
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
യുഎഇക്ക് ഇന്ത്യ ആകാശ് പ്രതിരോധ മിസൈല്‍ വാഗ്ദാനം ചെയ്തു
അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചരിത്ര സന്ദര്‍ശനത്തില്‍ ആകാശമുയരെ സഹകരണ വാഗ്ദാനവുമായി ഇന്ത്യ. ഇന്ത്യയുടെ ‘ആകാശ്’ പ്രതിരോധ മിസൈല്‍ സംവിധാനം യുഎഇക്ക് വാഗ്ദാനം ചെയ്താണ് ഇന്ത്യ സുദൃഢബന്ധത്തെ അരക്കിട്ടുറപ്പിച്ചത്. സൈനികാഭ്യാസങ്ങള്‍,പരിശീലന വിനിമയങ്ങള്‍,പ്രതിരോധ വ്യാവസായിക സഹകരണം,സംയുക്ത പദ്ധതികള്‍,ഗവേഷണ വികസനം, സാങ്കേതികവിദ്യ കൈമാറ്റം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യ യുഎഇക്ക് തദ്ദേശീയമായി നിര്‍മിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം വാഗ്ദാനം ചെയ്തത്.
ശത്രുവിമാനങ്ങള്‍,ഹെലികോപ്റ്ററുകള്‍,ഡ്രോണുകള്‍,സബ്സോണിക് ക്രൂയിസ് മിസൈലുകള്‍ എന്നിവയെ 25 കിലോമീറ്റര്‍ പരിധിയില്‍ തടയാന്‍ കഴിയുന്ന ആകാശ് പ്രതിരോധ മിസൈല്‍ സംവിധാനം യുഎഇക്ക് നല്കാന് സന്നദ്ധമാണെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് വാഗ്ദാനം ചെയ്ത്ത. ശൈഖ് ഹംദാനുമായുള്ള മന്ത്രിതല യോഗത്തിലാണ് രാജ്നാഥ് സിങ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ആകാശ് സംവിധാനം,പിനാക്ക മള്ട്ടിലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങള്‍,ബ്രഹ്മോസ് സൂപ്പര്സോണിക്ക്രൂയിസ് മിസൈല്‍ എന്നിവ ‘സൗഹൃദ രാജ്യങ്ങള്‍ക്ക്’, പ്രത്യേകിച്ച് ഗള്‍ഫ്,ആസിയാന്‍ മേഖലകളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും താല്പര്യ പ്രകാരം വാണിജ്യ,വ്യാപാര മേഖലകളില്‍ കൈവരിച്ച പുരോഗതിക്ക് അനുസൃതമായി ഉഭയകക്ഷി പ്രതിരോധ സഹകരണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് യോഗം തീരുമാനിച്ചു. ശൈഖ് ഹംദാനുമായുള്ള സംഭാഷണത്തെ ‘ഉത്പാദനക്ഷമമായ കൂടിക്കാഴ്ച’ എന്ന് വിശേഷിപ്പിച്ച രാജ്നാഥ് സിങ്,ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎഇയുമായുള്ള സമഗ്രമായ നയതന്ത്ര പങ്കാളിത്തം ഏറെ മുന്‍ഗണന നല്‍കേണ്ട വിഷയമാണെന്ന് വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ പ്രതിരോധ സഹകരണം,സഹഉത്പാദനം,വികസന പദ്ധതികള്‍, നവീകരണം,സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയും യുഎഇയും മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
നിലവിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത രണ്ട് നേതാക്കളും, സ്ഥാപനപരമായ സംവിധാനങ്ങള്‍, സൈനികാഭ്യാസങ്ങള്‍, പരിശീലന പരിപാടികളുടെ കൈമാറ്റം തുടങ്ങിയ വഴികളിലൂടെ നിലവിലെ പ്രതിരോധ സഹകരണത്തില്‍ ‘സന്തോഷം’ പ്രകടിപ്പിച്ചു. ‘പരസ്പരം പ്രതിരോധ ആവാസവ്യവസ്ഥയെ മനസ്സിലാക്കാനും ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് ത്വരിതപ്പെടുത്താനും സഹായിക്കുന്ന പ്രതിരോധ സഹകരണത്തിന്റെ പ്രധാന മേഖലകളിലൊന്നായി പരിശീലന കൈമാറ്റങ്ങളെ അവര്‍ മനസിലാക്കി. തങ്ങളുടെ പ്രതിരോധ വ്യവസായങ്ങള്‍ തമ്മിലുള്ള അടുത്ത സഹകരണം ഉഭയകക്ഷി സഹകരണത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണമെന്ന് ഇരുരാജ്യങ്ങളും തീരുമാനിക്കുകയും പ്രതിരോധ നിര്‍മാണത്തില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.