
വഖഫ് നിയമം സ്റ്റേ ചെയ്തതിനെതിരെകേന്ദ്രസര്ക്കാര് സുപ്രീംകോടതിയില്‍
അബുദാബി: ഈ വര്‍ഷത്തെ ഐഎംഡി സ്മാര്‍ട്ട് സിറ്റി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന് അബുദാബി. സമൃദ്ധമായ ഹരിത ഇടങ്ങള്‍,സൗജന്യ വൈഫൈ,മികച്ച പൊതുഗതാഗതം,ഫലപ്രദമായ ഗതാഗത മാനേജ്മെന്റ് എന്നിവയാണ് അബുദാബിയെ നേട്ടത്തിന്റെ നെറുകയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം പത്താം സ്ഥാനത്തായിരുന്നു അബുദാബി നിരവധി പ്രമുഖ ലോക തലസ്ഥാനങ്ങളെ മറികടന്നാണ് അഞ്ചിലെത്തിയത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അബുദാബി ലോകത്തിലെ സ്മാര്‍ട്ട് സിറ്റി റാങ്കിങ്ങില്‍ ക്രമാനുഗതമായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും 2020ല്‍ 14ാം സ്ഥാനത്ത് നിന്ന് തുടങ്ങിയതാണ് ഈ ദ്രുതഗതിയിലുള്ള കുതിപ്പെന്നും അബുദാബിയുടെ പൊതുവെയുള്ള മുന്നേറ്റത്തിന് ഇത് പ്രയോജനം ചെയ്യുമെന്നും അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്പോര്‍ട്ട്(ഡിഎംടി) ചെയര്മാന് മുഹമ്മദ് അലി അല്‍ ഷറഫ പറഞ്ഞു.
അതൊടൊപ്പം താമസിക്കാനും ജോലി ചെയ്യാനും സന്ദര്‍ശിക്കാനും ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി അബുദാബിയെ അടയാളപ്പെടുത്തുകയും ചെയ്യും. യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബി ദൈനംദിനം വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മുഴുവന്‍ സര്‍ക്കാര്‍ സംരംഭങ്ങളുടെയും വിജയത്തിന് ഈ അന്താരാഷ്ട്ര അംഗീകാരം കൂടുതല്‍ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരത്തിന്റെ ഘടനകളെയും സാങ്കേതിക വിദ്യയെയും കുറിച്ചുള്ള താമസക്കാരുടെ ധാരണകളെ അടിസ്ഥാനമാക്കിയാണ് ഐഎംഡി സര്‍വേ 146 നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേരും അബുദാബിയില്‍ സാധാരണ വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് പ്രശ്നം സൃഷ്ടിക്കാറില്ലെന്ന് അഭിപ്രായപ്പെട്ടു. അബുദാബിയിലെ പൊതുഗതാഗത ശൃംഖലയില്‍ 82 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പൊതു ബസുകളില്‍ 90 ദശലക്ഷത്തിലധികം പേര് യാത്ര ചെയ്തതും അബുദാബിയുടെ ജലഗതാഗത ശൃംഖല 168,000ത്തിലധികം യാത്രക്കാര്‍ ഉപയോഗിച്ചതും ഇത് ശരിവെക്കുന്നതാണ്.
കഴിഞ്ഞ വര്‍ഷം അബുദാബിയിലെ അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റില്‍ ശരാശരി പ്രഭാത തിരക്ക് സമയ കാലതാമസം 80 ശതമാനം വരെ കുറച്ച ഇരട്ട പാല പദ്ധതി ഉള്‍പ്പെടെ നിര്‍ണായകമായ യാത്രാ സൗകര്യവും ശൃംഖലയും മെച്ചപ്പെടുത്താന്‍ ഡിഎംടി 3.4 ബില്യണ്‍ ദിര്‍ഹമാണ് ചിലവഴിച്ചത്. അബുദാബിയുടെ സ്മാര്‍ട്ട് സിറ്റി സൂചികയുടെ റാങ്കിങ്ങില്‍ നിര്‍ണായക സംഭാവന നല്‍കിയത് ഹരിത ഇടങ്ങളും പൊതു പാര്‍ക്കുകളുമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏകദേശം 84 ശതമാനം പേരും അവയുടെ ലഭ്യതയിലും പരിപാലനത്തിലും സംതൃപ്തി പ്രകടിപ്പിച്ചു. 2024ല്‍ മാത്രം 200ലധികം പാര്‍ക്കുകളും ബീച്ചുകളും തുറന്നതായി വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
നവീകരണത്തിനും സമൂഹക്ഷേമത്തിനുമുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി പരസ്പരബന്ധിതമായ സെന്‍സറുകളുള്ള ഏഴ് വിശാലമായ ‘സ്മാര്‍ട്ട് പാര്‍ക്കുകള്‍’ വകുപ്പ് നവീകരിച്ചിരുന്നു. മണ്ണിലെ ഈര്‍പ്പം,വൈദ്യുതി ഉപഭോഗം,വായുവിന്റെ ഗുണനിലവാരം തുടങ്ങിയ വ്യത്യസ്ത വേരിയബിളുകള്‍ അളക്കുന്ന 1,400 സെന്‍സറുകള്‍ വരെ ഈ സൗകര്യങ്ങളില്‍ ഉണ്ട്, ഇത് സന്ദര്‍ശക അനുഭവം,സുസ്ഥിരതാ നിലവാരം, പാര്‍ക്ക് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. യുഎഇയിലെ പ്രതിഭകളെ ഉപയോഗിച്ച്, രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും ആഘോഷിക്കുന്നതിനൊപ്പം പൊതു ഇടങ്ങളുടെ സൗന്ദര്യാത്മകത വര്‍ധിപ്പിക്കുന്നതിനായി ഡിഎംടി കഴിഞ്ഞ വര്‍ഷം അബുദാബി കാന്‍വാസ് ആരംഭിച്ചിരുന്നു.
മാത്രമല്ല,അബുദാബിയുടെ കണക്റ്റിവിറ്റിയും പ്രവേശനക്ഷമതയും അഞ്ചാം റാങ്കിന് ആക്കംകൂട്ടി. ബസുകളിലും ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും ഹാല വൈഫൈ വഴി നല്കുന്ന സൗജന്യ സേവനം പ്രധാന ഘടകമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 75 ശതമാനം പേരും ചൂണ്ടിക്കാട്ടി. അബുദാബിയുടെ സ്മാര്‍ട്ട് സിറ്റി പദവി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് വകുപ്പ്. വേള്‍ഡ് സ്മാര്‍ട്ട് സുസ്ഥിര നഗര സംഘടനയുടെ റീജിയണല്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത് അബുദാബിയിലെ മെനയിലാണ്.