ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഫുജൈറ: യുഎഇയുടെ ദേശീയ ചിഹ്നമായ ഫാല്‍ക്കണ്‍ പക്ഷികളുടെ വിസ്മയ കാഴ്ചകളൊരുക്കി ഫുജൈറയില്‍ ശൈഖ് മക്തൂം ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ആറാമത് മക്തൂം ഫാല്കോണറി ചാമ്പ്യന്‍ഷിപ് സമാപിച്ചു. 2017 ലായിരുന്നു ശൈഖ് മക്തൂം ബിന്‍ ഹമദ് ശര്‍ഖിയുടെ നേതൃത്വത്തില്‍ ഫുജൈറയില്‍ ഫാല്കോണറി ചാമ്പ്യന്‍ഷിപ് ആരംഭിച്ചത്. ധീരതയുടെയും ശക്തിയുടെയും പ്രതീകമായ ഫാല്‍ക്കണ്‍ പക്ഷിയെയാണ് യുഎഇ തങ്ങളുടെ ദേശീയ പക്ഷിയായി നിശ്ചയിച്ചിരിക്കുന്നത്. വിവിധയിനം ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ച് പുതുതലമുറക്ക് അവബോധം നല്‍കുന്നതിനാണ് ഫാല്‍ക്കണ്‍ ചാമ്പ്യന്‍ഷിപ് ഒരുക്കിയിരിക്കുന്നത്. ശൈഖ് മക്തൂം ബിന്‍ ഹമദ് ശര്‍ഖിയുടെ മേല്‍നോട്ടത്തില്‍ ഫാല്‍ക്കണ്‍ പഠനത്തില്‍ അവഗാഹമുള്ളവരും പക്ഷിവളര്ത്തുകാരുമായ വിവിധ എമിറേറ്റുകളിലെയും രാജ്യങ്ങളിലെയും ഫാല്‍ക്കണ്‍ നിരീക്ഷകരാണ് സന്ദര്‍ശകര്‍ക്ക് അപൂര്‍വ ജ്ഞാനം പകര്‍ന്നു നല്കി ഫാല്‍ക്കണ്‍ മത്സര വിരുന്നൊരുക്കിയത്. ജൂലൈ 14,15 ദിനങ്ങളിലായി നടന്ന പ്രദര്‍ശനം ഹൃദ്യമായ അനുഭൂതിയാണ് കാഴ്ചക്കാര്‍ക്ക് നല്‍കിയത്. ഫാല്‍ക്കണുമായി ബന്ധപ്പെട്ട വിവരങ്ങളും പഠനങ്ങളും നേര്‍ക്കാഴ്ചകളായി പകുത്തു നല്കാന് ഈ സ്റ്റാളിലെ ഫാല്‍ക്കണ്‍ പഠന വിദഗ്ധരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. വിവിധയിനങ്ങളില്‍ പെട്ട ഫാല്‍ക്കണുകള്‍ പ്രദര്‍ശിപ്പിച്ചും സന്ദര്‍ശകര്‍ക്ക് അവയെ ആവോളം ആസ്വദിക്കാന്‍ അവസരം നല്‍കിയുമുള്ള ഫാല്‍ക്കണ്‍ പ്രദര്‍ശനം യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി തന്നെ നടക്കാറുണ്ട്. വിദേശികളായ സന്ദര്‍ശകര്‍ക്ക് ഇംഗ്ലീഷിലും ഫാല്‍ക്കണുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് ഇത്തരം സ്റ്റാളുകളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതും സാധാരണ കാണാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ ദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ അറബികളുടെ ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളതും പക്ഷികളിലെ രാജാവായി അറിയപ്പെടുകയും ചെയ്യുന്നു. പൗരാണിക കാലം മുതലേ അറബികള്‍ ഇവയെ ഇണക്കി വളര്‍ത്താനും സംരക്ഷിക്കാനും ശ്രദ്ധാലുക്കളായിരുന്നുവെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവയെ ഉപയോഗിച്ച് വേട്ടയാടാനും അറബികളില്‍ ചിലര്‍ ഇന്നും പതിനായിരക്കണക്കിന് ദിര്ഹമുകള് ചെലവിടുന്നു. ഈ വേട്ടപ്പക്ഷിക്ക് വേണ്ടി എന്ത് സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ തയാറാകുന്നു. പണ്ട് മുതലേ ഇരപിടിക്കാന്‍ ഫാല്‍ക്കണുകള്‍ക്ക് പ്രത്യേക പരിശീലനവും അറബികള്‍ നല്‍കിയിരുന്നു. ഈ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായാണ് ഇന്നും ഫാല്‍ക്കണുകള്‍ക്ക് ഏറെ സ്ഥാനം അറബി സമൂഹം നല്‍കിവരുന്നത്. ദേശീയ തലത്തില്‍ തന്നെ നിരവധി പദ്ധതികള്‍ ഫാല്‍ക്കണ്‍ പക്ഷികള്‍ക്കായി അറബ് രാജ കുടുംബാംഗങ്ങളും ഭരണകൂടവും നടപ്പാക്കുന്നുണ്ട്. യുഎഇ, സൗദി, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സജീവമായ ഫാല്‍ക്കണ്‍ സൊസൈറ്റികള്‍ തന്നെ ഇന്ന് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പ്രാപ്പിടിയന്‍, വ്യോമ ചക്രവര്‍ത്തി, രാജാളി പക്ഷി, ആകാശത്തിലെ വേട്ടനായ എന്നീ പേരുകളിലും ഫാല്‍ക്കണ്‍ പക്ഷി അറിയപ്പെടുന്നു. ഏറ്റവും വേഗമാര്‍ജിക്കാന്‍ കഴിവുള്ള ഏക പക്ഷി ഫാല്‍ക്കണാണ്. മാംസഭുക്കായ ഇവയുടെ ഇരകള്‍ പക്ഷികളും ഉരഗങ്ങളും മറ്റു സസ്തനികളുമാണ്. തന്നേക്കാള്‍ പത്തിരട്ടി ഭാരമുള്ള ഇരകളെ വരെ തൂക്കിയെടുത്ത് പറക്കാന്‍ ഇവക്ക് കഴിവുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഫാല്ക്കണോടൊത്തു ഒരു ‘സെല്‍ഫി’ യെടുക്കാന്‍ ആവേശംകൂട്ടുന്ന കാഴ്ചയും ഫാല്‍ക്കണ്‍ വിശേഷങ്ങളുടെ പവിലിയനുകളില്‍ നമുക്ക് കാണാം