
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
1, സ്വര്‍ണ വ്യാപാര മേഖലയെ
പരിപോഷിപ്പിക്കും: ഷംലാല്‍ അഹമ്മദ്
ദുബൈ: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയത് അടക്കം സ്വാഗതാര്‍ഹമായ നിരവധി വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്നതാണ് ബജറ്റെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. അനധികൃത സ്വര്‍ണ ഇറക്കുമതിയും വ്യാപാരവും തടയുന്നത് സംഘടിത ജ്വല്ലറി റീടെയിലര്‍മാര്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നതാണ്. കൂടുതല്‍ നിയന്ത്രിതവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ജ്വല്ലറി വിപണിയെ പരിപോഷിപ്പിക്കാനുള്ള നയമുണ്ടിതില്. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുന്നതും, വിപണിയും സാമ്പത്തിക വളര്‍ച്ചയും ശക്തിപ്പെടുത്തി സ്ഥിരത കൊണ്ടുവരുന്നതുമാണ് ഈ ബജറ്റ്.
2, ആരോഗ്യ മേഖലയ്ക്കുള്ള വിഹിത
വര്‍ധനവില്‍ പ്രതീക്ഷ: ഡോ. ആസാദ് മൂപ്പന്
ദുബൈ: ആരോഗ്യ സംരക്ഷണ മേഖലക്ക് ഇത്തവണ വലിയ ഊന്നല്‍ നല്‍കിയെന്ന് തോന്നുന്നില്ലെങ്കിലും, ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതമായ 89,287 കോടി രൂപ, കഴിഞ്ഞ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 12.5% വര്‍ധന കാണിക്കുന്നത് പ്രതീക്ഷ നല്‍കുന്നതായി ഡോ.ആസാദ് മൂപ്പന് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ജനസംഖ്യയുടെ 66% ഇപ്പോഴും 35 വയസ്സിന് താഴെയുള്ളവരും 78 ദശലക്ഷം യുവാക്കള്‍ പ്രതിവര്‍ഷം തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്നവരുമായതിനാല്, 2024’25ലെ യൂണിയന് ബജറ്റ് തൊഴിലവസരങ്ങളും യുവാക്കളുടെ ഉന്നമനവും അതിലൂടെ രാജ്യത്തിന് സമഗ്ര വികസനവും ലക്ഷ്യമാക്കുന്നുവെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
3, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും
തീരുവ കുറച്ചത് പ്രസക്തം: ജോണ്‍ പോള്‍
ദുബൈ: ഇന്ത്യന്‍ യൂണിയന് ബജറ്റിലെ മുഖ്യമായ കാര്യം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തീരുവയാണ്. വെള്ളിയുടെ തീരുവ 6% ആയും പഌറ്റിനം തീരുവ 6.4% ആയും കുറച്ചു. ഇന്ത്യ ലോകത്ത് സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായതിനാല്‍ ഈ കുറവ് ഇന്ത്യയിലെ സ്വര്‍ണ്ണവും അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവും തമ്മിലുള്ള വില അന്തരം കുറയ്ക്കുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിംഗ് ഡയരക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. വിനോദ സഞ്ചാരത്തിന്റെയും ഷോപ്പിംഗിന്റെയും കാര്യത്തില്‍ ദുബൈ ഏറ്റവും വലിയ ആഗോള ഹോട്സ്പോട്ടുകളില്‍ ഒന്നാണ്. വിപണിയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമ്പോള്‍ അത് ടൂറിസത്തിലും സ്വര്‍ണ, വജ്രാഭരണങ്ങളുടെ വിപണിയിലും പ്രതിഫലിക്കും.
4, കേരളത്തെ അവഗണിച്ചു
പ്രവാസികളെ പരിഗണിച്ചില്ല: കെ.വി ഷംസുദ്ദീന്
ഷാര്‍ജ: ധനമന്ത്രി നിര്‍മല സീതാരാമന്റെ ഏഴാമത് ബജറ്റ് മറ്റു മേഖലകളെയും തൃപ്തിപ്പെടുത്തുന്നുവെങ്കിലും കേരളത്തെ അവഗണിച്ചു. മോദിയുടെ മൂന്നാം ടേമിലെ ഗവണ്മെന്റ് മിക്കവാറും എല്ലാ മേഖലകളിലും അനുകൂലമായ മാറ്റങ്ങള്‍ കാണിക്കാന്‍ ഊന്നല്‍ നല്‍കിയത് ദൃശ്യമാണ്. എന്നാല്‍ വിദേശ വിനിമയ റിസര്‍വിന്റെ പ്രധാന ഭാഗം സംഭാവന ചെയ്യുന്ന ഏകദേശം 40 ദശലക്ഷം പ്രവാസികളെ കുറിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണെന്ന് ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് സ്ഥാപക ഡയരക്ടര്‍ കെ.വി ഷംസുദ്ദീന് അഭിപ്രായപ്പെട്ടു. എല്ലാ വര്‍ഷവും സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോഴും കേരളത്തെ അവഗണിച്ചിരിക്കുകയാണ്. ഹരിത ഊര്‍ജം, കൃഷി, എസ്എംഇ, സ്റ്റാര്‍ട്ടപ്പുകള്‍, സ്ത്രീ ശാക്തീകരണം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ആന്ധ്രപ്രദേശ്, ബിഹാര്‍, അസം, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും നിരവധി വികസന പദ്ധതികള്‍ക്കും പ്രോത്സാഹനങ്ങളും പ്രത്യേക പിന്തുണയും നല്കിയതും പ്രളയ നഷ്ടം നല്കിയതും എടുത്തു എടുത്തു പറയേണ്ടതാണ്.