
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
കുവൈത്ത് സിറ്റി: ഉപഭോക്തൃ വിവരങ്ങളില്‍ (കെവൈസി) അവ്യക്തതയുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പ്രാദേശിക ബാങ്കുകള്‍ക്ക് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് സിബികെ) നിര്‍ദേശം നല്കി. ഉപഭോക്തൃ അക്കൗണ്ട് പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം. കള്ളപ്പണം വെളുപ്പിക്കല്‍,തീവ്രവാദ ധനസഹായം എന്നിവ ഗൗരവമായി പരിശോധിച്ച് സുതാര്യത ഉറപ്പാക്കണം. എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ബാങ്കുകള്‍ കാലികമാണെന്ന് ഉറപ്പാക്കി അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയുകയും ലഘൂകരിക്കുകയും വേണം. ഇത് പാലിക്കാത്ത അക്കൗണ്ട് മരവിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികളിലേക്ക് നീങ്ങും.
വ്യാപകമായ അവബോധം ഉറപ്പാക്കുന്നതിനായി, എസ്എംഎസ്,ആപ്പ് അലേര്‍ട്ടുകള്‍,ഇ മെയിലുകള്‍, എടിഎമ്മുകള്‍,കോള്‍ സെന്ററുകള്‍ എന്നിവ വഴി ഉപഭോക്താക്കളെ അറിയിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് സാധാരണയായി അഞ്ച് ദിവസത്തെ ഇടവേളകളില്‍ മൂന്ന് ഓര്മപ്പെടുത്തലുകള് ലഭിക്കും. ഉപഭോക്തൃ വിവരങ്ങള്‍ (കെവൈസി) നല്‍കുന്നത് വൈകിപ്പിക്കുന്നവര്‍ക്ക് ഇനി ഇളവ് ലഭിക്കില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടും. മരവിപ്പിച്ച അക്കൗണ്ട് വീണ്ടും സജീവമാക്കുന്നതിന് ഉപഭോക്താവ് ആവശ്യമായ അപ്ഡേറ്റുകള് പൂര്‍ത്തിയാക്കി ബാങ്ക് ശാഖകളില്‍ നേരിട്ടെത്തണം
സെന്‍ട്രല്‍ ബാങ്ക് ഉപഭോക്തൃ വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഫീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
ബ്രാഞ്ച് അപ്ഡേറ്റ് ഫീസ് 5 ദീനാര്‍ ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപ്ഡേറ്റ് ചാര്‍ജുകള്‍ പൂര്‍ണമായും ഒഴിവാക്കി. 100 ദീനാറില്‍ താഴെ ബാലന്‍സുള്ള നിഷ്ക്രിയ അക്കൗണ്ടുകളില്‍ നിന്നുള്ള പ്രതിമാസം ഈടാക്കിയിരുന്ന 2 ദീനാര്‍ ഫീസ് റദ്ദാക്കി. സാമ്പത്തിക ബാധ്യതയില്ലാതെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നല്കാനാകുന്ന രീതിയിലാണ് സെന്‍ട്രല്‍ ബാങ്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഉപഭോക്താക്കള്‍ സിവില്‍ ഐഡി വിശദാംശങ്ങള്‍,ദേശീയതയും വിലാസ മാറ്റങ്ങളും,വരുമാന സ്രോതസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.
കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം അന്താരാഷ്ട്ര സാമ്പത്തിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിനുമാണ്. ബാങ്കുകള്‍ ഉപഭോക്തൃ അപകടസാധ്യതാ പ്രൊഫൈലുകള്‍ സ്ഥാപിക്കുകയും വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നിശ്ചയിക്കുകയും ഇവ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയുംവേണം.