ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ: ദുബൈയില്‍ വര്‍ധിച്ചു വരുന്ന് വൈദ്യുതി ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സബ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ദീവ. എട്ട് പുതിയ 132 കെവി ട്രാന്സ്മിഷന് സബ്സ്റ്റേഷനുകള്‍ കമ്മിഷന് ചെയ്തതായി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി എംഡി സയീദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. 1200 മെഗാവോള്‍ട്ട് ആംപിയര്‍ ശേഷിയുള്ളതാണ് സബ് സ്റ്റേഷനുകള്‍. മൊത്തം 136 കോടി ദിര്‍ഹമാണ് പദ്ധതിക്കായി ചെലവഴിച്ചത്. ദുബൈയില്‍ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമാണ് സബ് സ്റ്റേഷനുകള്‍. പദ്ധതിയുടെ ഭാഗമായി 89 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്ന ജോലിയും പൂര്‍ത്തിയായി. അല്‍ താന്യ, ബര്‍ഷ സൗത്ത് 4, വാദി അല്‍ ഷബക്ക്, നാദ് ഹെസ്സ, ഇന്റര്‍നാഷനല്‍ സിറ്റി ഫെയ്സ് 2, വാദി അല്‍ സഫ 5, ഉംസുക്കീം 3 എന്നിവിടങ്ങളിലാണ് പുതിയ സബ് സ്റ്റേഷനുകള്‍. ഇതോടെ ദുബൈയിലെ മൊത്തം സബ് സ്റ്റേഷനുകളുടെ എണ്ണം 382 ആയി. ഇതില്‍ 27 എണ്ണം 400 കെവി സബ് സ്റ്റേഷനുകളും 355 എണ്ണം 132 കെവിയുമാണ്. ഇതിനു പുറമേ 31 പുതിയ 132 കെവി സബ് സ്റ്റേഷനുകള്‍ നിര്‍മാണത്തിലാണ്. 6 പുതിയ 132 കെവി സബ് സ്റ്റേഷനുകളുടെ നിര്‍ദേശവും ദേവയ്ക്കു മുന്നിലുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയതായി 50 സബ് സ്റ്റേഷനുകള്‍ കൂടി നിര്‍മിക്കും. ഭൂമിക്കടിയിലൂടെ 350 കിലോമീറ്റര്‍ ട്രാന്സ്മിഷന് കേബിളുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.