
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
റാഞ്ചി : ആട് കച്ചവടം ചെയ്യുന്ന അക്തര് അന്സാരിയെ മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി ആള്ക്കൂട്ട കൊലപാതകത്തിനിരയായ ജാര്ഖണ്ഡിലെ കാങ്കെ ജില്ലയിലെ കാട്ടുംകുളി ഗ്രാമത്തിലെ അക്തര് അന്സാരിയുടെ കുടുംബത്തിന് ആശ്വാസമായി മുസ്്ലിം ലീഗ് ദേശീയ ഓര്ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര് എം പി, ദേശീയ അസി: സെക്രട്ടറി സി.കെ സുബൈര് എന്നിവരുടെ നേതൃത്വത്തിലുള്ള മുസ്്ലിം ലീഗ് പ്രതിനിധി സംഘമെത്തി. ഇക്കഴിഞ്ഞ ജൂലൈ 7 ന് ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ക്രൂരമായി കൊലപ്പെടുത്തിയ 35 കാരനായ അക്തര് അന്സാരിയുടെ വീട്ടിലാണ് മുസ്്ലിം ലീഗ് സംഘം എത്തിയത്. ആള്ക്കൂട്ട ഭീകരര് അനാഥമാക്കിയ ദരിദ്ര കുടുംബത്തിന് പിന്തുണയുമായെത്തിയ നേതാക്കളെ കാണാന് നിരവധി ആളുകളാണ് തടിച്ച് കൂടിയത്. കുടുംബത്തോടും നാട്ടുകാരോടും വിശദമായി സംസാരിച്ച് വിവരങ്ങള് ശേഖരിച്ച നേതാക്കള് നീതി ലഭിക്കാന് കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്കിയാണ് മടങ്ങിയത്.
ആട് വ്യാപാരിയായിരുന്ന അന്സാരിയെ ടാടി സില്വെ ഗ്രാമത്തില് നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് മോഷ്ടാവ് എന്നാരോപിച്ച് ആള്ക്കൂട്ടം പിടികൂടി ക്രൂരമായി മര്ദിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ഒരാള് അജ്ഞാത നമ്പറില് നിന്ന് അക്തറിന്റെ ഭാര്യ ആമിന പര്വീണിനെ വിളിച്ച് വിവരമറിയിച്ചു. മാരോ മാരോ എന്ന അലര്ച്ച പശ്ചാത്തലത്തില് കേള്ക്കുന്നുണ്ടായിരുന്നു എന്ന് ആമിന നിറകണ്ണുകളോടെ നേതാക്കളോട് പറഞ്ഞു. ഉടനെ സഹോദരന്മാര് മുഖേന തൊട്ടടുത്ത നാംകും പോലീസ് സ്റ്റേഷനില് വിളിച്ച് കോള് വന്ന നമ്പര് കൈമാറി ലൊക്കേഷന് ട്രേസ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ ടാടി സില്വ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത് എന്നും അക്തര് സുരക്ഷിതനാണ് എന്നും പോലീസ് കുടുംബത്തെ ധരിപ്പിച്ചു. എന്നാല് പുലര്ച്ചെ അഞ്ച് മണിയോടെ അക്തര് അന്സാരി മരണപ്പെട്ടുവെന്നും മൃതശരീരം തിരിച്ചറിയാന് അടിയന്തിരമായി എത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പോലീസ് വീണ്ടും ബന്ധപ്പെടുകയായിരുന്നുവെന്ന് കുടുംബം നേതാക്കളോട് പറഞ്ഞു. കസ്റ്റഡിയില് സുരക്ഷിതനാണെന്ന് പോലീസ് തന്നെ വിവരം നല്കിയ അന്സാരി മണിക്കൂറുകള്ക്കുള്ളില് കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അറിയണമെന്നും നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കാട്ടും കുളി ഗ്രാമത്തിലെ ഒറ്റമുറി വീട്ടിലെത്തിയ നേതാക്കള് ഹൃദയ ഭേദകമായ രംഗങ്ങള്ക്കാണ് സാക്ഷിയായത്. നാല് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബം താമസിക്കുന്നത് ഒറ്റമുറി വീട്ടിലാണ്. അക്തര് അന്സാരി ആടുകളെ കച്ചവടം ചെയ്ത് ലഭിക്കുന്ന തുഛമായ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. സ്കൂള് വിദ്യാര്ത്ഥികളായ അയാന് അന്സാരി, അര്മാന് അന്സാരി, ആഷിയ പര്വീണ്, അലി അന്സാരി എന്നിങ്ങനെ നാല് മക്കള്ക്ക് വിശപ്പടക്കാനും വിദ്യാഭ്യാസം കൊടുക്കാനും രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത അക്തര് ക്രൂരമായി കൊല്ലപ്പെട്ടതോടെ മുന്നോട്ട് ജീവിക്കാനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ച അവസ്ഥയിലാണ്. കുടുംബത്തിനാവശ്യമായ അടിയന്തിര ധനസഹായം കൈമാറിയിട്ടാണ് മുസ്്ലിം ലീഗ് നേതൃസംഘം മടങ്ങിയത്. കുടുംബത്തിന്റെ പുനരധിവാസത്തിനും മക്കളുടെ വിദ്യാഭ്യാസ ചിലവിനും വേണ്ട കാര്യങ്ങള് ചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീര് എം പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്ന് ജാര്ഖണ്ഡ് സര്ക്കാരിനോട് ആവശ്യപ്പെടും. അക്തര് അന്സാരിയുടെ അനാഥ കുടുംബത്തെ മുസ്്ലിം ലീഗ് പാര്ട്ടി ചേര്ത്ത് പിടിക്കുമെന്നും നീതി ലഭ്യമാക്കാനാവശ്യമായ എല്ലാ നിയമ സഹായങ്ങളും പിന്തുണയും പാര്ട്ടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വര്ദ്ധിച്ചു വരുന്ന ആള്ക്കൂട്ട ഭീകരതക്കെതിരെ ഇന്ത്യന് പാര്ലമെന്റില് തുടര്ന്നും ശബ്ദമുയര്ത്തുമെന്നും ഇ.ടി പറഞ്ഞു. എംഎസ്എഫ് ദേശീയ സെക്രട്ടറി ഷഹബാസ് ഹുസൈന്, മുസ്്ലിം ലീഗ് ജാര്ഖണ്ഡ് സംസ്ഥാന ജനറല് സെക്രട്ടറി ഫസല് ഇമാം, ട്രഷറര് തബ്റേസ് അഹമ്മദ്, വൈ: പ്രസിഡന്റ്് അബ്ദുള് ഖയ്യൂം, വനിതാ ലീഗ് കണ്വീനര് ഷഹസാദി ഖാതൂന്, എംഎസ്എഫ് റാഞ്ചി ജില്ലാ പ്രസിഡന്റ് ആഷിഖ് അന്സാരി, ഷമീം അന്സാരി എന്നിവര് സംഘത്തില് ഉണ്ടായിരുന്നു.