിരവധി പേരാണ് ദിനേനെ സഹായം അഭ്യര്‍ത്ഥിച്ച് സാമൂഹ്യ പ്രവര്‍ത്തകരെയും സംഘടനാ പ്രവര്ത്തികരെയും വിളിച്ചു കൊണ്ടിരിക്കുന്നത്. പലരെയും സാമ്പത്തികമായി കുടുക്കുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. പലര്‍ക്കും വിസ എടുത്തു നല്കി അവരുടെ പേരില്‍ ലക്ഷങ്ങള്‍ ലോണും വിവിധ ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് കൈക്കലാക്കുന്നു. കുറച്ചു പൈസ ഇവര്‍ക്ക് കൊടുക്കുന്നു. പിന്നീട് നാട്ടിലേക്ക് പറഞ്ഞുവിടും. അവര്‍ക്ക് പിന്നീടൊരിക്കലും യുഎഇയിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം സാമ്പത്തിക കുരുക്കിലാക്കുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. സ്ത്രീകളെ കുറേദിവസം ജോലിയില്ലാതെ താമസിപ്പിക്കുന്നു. ജോലിക്കായി നിര്ബന്ധിക്കുമ്പോള് പെണ്‍വാണിഭ സംഘത്തിന് കൈമാറുന്ന തട്ടിപ്പും സജീവമായി നടക്കുന്നു. നിലവില്‍ ഇതൊന്നും നിയന്ത്രിക്കാന്‍ ആരും മുന്നോട്ട് വന്നിട്ടില്ല. മുഖ്യമന്ത്രിക്കും മറ്റും നിരവധി പരാതികള്‍ എത്തിയിട്ടുണ്ടെങ്കിലും നടപടികളുണ്ടായിട്ടില്ല. കേരള ഗവണ്മെന്റിന്റെ അധികാര പരിധിയില്‍ വരുന്ന നോര്‍ക്ക റൂട്ട്സിന്റെ കീഴില്‍ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് ചെയുന്നുണ്ട്. നോര്‍ക്കയുടെ സൈറ്റില്‍ അതിന്റെ പൂര്‍ണ വിവരങ്ങള്‍ നല്‍കാറുണ്ട്, സര്‍ക്കാരിന്റെ കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന റിക്രൂട്മെന്റ് ഏജന്‍സിയായ ഒടെപക് വഴിയും വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്മെന്റ് നടത്തുന്നുണ്ട്. അംഗീകൃത ഓണ്‍ലൈന്‍ സൈറ്റുകളില്‍ മാത്രം ജോലിക്ക് അപേക്ഷിക്കുക. സോഷ്യല്‍ മീഡിയകളിലൂടെ വരുന്ന ജോലി അറിയിപ്പുകള് കൃത്യമായി അന്വേഷിച്ച് മാത്രം അപേക്ഷിക്കുക. പണം നഷ്ടപ്പെടാതെയും നോക്കണം. ഇങ്ങനെ എത്തിക്കുന്നവരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ഓഫറുകള്‍ക്ക് പിന്നലെ പോകാതിരിക്കുക, ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്നും ജാഗ്രത പുലര്‍ത്തുക.