
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
അബുദാബി: ഭൂകമ്പത്തില്‍ കീഴ്മേല്‍ മറിഞ്ഞ മ്യാന്മറിലെ ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ കൈതാങ്ങുമായി യുഎഇ. ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ അടിയന്തര സഹായ സാധനങ്ങള്‍ യുഎഇ മ്യാന്മറിലെത്തിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് മ്യാന്മറിലേക്ക് യുഎഇ അടിയന്തര സഹായം അയച്ചത്. വിദേശകാര്യ മന്ത്രാലയം,അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി,എമിറേറ്റ്സ് റെഡ് ക്രസന്റ്,നാഷണല്‍ ഗാര്‍ഡ് കമാന്‍ഡ്,അബുദാബി പൊലീസ് ജനറല്‍ ആസ്ഥാനം എന്നിവയുമായി ഏകോപിപ്പിച്ച് നിരവധി വിമാനങ്ങളിലായി സഹായ സാധനങ്ങള്‍ മ്യാന്മറിലെത്തി.
യുഎഇയുടെ മാനുഷിക പ്രവര്‍ത്തനങ്ങളോടുള്ള പ്രതിബദ്ധതയും അന്താരാഷ്ട്ര പ്രതിസന്ധികളോട് പ്രതികരിക്കുന്നതില്‍ തുടരുന്ന സജീവ ഇടപെടലുകളുമാണ് ഇതിലൂടെ പ്രകടമായത്. ദുരിതബാധിതരുടെ ദുരിതം ലഘൂകരിക്കുന്നതിനും എല്ലാം നഷ്ടമായവര്‍ക്ക് അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമായി 200 ടണ്ണിലധികം ഭക്ഷ്യവസ്തുക്കള്‍,ഷെല്‍ട്ടര്‍ സാമഗ്രികള്‍,വൈദ്യസഹായം എന്നിവ സഹായ വിമാനങ്ങളിലുണ്ടായിരുന്നു.
ദുരിതബാധിത പ്രദേശങ്ങളില്‍ ഇമാറാത്തി രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സഹായമെത്തിച്ചത്. ലോകമെമ്പാടുമുള്ള ദുരന്തബാധിത സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ വിശാലമായ ശ്രമങ്ങള്‍ക്ക് ഇത് അടിവരയിടുന്നു. മ്യാന്മറിന് യുഎഇ നല്കിയ മാനുഷിക സഹായത്തിന് യാങ്കോണ്‍ മേഖല മുഖ്യമന്ത്രി യു സോ തീന് നന്ദി പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ മ്യാന്മര് ജനതയ്ക്ക് ഉദാരമായ പിന്തുണയും സഹകരണവുമാണ് യുഎഇ നല്‍കിയത്. തങ്ങളെ കൂടെ നിന്നതിനും സഹായഹസ്തം നീട്ടിയതിനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അദ്ദേഹം ആത്മാര്‍ത്ഥമായ നന്ദിയും കടപ്പാടും അറിയിച്ചു. ആഗോള പ്രതിസന്ധികളോടുള്ള യുഎഇയുടെ സമീപനത്തെ വ്യക്തമാക്കുന്ന മാനുഷിക ബന്ധങ്ങളുടെ ശക്തിയും ഐക്യദാര്‍ഢ്യത്തിന്റെ ആത്മാവുമായിട്ടാണ് ഈ സഹായങ്ങളെ കാണുന്നതെന്നും യു സോ തീന് കൂട്ടിച്ചേര്‍ത്തു.
യുഎഇയുടെ ആഴത്തില്‍ വേരൂന്നിയ മാനുഷിക മൂല്യങ്ങളും ദുരിബാധിത സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും അവരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് മ്യാന്മറിലേക്കുള്ള സഹായം.
ഉദാരതയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകമെന്ന നിലയിലുള്ള യുഎഇയുടെ പദവി ഉന്നതങ്ങളിലെത്തിക്കുന്നതാണ് ദുരന്തബാധിത പ്രദേശങ്ങളില്‍ യുഎഇയുടെ കാരുണ്യപ്രവര്ത്തനങ്ങളെല്ലാം.