
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ദുബൈ: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് ഇന്നലെ അവതരിപ്പിച്ച യൂണിയന് ബജറ്റ് കേരളത്തെ അവഗണിച്ചെന്ന് മാത്രമല്ല, പ്രവാസി സമൂഹത്തെ കടുത്ത നിരാശയിലാഴ്ത്തി. ആന്ധ്രപ്രദേശിനും ബീഹാറിനും മാത്രം പ്രധാന്യം കൊടുത്ത ബജറ്റില്‍ കേരളം എന്ന വാക്ക് പോലും പ്രതിപാദിക്കാതെ പോയത് ശ്രദ്ധേയമാണ്. പാര്‍ലിമെന്റില്‍ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത ബിജെപി ഭരണം പിടിച്ചുനിര്‍ത്താന്‍ ചില ഘടകകക്ഷികളെ തൃപ്തിപ്പെടുത്താന്‍ മാത്രമായി തട്ടിക്കൂട്ടിയ ബജറ്റാണെന്ന് വ്യക്തമാണ്. ഒരു ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഏതാനും രാഷ്ട്രീയ കക്ഷികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ബജറ്റ് തയ്യാറാക്കുന്നത് വിചിത്രമായ കാര്യമാണ്. ജീവിത നിലവാരത്തിലും വിദ്യാഭ്യാസ മേഖലയിലും രാജ്യാന്തര നിലവാരത്തിലുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനമായ കേരളത്തെ പൂര്‍ണമായും അവഗണിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തോട് രാഷ്ട്രീയ പകപോക്കലെന്ന രീതിയിലാണ് ഒരു ഫെഡറല്‍ സര്‍ക്കാര്‍ ബജറ്റിനെ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കേരളം വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. കൂട്ടുകക്ഷി സര്‍ക്കാരെന്ന നിലയില്‍ വ്യത്യസ്തമായി എന്തെങ്കിലും പ്രഖ്യാപനമുണ്ടാവുമെന്ന് പ്രവാസി സമൂഹവും പ്രതീക്ഷയര്‍പ്പിച്ചിരുന്നു. പ്രവാസികളുടെ യാത്രാപ്രശ്നം അടക്കം നിരവധി കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ട വിഷയങ്ങളുണ്ട്. എന്നാല്‍ മുഴുവന്‍ പ്രവാസികളെയും കേരളീയ സമൂഹത്തെ ഒന്നടങ്കം നിരാശയിലാഴ്ത്തിയ ബജറ്റായിരുന്നു. നികുതിയിളവും എക്സൈസ് തീരുവകളും കുറച്ചതിലൂടെ വന്‍കിട ബിസിനസുകാര്‍ക്കും കുത്തക കയറ്റുമതിക്കാര്‍ക്കും മാത്രമാണ് ഗുണമുണ്ടായിരിക്കുന്നത്. ഇതിലൂടെ കോര്‍പറേറ്റുകളെ സഹായിക്കാന്‍ മാത്രമാണ് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ ഒരു സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധമായും നല്‍കേണ്ട ഒരു പദ്ധതിയും അനുവദിക്കാതെയും കേന്ദ്രഫണ്ടുകള്‍ നല്‍കാതെയുമാണ് കേരളത്തെ അവഗണിച്ചിരിക്കുന്നത്. ഈ അവഗണന പ്രവാസികളടക്കമുള്ള കേരളീയ സമൂഹത്തെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണക്കാരായ കുടുംബങ്ങളുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ക്കുന്നതാണ് ഈ ബജറ്റ്. പ്രവാസി സമൂഹം ഒന്നടങ്കം വ്യാപകമായ പ്രതിഷേധത്തിലാണ്.
കൈക്കൂലി ബജറ്റ്
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത് വെറുമൊരു കൈക്കൂലി ബജറ്റാണെന്ന് യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന് അഭിപ്രായപ്പെട്ടു.
കേരളം എന്ന പേര് പോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മൂന്നാം മോഡി സര്‍ക്കാരിന്റെ നിലനില്‍പ്പിനായി ബീഹാറിനും ആന്ധ്രയ്ക്കും കൈക്കൂലി കൊടുക്കാനാണ് ധനമന്ത്രിക്ക് കിട്ടിയ നിര്‍ദ്ദേശം എന്ന് തോന്നുന്നു. അതവര് ഭംഗിയായി നിര്‍വ്വഹിച്ചത് കാണാം. ഇന്ത്യയുടെ ഫെഡറലിസത്തെ ബലികഴിക്കുന്ന നയമാണിതെന്ന് പറയാതെ വയ്യ. ഈ ബജറ്റില്‍ അവഗണിക്കപ്പെട്ട സംസ്ഥാനങ്ങള്‍ ഭരണഘടനയെ മുന്‍ നിര്‍ത്തി സുപ്രീം കോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടത്. വിവേചനപരമായ പൊതു ബജറ്റിനെതിരെ ഇന്ത്യാ മുന്നണി എംപിമാര്‍ ഇന്ന് നടത്തുന്ന പ്രതിഷേധത്തിന് ധാര്‍മ്മിക പിന്തുണ നല്‍കുകയാണ് പ്രവാസലോകവും ചെയ്യേണ്ടതെന്ന് പുത്തൂര്‍ റഹ്മാന് പറഞ്ഞു.
നിരാശയുടെ ബജറ്റ്
കേന്ദ്ര ബജറ്റ് തീര്‍ത്തും നിരാശാജനകവും പ്രവാസിസമൂഹത്തെ പാടെ അവഗണിക്കുന്നതുമാണെന്നു അബുദാബി കെഎംസിസി അഭിപ്രായപ്പെട്ടു. ിമാന യാത്ര നിരക്ക്, വെല്‍ഫയര്‍ ഫണ്ടിന്റെ കാര്യക്ഷമ ഉപയോഗം, ഇന്‍ഷുറന്‍സ് തുടങ്ങി പ്രവാസ സമൂഹം കാലങ്ങളായി ഉന്നയിക്കുന്ന പല വിഷയങ്ങള്‍ക്ക് നേരെയും കണ്ണടച്ചിരിക്കുകയാണ്. ഇന്ത്യന്‍ സമ്പദ് ഘടനയെ താങ്ങി നിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തിനായി മന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പിനായി ഘടക കക്ഷികളെ ചേര്‍ത്ത് നിര്‍ത്താനുള്ള ഒരു ബജറ്റായി ഇത് മാറി. കേരളത്തിന്റെ വികസനത്തിന് ഉതകുന്ന യാതൊരുവിധ പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങലും ജനറല്‍ സെക്രട്ടറി സി.എച്ച് യൂസഫും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കേരളത്തെ കളിയാക്കിയ ബജറ്റ്
ബജറ്റ് പൂര്‍ണമായും കേരളത്തെ അവഗണിക്കുന്നതും ഇന്ത്യാ മുന്നണിക്കെതിരെ രഹസ്യമായി പ്രവര്‍ത്തിച്ച ഇടതുപക്ഷത്തിനുള്ള കനത്ത പ്രഹരമാണെന്ന് അബുദാബി പ്രവാഹം പ്രസിഡന്റ് അന്‍വര്‍ നഹാസും ജനറല്‍ സെക്രട്ടറി ഷാജികുമാര്‍ ബാഹുലേയനും അഭിപ്രായപ്പെട്ടു. ബിജെപിക്ക് ബാലി കേറാ മലയായിരുന്ന മലയാള മണ്ണില്‍ ഒരു സീറ്റു ലഭിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് നിരാശ പകരുന്നതായിരുന്നു കേന്ദ്ര ബഡ്ജറ്റ്. കേരള ജനതയോട് സ്ഥിരമായി കാണിക്കുന്ന ബിജെപിയുടെ വര്‍ഗീയതയും സ്വേച്ഛാധിപത്യവും പ്രകടമാക്കിയ ബജറ്റാണ് മന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്ന് ആര്‍എസ് പിയുടെ പ്രവാസി സംഘടനയായ പ്രവാഹം അഭിപ്രായപ്പെട്ടു. മലയാളികളോട് കേന്ദ്രത്തിലെ വര്‍ഗീയ ഫാസിസ്റ്റ് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന കൃത്യമായി മനസ്സിലാക്കി അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ എല്ലാ പ്രസ്ഥാനങ്ങളും സന്നദ്ധമാകണമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രവാസികളെ ഒരിക്കലും പരിഗണിച്ചില്ല
ജനപ്രിയ ബജറ്റാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചെതെന്ന് അവകാശപ്പെടുന്ന കേന്ദ്ര ധനകാര്യ വകുപ്പ് പ്രവാസികള്‍ക്ക് എന്താണ് പ്രഖ്യാപിച്ചെതെന്ന് വ്യക്തമാക്കണമെന്ന് ഇന്‍ക്കാസ് സ്ഥാപക ജനറല്‍ സെക്രട്ടറിയും ഗ്ലോബല്‍ അംഗവുമായ പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. കേന്ദ്ര ബജറ്റിനെ 9 മേഖലയായി തിരിച്ച് ബജറ്റ് പ്രസംഗത്തില്‍ അവതരിപ്പിച്ചപ്പോഴും പ്രവാസികളെ മറന്ന് പോയി ആന്ധ്ര, ബീഹാര്‍ ബജറ്റായി മാറുകയുമായിരുന്നു. കേരളത്തിന്റെ ന്യായമായ ഒരാവശ്യവും അംഗീകരിക്കാന്‍ തെയ്യാറായില്ല. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ഒരു പദ്ധതി പ്രഖ്യാപിച്ചില്ല. തൊഴിലില്ലാത്ത ചെറുപ്പാര്‍ക്ക് കൂടുതല്‍ തൊഴില്‍ ഉണ്ടാക്കുന്ന പൊള്ളയായ പ്രഖ്യാപനമാണ് ഈ ബജറ്റിലുള്ളത്. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച് റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മ സീതാരാമന് സാധിച്ചുവെന്നും, എന്നാല്‍ മന്ത്രി ഇതുവരെ അവതരിപ്പിച്ച ഒറ്റ ബജറ്റില്‍ പോലും പ്രവാസികളുടെ പേരും പോലും പരാമര്‍ശിക്കാതെ റിക്കാര്‍ഡ് സൃഷ്ടിച്ച മന്ത്രിയെന്ന ചരിത്രം കൂടിയുണ്ടെന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.