ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ഫോര്‍ ദി വേള്‍ഡ് എന്ന പദ്ധതി ആരംഭിച്ചുവെന്ന് ജിഡിആര്‍ എഫ്എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ദുബൈയിലുള്ള കര, നാവിക, വ്യോമ അതിര്‍ത്തികളില്‍ ജോലി ചെയ്യുന്ന മുന്‍നിര ജീവനക്കാര്‍ക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ജിഡിആര്‍എഫ്എയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദുബൈയിലൂടെയുള്ള യാത്രക്കാരെ കൂടുതല്‍ അടുപ്പിക്കുകയും പരസ്പര ധാരണ വര്ദ്ധിപ്പിക്കുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തും വഴി ഉദ്യോഗസ്ഥരില്‍ നിന്ന് യാത്രക്കാര്‍ക്ക് ആദരണീയമായ സ്വീകാര്യതയും വിടവാങ്ങലും ഉറപ്പാക്കുമെന്ന് മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ അതിഥിയായി ജപ്പാന് സ്വദേശി യാനി തകാഷി ദുബൈ എയര്‍പോര്‍ട്ടിലെ പാസ്പോര്‍ട്ട് നിയന്ത്രണ ഏരിയകളും ജിഡിആര്‍ ആര്എഫ്എയുടെ കാര്യാലയവും സന്ദര്‍ശിച്ചു. ജപ്പാന് സംസ്കാരത്തിന്റെ പ്രതീകമായ പരമ്പരാഗത കിമോനോ ധരിച്ചാണ് അദ്ദേഹം എത്തിയത്. ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി തകാഷിയെ സ്വീകരിച്ച് ദുബൈ വിമാനത്താവളത്തിലെ പാസ്പോര്‍ട്ട് ഓഫീസര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ജപ്പാന് സാംസ്കാരിക പരിപാടികള്‍, ആശയവിനിമയ ശൈലികള്‍, വ്യക്തിബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് ഓഫീസര്‍മാര്‍ക്ക് അദ്ദേഹം അവബോധം നല്‍കുകയും ചെയ്തു. പരസ്പര ബഹുമാനവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ പദ്ധതി സഹായിക്കുമെന്നും സാംസ്കാരിക വൈവിധ്യത്തിന്റെയും തുറന്ന മനസ്സുള്ളതിന്റെയും ഒരു ആഗോള മാതൃകയായി ദുബൈയിയെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ലഫ്റ്റനന്റ് ജനറല്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളെ പരമ്പരാഗത വസ്ത്രങ്ങളില്‍ അണിയിച്ചു കൊണ്ട് അതിര്‍ത്തികളിലെ മുന്‍നിര ജീവനക്കാര്‍ക്ക് സന്ദര്‍ശകരുടെ രാജ്യത്തെ സാംസ്കാരിക പ്രത്യേകതകളെക്കുറിച്ച് സംരംഭത്തിലൂടെ പരിചയപ്പെടുത്തും. പരമ്പരാഗത വസ്ത്രങ്ങള്‍, ആചാരങ്ങള്‍, സമ്പ്രദായങ്ങള്‍, സംസ്കാരം, ആശയവിനിമയ രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതിലൂടെ വിശദീകരിച്ചു നല്‍കുകയും ചെയ്യും. ഇത്തരം സാംസ്കാരിക മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ സേവന സജ്ജരാകും. ഇത് യാത്രക്കാര്‍ക്ക് ഒരു പ്രത്യേകവും സജീവമായ സ്വാഗതം നല്കാന് ജീവനക്കാരെ പ്രാപ്തരാക്കും. ഇത് വഴി യാത്രാ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുകയും പ്രത്യേകിച്ചും ദുബൈ വിമാനത്താവളങ്ങളില്‍ മികച്ച മതിപ്പ് ഉണ്ടാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പ്രത്യാശിച്ചു.