ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : മലയാളി യുവാവിന് ചവിട്ടും തൊഴിയും, ഇരുളിന്റെ മറവില്‍ മര്‍ദ്ദിച്ചവശനാക്കി അക്രമി സംഘം പണം കവര്‍ന്നു. ചൊവ്വാഴ്ച അര്‍ധ രാത്രി ഷാര്‍ജ മുസല്ല ഏരിയയിലാണ് സംഭവം. മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശിയായ യുവാവാണ് മൂന്നംഗ മോഷണ സംഘത്തിന്റെ അക്രമത്തിനിരയായത്. കീശയിലുണ്ടായിരുന്ന പണവും നഷ്ടമായി. അല്‍ മനക്ക് ഏരിയയില്‍ ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ആസ്ഥാനത്തിന് സമീപം ടൈപ്പിങ് സെന്റര്‍ ജീവനക്കാരനാണ് അക്രമിക്കപ്പെട്ട പുലാമന്തോള്‍ സ്വദേശി. രാത്രി ടൈപ്പിങ് സെന്റര്‍ പൂട്ടിയതിന് ശേഷം സുഹൃത്തിനെ കാണാനായി മുസല്ല ഏരിയയിലെ ഗ്രാന്റ് മാളിന് പിറക് വശത്തെ താമസ സ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. തെരുവു വിളിക്കുകള്‍ ഇല്ലാത്ത ഈ ഭാഗത്ത് പതിയിരുന്ന സംഘം പിന്നാലെ കൂടുകയും സംഘത്തിലൊരാള്‍ പൊടുന്നനെ പിന്നിലൂടെ എത്തി പുലാമന്തോള്‍ സ്വദേശിയുടെ വായ പൊത്തി പിടിക്കുകയുമായിരുന്നു. ഒന്ന് ഒച്ച വെക്കാന്‍ പോലും ആവാത്ത വിധം വായ മുറുക്കിപ്പിടിച്ചിരുന്നു. മറ്റൊരാള്‍ ആഞ്ഞ് ചവിട്ടിയതോടെ ഇന്റര്ലോക്കിലേക്ക് പതിച്ച് വീണു. വീഴ്ചയില്‍ അസഹനീയമായ വേദനയില്‍ പിടയുന്നതിനിടെ പൊതിരെ തല്ലി പരിക്കേല്പിക്കുകയും ചെയ്തു. കൈമുട്ടിനും കാലിനും ക്ഷതമേല്‍പ്പിച്ച സംഘം വയറിനും പുറ ഭാഗത്തും ചവിട്ടിക്കൊണ്ടിരുന്നു. ഇതിനിടക്ക് മൂന്നാമത്തെയാള്‍ കീശകള്‍ തപ്പുകയും പേഴ്സിലുണ്ടായിരുന്ന പണമെടുത്ത് ഇരുളിലേക്ക് ഓടി മറയുകയും ചെയ്തു എന്ന് അക്രമത്തിനിരയായ പുലാമന്തോള്‍ സ്വദേശി ‘ഗള്‍ഫ് ചന്ദ്രിക’യോട് പറഞ്ഞു. പ്രതികളായ മൂന്ന് പേരും ആഫ്രിക്കന്‍ വംശജരായിരുന്നു എന്നും അദ്ദഹം പറഞ്ഞു. ഒരിടവേളക്ക് ശേഷം എമിറേറ്റില്‍ വീണ്ടും തട്ടിപ്പറി സംഘങ്ങള്‍ സജീവമായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അക്രമിച്ച് പണം കവരുന്ന സംഘങ്ങളെ വലയിലാക്കുന്നതിന് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കച്ച പാര്‍ക്കിങുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയില്‍ പതിയിരിക്കുന്ന ഈ സംഘം തനിച്ച് നടക്കുന്നവരെ പിന്തുടര്ന്ന് അക്രമിക്കുകയാണ് ചെയ്യുന്നത്. പണം തട്ടലാണ് ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഏരിയകളില്‍ നിരവധി പേര് സമാന രീതിയില്‍ മോഷണത്തിനിരയായി. ഇത്തരത്തില്‍ പണം നഷ്ടമാവുന്നവര്‍ പോലീസില്‍ പരാതി നല്‍കാനോ മറ്റു നിയമ നടപടികള്‍ക്കോ സന്നദ്ധരാവുന്നതില് മടി കാണിക്കുന്നത് കവര്‍ച്ച സംഘങ്ങള്‍ക്ക് തുണയാകുന്നു.