സഊദി എയര്‍ലൈന്‍സ് ഡിസംബറില്‍ കോഴിക്കോട്ടേക്ക് ; സന്തോഷമെന്ന് കെഎംസിസി
ഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് നിരക്കിലെ ക്രമാതീതമായ വര്‍ധനവും എയര്‍ ഇന്ത്യാ എക്സ്പ്രസിനെതിരെയുള്ള പരാതികളും അഡ്വ.ഹാരിസ് ബീരാന് എം.പി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് യാതൊരു മാനദണ്ഡവുമില്ലാതെ വര്‍ധിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം വരുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് അമിതമായ വിമാനനിരക്ക് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഡിജിസിഎയുടെ അധികാര പരിധിയില്‍ എയര്‍ക്രാഫ്റ്റ് നിയമാവലിയില്‍ 134 ാം വകുപ്പ് പ്രകാരം വിമാനനിരക്ക് വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് ഹാരിസ് ബീരാന് ചൂണ്ടിക്കാട്ടി. അതുപോലെ ക്രമരഹിതമായ ടിക്കറ്റ് നിരക്ക്, സ്ഥിരതയില്ലാത്ത ഫ്ളൈറ്റ് ഷെഡ്യൂളുകള്‍, പെട്ടെന്നുള്ള റദ്ദാക്കലുകള്‍ എന്നിവ സംബന്ധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ നിരവധി പരാതികളും നിലവിലുണ്ട്. 2024 മെയ് 9ന് രാജ്യത്തുടനീളമുള്ള 380 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ 85 എണ്ണമാണ് റദ്ദാക്കിയത്. മെയ് 12 ന് 52 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. മെയ് മാസത്തില്‍ മാത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ 400 ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. കൂടാതെ, തിരുവനന്തപുരം വിമാനത്താവളത്തിലെ ഉപയോക്തൃ ഫീസ് എയര്‍പോര്‍ട്ട് അതോറിറ്റി 50% വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ വിമാനയാത്ര, ടൂറിസം മേഖല തുടങ്ങിയവയെ വലിയ രീതിയില്‍ ബാധിക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ ഡിജിസിഎ നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കണമെന്നും വിമാനനിരക്ക് നിയന്ത്രിക്കാനും പിഴ ചുമത്താനും സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് അഡ്വ. ഹാരിസ് ബീരാന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.