
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
12 സമാധാന നൊബേല്‍ സമ്മാന ജേതാക്കള്‍ ഒരു വേദിയില്‍ അണിനിരക്കും
ദുബൈ: സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളായ ലോകത്തെ പന്ത്രണ്ട് മഹാപ്രതിഭകളെ ദുബൈ ഇന്ന് ഒരു വേദിയില്‍ അണിനിരത്തി ചരിത്രം സൃഷ്ടിക്കും. ഇന്നലെ ദുബൈ എക്സ്പോ സിറ്റിയില്‍ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ സമാധാന ഉച്ചകോടിയായ ഗ്ലോബല്‍ ജസ്റ്റിസ്,ലവ് പീസ് സമ്മേളന ഭാഗമായാണ് 12 നൊബേല്‍ സമാധാന സമ്മാന ജേതാക്കള്‍ ഇന്ന് ഒരു വേദിയിലെത്തുന്നത്. എല്ലാവരിലും തുല്യതയും അന്തസും സുസ്ഥിരതയും വളര്‍ത്തിയെടുക്കുന്നതിനും അഹിംസയും സത്യവും സാര്‍വത്രിക നീതിയും നിലനില്‍ക്കുന്ന പുതിയ ലോകക്രമം കെട്ടിപ്പടുക്കുന്നതിനുമാണ് സമ്മേളനം. ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്ന് ‘ഒരു ഗ്രഹം,ഒരു ശബ്ദം:ആഗോള നീതി, സ്നേഹവും സമാധാനവും’ എന്ന പ്രമേയത്തില്‍ 12 നോബല്‍ സമാധാന സമ്മാന ജേതാക്കള്‍ പങ്കെടുക്കുന്ന അപൂര്‍വ സമ്മേളനം യുഎഇ സഹിഷ്ണുത-സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് ഉദ്ഘാടനം ചെയ്യും.
ലോക സമാധാനം,സ്നേഹം,നീതി എന്നിവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. രാജാക്കന്മാര്,രാഷ്ട്രത്തലവന്മാര്,ചീഫ് ജസ്റ്റിസുമാര്‍,വ്യവസായ പ്രമുഖര്‍,ആത്മീയ നേതാക്കള്‍, കായിക പ്രതിഭകള്‍,സിനിമാ താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉച്ചകോടി ഇന്ന് സമാപിക്കും. സമാധാനം,നീതി,മാനുഷിക മൂല്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ പുതിയ ലോകക്രമം ആവശ്യമാണെന്നും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ആഗോള ചട്ടക്കൂട് കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പോളണ്ട് മുന്‍ പ്രസിഡന്റും സമാധാന നോബല്‍ സമ്മാന ജേതാവുമായ ലെക് വലേസ പറഞ്ഞു. ‘നമ്മള് ചര്‍ച്ചകളുടെ ഒരു യുഗത്തിലാണ്. ചുറ്റുപാടുമുള്ള വെല്ലുവിളികളുടെ അസ്വസ്ഥതകള്‍ മെച്ചപ്പെട്ട നവലോക ക്രമത്തിനായി നമ്മെ സഹായിക്കുന്നു. തുറന്ന സംഭാഷണത്തിലൂടെയാണ് നമുക്ക് പൊതുവായ സമാധാനം കണ്ടെത്താന്‍ കഴിയുക. ആഗോള സമാധാനവും നീതിയും ഉറപ്പാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ നിലവിലുള്ള ചട്ടക്കൂടിനെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ഭരണഘടന പരിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് നീതിയും സ്നേഹവും സമാധാനവും വളര്‍ത്തുക ദൗത്യത്തോടെ നടക്കുന്ന സമ്മേളനം യുഎഇയിലെ പ്രമുഖ പാര്‍ലമെന്റേറിയനും വിദ്യാഭ്യാസ വിദഗ്ധനും യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും പ്രതിരോധ,ആഭ്യന്തര,വിദേശകാര്യ കമ്മിറ്റി ചെയര്‍മാനുമായ ഡോ.അലി റാഷിദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു.
മത്സരവും അക്രമവും ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്തു നിന്ന് സഹകരണം,നീതി,നീതി,അഹിംസ എന്നിവയാല്‍ നയിക്കപ്പെടുന്ന പുതുലോകത്തേക്ക് നാം മാറി സഞ്ചരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാതൃകാപരമായ മാറ്റം സാക്ഷാത്കരിക്കുന്നതിന് നോബല്‍ സമ്മാന ജേതാക്കളെയും രാജാക്കന്മാരെയും രാഷ്ട്രത്തലവന്മാരെയും വ്യവസായ പ്രമുഖരെയും മത നേതാക്കളെയും ചിന്തകരെയും ഒരുമിച്ച് കൊണ്ടുവരുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഉച്ചകോടിയുടെ സംഘാടകരായ ‘ഞാന്‍ സമാധാനപാലക പ്രസ്ഥാനം’ എന്ന സംഘടനയുടെ ചെയര്മാന് ഡോ.ഹുസൈഫ ഖൊറാക്കിവാല പറഞ്ഞു. സുസ്ഥിര സമാധാനം ഉറപ്പാക്കുന്നതിന് സാമൂഹിക നീതിയും സാമ്പത്തിക വികസനവും ഉറപ്പാക്കണമെന്നും ദാരിദ്ര്യം, തൊഴിലില്ലായ്മ,വിഭവ വിതരണത്തിലെ അസമത്വങ്ങള്‍ എന്നിവ പരിഹരിക്കണമെന്നും അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനും 2015ലെ സമാധാന നൊബേല്‍ ജേതാവുമായ അബ്ദസ്സത്താര് ബെന്‍ മൂസ അഭിപ്രായപ്പെട്ടു.
ആദ്യ ദിവസം നടന്ന ‘പ്രിയപ്പെട്ട മാതാവ് ഭൂമി,നമ്മുടെ വീട്: ഗ്രഹത്തോടുള്ള സ്നേഹം കൂടുതല്‍ സുസ്ഥിരമായ ഒരു ഭാവിക്ക് പ്രചോദനമാകുമോ?’ എന്ന സെഷനില്‍ മൗറീഷ്യസ് മുന്‍ പ്രസിഡന്റ് അമീന ഗുരിബ്ഫക്കിം മോഡറേറ്ററായിരുന്നു. കിഴക്കന്‍ തിമോര്‍ പ്രസിഡന്റും 1996ലെ സമാധാന നൊബേല്‍ ജേതാവുമായ ജോസ് മാനുവല്‍ റാമോസ് ഹോര്‍ട്ട,വോക്കാര്‍ഡ് ഗ്രൂപ്പ് ചെയര്മാന് ഡോ.ഹബീല്‍ ഖൊറാക്കിവാല,യുഎഇയിലെ ഹ്യൂമന്‍ കമ്മിറ്റി ഓഫ് ഹ്യൂമന്‍ ഫ്രറ്റേണിറ്റി സെക്രട്ടറി ജനറല്‍ ഡോ.ഖാലിദ് അല്‍ ഗാനിം അല്‍ ഗൈത്ത്,എംബിഇസെഡ് യൂണിവേഴ്സിറ്റി ഫോര്‍ ഹ്യൂമാനിറ്റീസിന്റെ അക്കാദമിക് ലീഡറും ചാന്‍സലറുമായ ഡോ.ഖലീഫ അല്‍ ദഹേരി,ലോക സമാധാന നോബല്‍ സമ്മാന ജേതാക്കളുടെ ഉച്ചകോടിയുടെ സ്ഥിരം സെക്രട്ടേറിയറ്റ് പ്രസിഡന്റ് എകറ്റെറിന സഗ്ലാഡിന,മുസ്്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സിന്റെ സെക്രട്ടറി ജനറലും സമാധാനത്തിനായുള്ള മതങ്ങളുടെ സഹപ്രസിഡന്റുമായ മുഹമ്മദ് അബ്ദുസലാം എന്നിവര്‍ ഉച്ചകോിയില് പങ്കെടുക്കുന്നുണ്ട്.
നീതി,സ്നേഹം,സമാധാനം,സമത്വം,സംഭാഷണം,സഹകരണം,വിദ്യാഭ്യാസം,ശാക്തീകരണം,സ്വാതന്ത്ര്യം,നേതൃത്വം,ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളടങ്ങിയ ‘സമാധാന ചാര്‍ട്ടര്‍: മാനവികതയ്ക്കുള്ള സ്നേഹലേഖനം’ എന്ന പ്രഖ്യാപനത്തോടെ ഉച്ചകോടി ഇന്ന് അവസാനിക്കും.