ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
ദുബൈ : യുഎഇയില്‍ വിസ ലംഘിച്ച് താമസിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ദുബൈ ജിഡിആര്‍എഫ്എ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ദുബൈ ജിഡിആര്‍എഫ്എയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ദുബൈ എമിറേറ്റിലെ വിസ ഗ്രേസ് പീരിയഡ് പദ്ധതിയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുള്ളത്. കസ്റ്റമര്‍ ഹാപ്പിനസ് ആന്‍ഡ് ഡിജിറ്റല്‍ സര്‍വീസസ്, പ്രോആക്ടീവ് മീഡിയ കമ്മ്യൂണിക്കേഷന്‍, സര്‍വീസസ് ഡെവലപ്മെന്റ് ടീം എന്നിവയുള്‍പ്പെടെ പ്രത്യേക വര്‍ക്കിംഗ് ടീമുകളെയാണ് രൂപീകരിച്ചത്. ഇത് വഴി വിസ ലംഘനക്കാര്‍ക്ക് എളുപ്പത്തില്‍ അവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി കഴിഞ്ഞ ദിവസമാണ് അനധികൃത വിസ താമസക്കാര്‍ക്ക് രണ്ടുമാസത്തെ ഗ്രേസ്പീരിയഡ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഇളവ് കാലയളവില്‍, വിസ കാലാവധി കഴിഞ്ഞ വിദേശികള്‍ക്ക് പിഴയൊന്നും കൂടാതെ രാജ്യം വിടാനോ അല്ലെങ്കില്‍ വിസ സ്റ്റാറ്റസ് മാറ്റാനോ സാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത് തന്നെ പുറത്തിറക്കുമെന്ന് ജിഡിആര്‍എഫ്എ ദുബൈ അറിയിച്ചു.