അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് 27ന്
ഡോ.പി.എ ഇബ്രാഹിം ഹാജി സ്മാരക
കാരുണ്യ ഭവനം പദ്ധതി സമര്‍പിക്കും
ദുബൈ: ദീര്‍ഘകാലം കാലം വേള്‍ഡ് മലയാളി കൗണ്‍സിലിന് ഗ്ലോബല്‍ തലത്തില്‍ നേതൃത്വം നല്കിയ ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാര്‍ത്ഥം വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ നടപ്പാക്കുന്ന ‘കാരുണ്യ ഭവനം പദ്ധതി’ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പിക്കും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ആഗസ്റ്റ് 2ന് നടക്കുന്ന സമ്മേളനത്തില്‍ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ് രണ്ട് മുതല്‍ അഞ്ചു വരെ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ സംസ്ഥാന മന്ത്രിമാരും എംഎല്‍എമാരും മറ്റു പ്രമുഖകരും പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികളും സമ്മേളനത്തിനെത്തും. ഡോ.പി.എ ഇബ്രാഹിം ഹാജിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഗള്‍ഫാര്‍ മുഹമ്മദലിക്ക് സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഭാരവാഹികളായ ജോണ്‍ മത്തായി, ഷൈന്‍ ചന്ദ്രസേനന്, ഡോ. ജെറോ വര്‍ഗീസ്, മനോജ് മാത്യു, രാജേഷ് പിള്ള, ഡയസ് ഇടിക്കുള, ജിതിന് അരവിന്ദാക്ഷന്, ബാവാ റേച്ചല്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളിലെ കൗണ്‍സില്‍ പ്രൊവിന്‍സുകളില്‍ നിന്നും അഞ്ഞൂറോളം പ്രതിനിധികളും പങ്കെടുക്കും. പൊതു സമൂഹത്തില്‍ ഒട്ടനവധി ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് ജീവിതാന്ത്യംവരെ നേതൃത്വം നല്കിയ മുന്‍ ഗ്ലോബല്‍ ചെയര്മാന് ഡോ. പി.എ ഇബ്രാഹിം ഹാജി സ്മരണാര്‍ത്ഥം നടപ്പാക്കുന്ന കാരുണ്യ ഭവനം പദ്ധതിയ്ക്ക് 50 ലക്ഷം രൂപയുടെ സഹായമാണ് ആദ്യഘട്ടത്തില്‍ മിഡില്‍ ഈസ്റ്റ് റീജിയണിലെ അഞ്ചു പ്രൊവിന്‍സുകള്‍ സമാഹരിച്ചത്. കേരളത്തിലെ അഞ്ചു ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത അര്‍ഹരായ അപേക്ഷകര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുന്നത്. കാരുണ്യ ഭവനം പദ്ധതി പ്രകാരം 50 വീടുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് വിവിധ റീജിയണുകളിലെ പ്രൊവിന്‍സുകള്‍ നേതൃത്വം നല്‍കും.
ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഡോ.പി.എ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ വേള്‍ഡ് മലയാളി ഹ്യൂമാനിറ്റേറിയന്‍ ഗോള്‍ഡന്‍ ലാന്റേണ്‍ അവാര്‍ഡാണ് നല്‍കുന്നത്. കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാ വര്‍മ്മയ്ക്ക് സാഹിത്യ പുരസ്കാരം നല്കി ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ആദരിക്കും. കേരളത്തിന്റെ വിജ്ഞാന മൂലധനം ശക്തമാക്കാന്‍ കേരളാ സര്‍ക്കാര്‍ സംരംഭമായ കേരളാ നോളജ് എക്കണോമി മിഷനും കേരളാ ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി ഗ്ലോബല്‍ തലത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ കേരളാ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ധാരണാ പത്രം ഒപ്പുവെച്ച ഏക സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍.