
കാസര്‍ഗോഡ് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഗ്ലോബല്‍ വില്ലേജ് മെയ് 11ന് അടക്കും
ദുബൈ: വേനല്‍ക്കാലമായതോടെ ദുബൈ മിറാക്കിള്‍ ഗാര്ഡന് ജൂണ്‍ 15 മുതല്‍ അടച്ചിടും. 120 വ്യത്യസ്ത ഇനങ്ങളിലായി 150 ദശലക്ഷം പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ മിറാക്കിള്‍ ഗാര്‍ഡന്റെ പതിമൂന്നാം സീസണ് അവസാനിക്കാന്‍ ഇനി ഏകദേശം ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. അത്ഭുത പൂന്തോട്ടം അടയ്ക്കും മുമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
2024 ഒക്ടോബറിലാണ് ഈ സീസണ് ആരംഭിച്ചത്. തിങ്കള്‍-വെള്ളി വരെ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് ഗാര്ഡന് തുറന്നിടുക. വാരാന്ത്യങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 11 മണി വരെയാണ് സമയം. എമിറേറ്റിലെ മറ്റു ജനപ്രിയ ഓപ്പണ്‍ എയര്‍ വിനോദ കേന്ദ്രങ്ങളുടെ കവാടങ്ങളും വേനല്‍ക്കാല ചൂട് കൂടുന്നതോടെ കൊട്ടിയടക്കപ്പെടും. ഗ്ലോബല്‍ വില്ലേജും ഈ സീസണിന്റെ അവസാന ദിവസം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തുറന്ന ദുബൈ ഗ്ലോബല്‍ വില്ലേജ് മെയ് 11നാണ് അടയ്ക്കുന്നത്. ഗ്ലോബല്‍ വില്ലേജില്‍ ഈ മാസം മുഴുവന്‍ ജനപ്രിയ താരങ്ങള്‍ക്ക് ആദരം നല്കുന്ന ചടങ്ങാണ് നടക്കുന്നത്. എല്ലാ ബുധനാഴ്ചയും ടെയ്ലര് സ്വിഫ്റ്റിനും (ഏപ്രില്‍ 23) ബോണ്‍ ജോവിക്കും (ഏപ്രില്‍ 30) ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്ന് അധികൃര്‍ അറിയിച്ചിരുന്നു.
അതേസമയം സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ദുബൈ ഫൗണ്ടെയിന് വലിയ തോതിലുള്ള നവീകരണത്തിനായി ഇന്നലെ മുതല്‍ അഞ്ചു മാസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഫൗണ്ടനിലെ ജനപ്രിയ അബ്ര സവാരികളും ഈ കാലയളവില്‍ നിര്ത്തുവെക്കും. വെള്ളം,സംഗീതം,വെളിച്ചം എന്നിവ സമന്വയിപ്പിക്കുന്ന അതിശയകരമായ പ്രകടനങ്ങള്‍ക്ക് പേരുകേട്ട ദുബൈ ഫൗണ്ടെയിന് കൂടുതല്‍ മനോഹരമായ ഷോകളുമായി തിരിച്ചെത്തുമെന്നാണ് സന്ദര്‍ശകരുടെ പ്രതീക്ഷ.