
മറക്കില്ല യുഎഇ മാര്‍പാപ്പയെ
അബുദാബി: മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനയിലലിഞ്ഞ് പ്രാര്‍ത്ഥനയോടെ യുഎഇയിലെ ക്രൈസ്തവ സമൂഹം. ലോകത്തിന് സ്നേഹവും കരുണയും കരുതലുമൊരുക്കിയ പോപ്പിന്റെ വേര്‍പാട് യുഎഇയിലെ ക്രൈസ്തവ ജനതയ്ക്കും താങ്ങാനാവാത്താണ്. യുഎഇയുമായി വത്തിക്കാന്‍ മികച്ച സ്നേഹ ബന്ധമാണ് നിലനിര്‍ത്തിയിരുന്നത്. 2019ലെ സഹിഷ്ണുതാ വര്‍ഷാചരണത്തില്‍ മുഖ്യാതിഥിയായി മാര്‍പാപ്പ എത്തിയത് യുഎഇയിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്നും മറക്കാനാവാത്ത ഓര്‍മകളാണ്. ഗള്‍ഫ് മേഖലയില്‍ ആദ്യമായി ഒരു മാര്‍പാപ്പയുടെ കാര്‍മികത്വത്തിലുള്ള കുര്‍ബാനയ്ക്കാണ് അന്ന് അബുദാബി ശൈഖ് സായിദ് സ്റ്റേഡിയം വേദിയായത്.
മലയാളികളടക്കം ഒന്നര ലക്ഷത്തോളം വിശ്വാസികളാണ് അന്ന് കുര്‍ബാനയില്‍ പങ്കെടുത്തത്. ലോക സമാധാനവും മാനവ സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. കേരളത്തില്‍ നിന്ന് കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും കുര്‍ബാനയിലെ സഹകാര്‍മികരായിരുന്നു. കുര്‍ബാനക്കിടയിലെ പ്രാര്‍ത്ഥനകളിലൊന്ന് മലയാളത്തിലായിരുന്നത് കേരളീയ പ്രവാസികള്‍ക്ക് അഭിമാനം പകരുന്നതായിരുന്നു. അബുദാബി സെന്റ് ജോസഫ് കത്തീഡ്രലില്‍ രോഗികളടക്കം നൂറിലേറെ പേരെ മാര്‍പാപ്പ സന്ദര്‍ശിച്ചിരുന്നു.