
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി: ഇഫ്താറിനും മറ്റുമായി നമ്മള് എത്ര ഭക്ഷണമാണ് പാഴാക്കുന്നത്. അതൊഴിവാക്കാന് നിഅ്മ പദ്ധതിയുടെ ഭാഗമായി ഇഫ്താര്‍ കിറ്റുകള്‍ ഒരുക്കുന്നു. അബുദാബിയിലെ അല്‍ ഖാനയില്‍ ഇന്നലെ ഇഫ്താര്‍ പെട്ടി പായ്ക്കിങ്് പരിപാടി സംഘടിപ്പിച്ചു. നിഅ്മ കാമ്പയിനിന്റെ ഭാഗമായി ആയിലത്തിലധികം വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങി ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു. വിശുദ്ധ മാസം ആരംഭിച്ചതിനുശേഷം അബുദാബിയിലും ഷാര്‍ജയിലുമായി 5,000ത്തിലധികം പെട്ടികള്‍ തയ്യാറാക്കി അയച്ചിട്ടുണ്ട്. മിച്ചമുള്ള ഭക്ഷണം പാഴാക്കുന്നതിനുപകരം സുരക്ഷിതമായി പുനര്‍വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ഈ സംരംഭത്തിന്റെ ഭക്ഷ്യ രക്ഷാ പരിപാടി പ്രവര്‍ത്തിക്കുന്നത്.
ഭക്ഷണം പാഴാക്കാതെ ആവശ്യമുള്ളവര്‍ക്ക് എത്തിക്കാന്‍ ഭക്ഷ്യ ഉല്പാദകരെയും വിതരണക്കാരെയും ഹോസ്പിറ്റാലിറ്റി മേഖലയെയും ഒരുവേദിയിലെത്തിക്കുന്നു. റമസാന്‍ കാമ്പയിനില്‍ മൂന്ന് ഭാഗങ്ങളായാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. ഫാമിലി ഇഫ്താര്‍ പെട്ടി പ്രോഗ്രാം,ഒരു ദശലക്ഷം മിച്ച ഭക്ഷണ ഡ്രൈവ്,നിഅ്മ കമ്മ്യൂണിറ്റി ഫ്രിഡ്ജ് സംരംഭം എന്നിങ്ങനെയാണ്. ഫാമിലി ഇഫ്താര്‍ പെട്ടികള്‍ക്കായി ഈത്തപ്പഴം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്ത ഭക്ഷണങ്ങള്‍ ശേഖരിക്കുന്നു. ഇതിനായി വിതരണക്കാര്‍, ചില്ലറ വ്യാപാരികള്‍,കര്‍ഷകര്‍ എന്നിവരില്‍ നിന്ന് മിച്ചമുള്ള ഭക്ഷണം എടുത്ത് അബുദാബി,അല്‍ ദഫ്ര,അല്‍ ഐന്‍, ഷാര്‍ജ എന്നിവിടങ്ങളിലെ താഴ്ന്ന വരുമാനക്കാരായ ഗുണഭോക്താക്കള്‍ക്ക് നല്കുന്നു. ഓരോ ബോക്സിലും പുതിയ ഉല്‍പ്പന്നങ്ങള്‍,പ്രധാന ധാന്യങ്ങള്‍,പ്രോട്ടീന്‍ ഉറവിടങ്ങള്‍,അവശ്യ പാന്ററി ഇനങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
സിലാല്‍, അല്‍ ബറാക്ക ഡേറ്റ്സ്,ഇഫ്കോ,എക്തിഫ,അര്‍ല, സാഫ്കോ,ബെല്‍ ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ യുഎഇ ആസ്ഥാനമായുള്ള ഭക്ഷ്യ ഉല്പാദകരുടെ പിന്തുണയോടെ 400ലധികം വളണ്ടിയര്‍മാരാണ് ഈ റമസാനില്‍ ഭക്ഷ്യ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇത് കൂടാതെ മിച്ച ഭക്ഷണം പാഴാക്കിക്കളയാതിരിക്കാന്‍ കമ്യൂണിറ്റി ഫ്രിഡ്ജ് പദ്ധതിയും ഒരുക്കിയിട്ടുണ്ട്. റസ്റ്റോറന്റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും തൊട്ടുകൂടാത്ത ഭക്ഷണം ശേഖരിച്ച് പുനര്‍വിതരണം ചെയ്യുന്നതിനായി ഹോട്ടലുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ദശലക്ഷം മിച്ച ഭക്ഷണ പദ്ധതിയാണിത്. അബുദാബിയിലും ദുബൈയിലുമായി ആവശ്യക്കാരുള്ള പ്രദേശങ്ങളില്‍ മിച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഒരു ഘടനാപരമായ മാര്‍ഗമാണ് കമ്മ്യൂണിറ്റി ഫ്രിഡ്ജുകള്‍ സംരംഭം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 16 ഹോട്ടലുകള്‍ പങ്കെടുത്തു, 11,581 ഭക്ഷണങ്ങള്‍ വിജയകരമായി നല്കി. ഈ വര്‍ഷം, 35 ഹോട്ടലുകളും ഹോസ്പിറ്റാലിറ്റി പങ്കാളികളും ഈ പദ്ധതിയില്‍ നിഅ്മയുമായി സഹകരിക്കുന്നു. ഭക്ഷണ പാഴാക്കല്‍ കുറയ്ക്കുന്നത് യുഎഇയുടെ ഉയര്‍ന്ന മുന്‍ഗണനയാണെന്ന് എമിറേറ്റ്സ് ഫൗണ്ടേഷന്റെ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും നിഅ്മയുടെ കമ്മിറ്റി സെക്രട്ടറി ജനറലുമായ ഖുലൂദ് ഹസ്സന് അല്‍ നുവൈസ് പറഞ്ഞു. നിഅ്മ ഇന്നൊരു അന്താരാഷ്ട്ര മാതൃകയാണ്. അമിത ഉല്പാദനവും അമിത ഉപഭോഗവും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, അന്നത്തെ അബുദാബി കിരീടാവകാശിയായിരുന്ന പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം 2022ലാണ് നിഅ്മസ്ഥാപിതമായത്.