ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
ദുബൈ : ദുബൈയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന നിരവധി സ്പൈസ് ജെറ്റ് വിമാനങ്ങള്‍ ജൂലൈ 31 ന് റദ്ദാക്കി. ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രതിദിനമുളള 11 സര്‍വീസുകളില്‍ മിക്കതിനെയും ബാധിച്ചു. പ്രവര്‍ത്തന കാരണങ്ങളാല്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടതായി ഇന്നലെ എയര്‍ലൈന്‍ അറിയിച്ചിരുന്നു. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായും അറിയിച്ചു. നിലവില്‍ ദുബൈയില്‍ നിന്നുള്ള എല്ലാ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളും പ്രവര്‍ത്തിക്കുന്നുവെന്ന് സ്പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എയര്‍പോര്‍ട്ട് കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കുറഞ്ഞത് അര ഡസന്‍ വിമാനങ്ങളിലെ യാത്രക്കാരെ സ്പൈസ് ജെറ്റ് വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതേക്കുറിച്ച് വിമാനക്കമ്പനി വിശദ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍ലൈന്‍ കുറച്ച് വര്‍ഷത്തിലേറെയായി ശമ്പളം, പിഎഫ്, ടിഡിഎസ് പേയ്മെന്റുകള്‍ വൈകിപ്പിക്കുകയാണ്. മാനേജ്മെന്റ് കുറച്ച് കാലമായി ഫണ്ട് സമാഹരണത്തിന് ശ്രമിക്കുന്നുണ്ടെന്നും, കാര്യമായ തുക സമാഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ എയര്‍ലൈനിന്റെ യാത്ര കൂടുതല്‍ ദുഷ്കരമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.