
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
സ്ട്രാസ്ബര്‍ഗില്‍ നടന്ന ആറാമത് വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ നെറ്റ്വര്ക് സമ്മേളനത്തില്‍ ഷാര്‍ജ പങ്കെടുത്തു
സ്ട്രാസ്ബര്‍ഗ്: ലോക പുസ്തക തലസ്ഥാനത്ത് അഭിമാന നേട്ടങ്ങള്‍ നിരത്തി ഷാര്‍ജ. കഴിഞ്ഞ ദിവസം സ്ട്രാസ്ബര്‍ഗില്‍ നടന്ന ആറാമത് വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ നെറ്റ്വര്ക് (ഡബ്ല്യൂബിസിഎന്) സമ്മേളനത്തില്‍ ഷാര്‍ജ വേള്‍ഡ് ബുക് ക്യാപിറ്റല്‍ പ്രൊജക്ട് ലീഡും ഹൗസ് ഓഫ് വിസ്ഡം എക്സിക്യൂട്ടീവ് ഡയരക്ടറുമായ മര്‍വ അല്‍ അഖ്റൂബി പങ്കെടുത്തു. ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍പേഴ്സണും ഷാര്‍ജ വേള്‍ഡ് ബുക് ക്യാപിറ്റലിന്റെ ഉപദേശക സമിതി ചെയര്‍പേഴ്സണുമായ ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് മര്‍വ അല്‍ അഖ്റൂബി 2024ലെ വേള്‍ഡ് ബുക്ക് ക്യാപിറ്റലായ സ്ട്രാസ്ബര്‍ഗിലെ സമ്മേളനത്തില്‍ പങ്കെടുത്തത്.
സ്ട്രാസ്ബര്‍ഗ് മേയര്‍ ജീന്‍ ബര്സെഗിയന് ഉള്‍പ്പെടെ ലോക പുസ്തക തലസ്ഥാനങ്ങളുടെ മുന്‍ പ്രതിനിധികളും നിലവിലെ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. പുസ്തക പരിവര്‍ത്തന പ്രക്രിയയില്‍ പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതായിരുന്നു സമ്മേളനം. ആഗോള വായനാ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും 2019ല്‍ വഹിച്ച ലോക പുസ്തക തലസ്ഥാനമെന്ന ഖ്യാതി നിലനിര്‍ത്തി സുസ്ഥിരമായ സ്വാധീനം ചെലുത്തുന്നതുമായ സാംസ്കാരിക പദ്ധതിയാക്കി ഷാര്‍ജയെ മാറ്റുന്നതിലെ അനുഭവം മര്‍വ അല്‍ അഖ്റൂബി പങ്കുവച്ചു. വേള്‍ഡ് ബുക് ക്യാപിറ്റല്‍ നെറ്റ്വര്ക്കില് ഷാര്‍ജയുടെ അംഗത്വം സാംസ്കാരിക ഉത്തരവാദിത്തത്തെയും ധാര്‍മിക പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. ലോക പുസ്തക തലസ്ഥാന പദവി ഏറ്റെടുത്ത 2019ന് ശേഷം ഷാര്‍ജയില്‍ അഭിവൃദ്ധി പ്രാപിക്കുന്ന സംരംഭങ്ങളിലൂടെ നേടിയ അറിവും അനുഭവവും എമിറേറ്റ് സഹ നഗരങ്ങള്‍ക്ക് നല്കുന്ന പിന്തുണയും അവര്‍ വ്യക്തമാക്കി.
‘ഒരു ആഘോഷം എന്നതിലുപരി രാജ്യത്തിന്റെ സാംസ്കാരിക മണ്ഡലത്തെ പരിപോഷിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആറ് വര്‍ഷത്തിന് ശേഷം ഷാര്‍ജയുടെ ശ്രമങ്ങള്‍ ആഗോളതലത്തില്‍ വികസിക്കുന്നത് കാണുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അല്‍ അഖ്റൂബി പറഞ്ഞു.
ഷാര്‍ജ ലൈബ്രറികളുടെ ശതാബ്ദി,ഷാര്‍ജ സാഹിത്യോത്സവം,ഷാര്‍ജ ആഫ്രിക്കന്‍ സാഹിത്യോത്സവം എന്നിവയുള്‍പ്പെടെയുള്ള തങ്ങളുടെ സംരംഭങ്ങള്‍ അവര്‍ വിശദീകരിച്ചു. നാമനിര്‍ദേശ പ്രക്രിയയെയും പദ്ധതി ആസൂത്രണത്തെയും കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും അവര്‍ പങ്കുവച്ചു. സഹകരണം,സംഭാഷണം, മികച്ച രീതികള്‍ കൈമാറ്റം ചെയ്യല്‍ എന്നിവയിലൂടെ നിയുക്ത വേള്‍ഡ് ബുക്ക് ക്യാപിറ്റലുകളെ പിന്തുണയ്ക്കുന്ന യുനെസ്കോ സംരംഭമാണ് വേള്‍ഡ് ബുക് ക്യാപിറ്റല്‍ നെറ്റ്വര്ക്. സാമൂഹിക വികസനത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്ര സ്തംഭമായി വായനയെ സ്ഥാപിക്കുകയാണ് ഡബ്ല്യൂബിസിഎനിന്റെ പദ്ധതികള്‍. ഈ വര്‍ഷം റിയോ ഡി ജനീറോയാണ് ലോക പുസ്തക തലസ്ഥാനമാകുന്നത്. അടുത്ത വര്‍ഷം റബാത്തും പദവിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.