
ഇന്ത്യ-യുഎഇ സുഹൃദ്ബന്ധം സമാധാനത്തിനും വികസനത്തിനും കരുത്ത്: മന്ത്രി ഷെഖാവത്ത്
അബുദാബി സാംസ്കാരിക ഉച്ചകോടിയില്‍ ഇന്ത്യന്‍ സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പങ്കെടുത്തു
അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത ബന്ധം പരമ്പരാഗത വ്യാപാര വിനിമയങ്ങള്ക്കപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന് ഇന്ത്യന്‍ സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ഇരുരാജ്യങ്ങളുടെയും ചരിത്രപരവും സാംസ്കാരികവുമായ സുദൃഢബന്ധം കാലക്രമേണ സൗഹൃദത്തെ കൂടുതല്‍ ഊട്ടിയുറപ്പിച്ചുവെന്നും ഇത് നാഗരികതയിലും പൈതൃകത്തിലും ആഴത്തില്‍ വേരൂന്നിയതാണെന്നും മന്ത്രി പറഞ്ഞു. ‘അബുദാബി സാംസ്കാരിക ഉച്ചകോടി 2025’ല്‍ പങ്കെടുക്കുന്നതിനിടെ എമിറേറ്റ്സ് ന്യൂസ് ഏജന്‍സിക്ക് (വാം) നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി നിലകൊള്ളുന്നുവെന്നും മന്ത്രി പറഞ്ഞു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം വഹിക്കുന്ന സുപ്രധാനവും സ്വാധീനശക്തിയുള്ളതുമായ പങ്ക് ഇത് അടയാളപ്പെടുത്തുന്നു. ‘ഏകദേശം അഞ്ച് ദശലക്ഷം ജനസംഖ്യയുള്ള ഈ സമൂഹം, യുഎഇയിലെ വിവിധ തന്ത്രപരവുമായ മേഖലകളില്‍ സമഗ്രമായ സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗണ്യമായ സംഭാവന നല്‍കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ ആഗോള വ്യാപാര പങ്കാളിയാണിന്ന് യുഎഇ. ഇത് അവരുടെ സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങളുടെ ശക്തിയും പ്രതിരോധശേഷിയും അടിവരയിടുന്നതാണ്. ഇരു രാജ്യങ്ങളുടെയും പരസ്പര താല്പര്യങ്ങള് നിറവേറ്റുന്നതിനായി ഈ പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇന്ത്യന്‍ സാംസ്കാരിക മന്ത്രി ഊന്നിപ്പറഞ്ഞു.
ആഗോള സാംസ്കാരിക ഭൂപ്രകൃതിയെ രൂപപ്പെടുത്തുന്ന രണ്ട് നിര്‍ണായക വിഷയങ്ങളിലാണ് ഉച്ചകോടിയിലെ ചര്‍ച്ചകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഷെഖാവത്ത് ചൂണ്ടിക്കാട്ടി. സാംസ്കാരിക മേഖലയുടെ വിവിധ വശങ്ങളില് കൃത്രിമബുദ്ധിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനവും ആഗോള സമാധാനം വളര്‍ത്തുന്നതിലും സാംസ്കാരിക ധാരണ വര്‍ധിപ്പിക്കുന്നതിലും സംസ്കാരത്തിന്റെ നിര്‍ണായക പങ്കുമാണ് ചര്‍ച്ച ചെയ്തത്. ദ്രുതഗതിയിലുള്ള എഐ വികസനങ്ങള്‍ സാംസ്കാരിക സ്വത്വത്തിനും മനുഷ്യ സര്‍ഗാത്മകതയ്ക്കും ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്കയും ആഗോള സാംസ്കാരിക രംഗം സമ്പന്നമാക്കുന്നതിനും സൃഷ്ടിപരമായ ആവിഷ്കാരത്തിനായി പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനും എഐ നല്കുന്ന വിശാലമായ അവസരങ്ങളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും പ്രതിനിധികള്‍ പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രാദേശിക സംഘര്‍ഷങ്ങളിലും പിരിമുറുക്കങ്ങളിലും ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുള്ള നിലവിലെ ഭൗമരാഷ്ട്രീയ ഭൂപ്രകൃതിയുടെ വെളിച്ചത്തില്‍ സംസ്കാരത്തിന്റെ പങ്ക് പ്രോത്സാഹിപ്പിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഭിന്നതകള്‍ പരിഹരിക്കുന്നതിനും രാജ്യങ്ങള്‍ക്കിടയിലുള്ള ധാരണയുടെയും ആശയവിനിമയത്തിന്റെയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നാഗരിക പാലമായി സംസ്കാരത്തെ ഉപയോഗിക്കേണ്ടതിന്റെ നിര്‍ണായക പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീര്‍ഘകാല സാംസ്കാരിക ബന്ധങ്ങളുടെ ശക്തിയും ആഴവും മന്ത്രി ഷെഖാവത്ത് ആവര്‍ത്തിച്ചു വ്യക്തമാക്കി. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ആഗോള സമാധാനത്തിന്റെയും സ്ഥിരതയുടെയും അടിത്തറ സ്ഥാപിക്കുന്നതിനുമുള്ള തന്ത്രപരമായ സ്തംഭമായി ഈ സുപ്രധാന സഹകരണത്തെ കണക്കാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.