
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
റമസാന്‍ വ്രതകാലം അതിന്റെ ആത്മീയതലങ്ങളെയെല്ലാം മാറ്റിമറിച്ച് ഇപ്പോള്‍ ഭക്ഷ്യവിഭവങ്ങളെക്കുറിച്ചുള്ള ചിന്തയും ചര്‍ച്ചയുമായി മാറിയിരിക്കുന്ന ദുരവസ്ഥയിലാണ് നാമുള്ളത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നോമ്പ് കാലത്ത് മിതഭക്ഷണവും പെരുന്നാളിന് വിഭവസമൃദ്ധമായ ഭക്ഷണവുമായിരുന്നു പതിവ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ബിരിയാണി ലഭിക്കണമെങ്കില്‍ പെരുന്നാള്‍ വരണം. ഇന്ന് കാലം മാറി സ്ഥിതി മാറി. ബിരിയാണിയില്ലാത്ത നോമ്പ് തുറയില്ലെന്നായി. ഇസ്ലാം മിതഭോജനം പ്രോത്സാഹിപ്പിക്കുമ്പോള്‍ അതിന്റെ അനുയായികളില്‍ വലിയൊരു ഭാഗം ഇന്ന് അമിതഭോജനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഇതേക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നു: ‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാക്കരുത്. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (7:31).
അമിതമായി ആഹരിക്കുന്നത് വിശ്വാസിയുടെ സംസ്കാരമല്ലെന്ന് നബി (സ) വ്യക്തമാക്കുന്നു. എന്നാല്‍ ഈ റമസാനില്‍ നമ്മുടെ വീടുകളിലെ ആഹാരക്രമീകരണങ്ങളെക്കുറിച്ച് അല്പമൊന്ന് ചിന്തിച്ച് നോക്കൂ. അതല്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ള ഇഫ്താര്‍ പാര്‍ട്ടികളെക്കുറിച്ച് അന്വേഷിച്ച് നോക്കൂ. നമ്മുടെ ഭവനങ്ങള്‍ അമിതാഹാരത്തിന്റെ കേന്ദ്രങ്ങളായി മാറുന്നുണ്ടോ? നോമ്പ് കാലം കഴിഞ്ഞാല്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടിവരുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് കാരണം മറ്റൊന്നുമല്ല, അമിതാഹാരം മാത്രം. അമിതാഹാരം ഉപേക്ഷിക്കണമെന്ന് മാത്രമല്ല, മിതാഹാരത്തിന്റെ രൂപം നബി (സ) സൂചിപ്പിക്കുന്നു. ആമാശയത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം ഭക്ഷ്യപാനീയങ്ങള്ക്ക് വേണ്ടി നീക്കിവെക്കുകയും ശേഷിച്ച ഭാഗം ശ്വാസോച്ഛാസം തടസപ്പെടാതിരിക്കാന്‍ വേണ്ടി ശൂന്യമാക്കിവെക്കുകയും വേണമെന്ന് പ്രവാചകന് (സ) ഉപദേശിച്ചു. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ഇസ്ലാം കൃത്യമായ ഭക്ഷണമര്യാദകള്‍ നിഷ്കര്‍ശിച്ചത്.
എന്നാല്‍ മലബാര്‍ വിഭവങ്ങളെന്ന പേരില്‍ ഭക്ഷണം ആഘോഷിക്കുന്ന നമ്മള് ഇപ്പോ ള്‍ അറബിക് വിഭവങ്ങളിലേക്കെത്തി നില്‍ക്കുകയാണ്. വിവാഹമായാലും മരണാനന്തര ചടങ്ങായാലും നോമ്പായാലും ഭക്ഷ്യധൂര്‍ത്ത് നടത്തുന്ന നമ്മള് ചുറ്റുമുള്ള സമൂഹങ്ങളിലേക്ക് കണ്ണോടിക്കുന്നത് നല്ലതാണ്. അമിതഭോജന കാര്യത്തില്‍ ആധുനിക വൈദ്യശാസ്ത്രവും ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാധാരണ ഭക്ഷണം ദഹിക്കാന്‍ മൂന്ന് മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ അമിതാഹാരത്തിന് എട്ട് മണിക്കൂര്‍ വരെ സമയമെടുക്കും. ഇതുമൂലം വന്‍ രോഗങ്ങള്‍ക്ക് ഇടവരുത്തുന്നു. നബി (സ) ഉപദേശിച്ചു: ‘ഉദരത്തേക്കാള് മോശമായ ഒരു പാത്രവും മനുഷ്യന് നിറച്ചിട്ടില്ല. മനുഷ്യന് തന്റെ മുതുകിനെ നേരെ നിര്‍ത്തുന്ന ഏതാനും ഉരുളകള്‍ മതിയാകുന്നതാണ്. അനിവാര്യമെങ്കില്‍ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊരു ഭാഗം പാനീയത്തിനും മൂന്നിലൊരു ഭാഗം ശ്വസനത്തിനും അവന് ഉപയോഗിക്കട്ടെ.’ (തുര്‍മുദി). ആരോഗ്യമുള്ള ഒരു സമൂഹത്തെയാണ് ഇസ്ലാം വിവക്ഷിക്കുന്നതെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം.