
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
(യുഎഇ ജുമുഅ ഖുതുബ)
ജീവിതം നശ്വരമാണ്,അനശ്വരമല്ല. ആയുഷ്കാലം കഴിഞ്ഞുപോകും. പരലോകത്തേക്കായി ഇഹലോകത്ത് എന്തെല്ലാം ഒരുക്കിവച്ചുവെന്നതാണ് സത്യവിശ്വാസിക്ക് പ്രധാനം. പിതാക്കള്‍,പ്രപിതാക്കള്‍ എന്നിങ്ങനെ തലമുറകളിലൂടെ അനന്തരമായി മനുഷ്യന് തുടര്‍ന്നുവരുന്ന ഏറ്റവും വലിയ നന്മയാണ് ദാനധര്‍മം. നമ്മുടെ പ്രവാചകന് മുഹമ്മദ് നബി(സ്വ) മറ്റു ആരേക്കാളും ഉദാര പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരായിരുന്നു. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഔദാര്യങ്ങള്‍ ചെയ്തിരുന്നത് റമസാന്‍ മാസത്തിലാണെന്ന് ഹദീസില്‍ കാണാം.
റമസാനില്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഉദാര പ്രവര്‍ത്തനം അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ട് സമൂഹത്തിന്റെ നാനോമുഖങ്ങളായ നന്മകള്‍ക്കായി തന്റെ സമ്പത്തില്‍ നിന്ന് വഖ്ഫ് ചെയ്യലാണ്. വഖ്ഫും സാധാരണ ദാനധര്‍മവും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം. വഖ്ഫ് എന്നാല്‍ ഒരാള്‍ തന്റെ ഉടമസ്ഥതയിലുള്ളത് സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ ഉപകാര നന്മകള്‍ക്കായി പ്രത്യേകം ഉപകാരപ്പെടുത്തുന്നതിനായി ദാനമായി നല്‍കലാണ്. ഉദാഹരണത്തിന് മസ്ജിദ് നിര്‍മാണം. അതിനുള്ള പ്രതിഫലം അതില്‍ നമസ്കരിക്കുന്ന കാലത്തോളം ദാനം ചെയ്തവന് ലഭിച്ചുകൊണ്ടിരിക്കും. രോഗികളെ ചികിത്സിക്കാനോ നിര്‍ധനരെ പഠിപ്പിക്കാനോ ദരിദ്രരുടെ കടങ്ങള്‍ വീട്ടാനോ സാധുക്കളുടെ വിവാഹം നടത്തിക്കൊടുക്കാനോ മറ്റോ സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂദാനം ചെയ്യുന്നതും സമാനമാണ്.
ദാനധര്‍മത്തേക്കാള്‍ വഖ്ഫിന് മഹത്തമേറുന്നത് അതിന്റെ പ്രതിഫലനവും പ്രതിഫലവും ദീര്‍ഘകാലത്തേക്ക് നിലനില്ക്കുന്നതു കൊണ്ടാണ്. വഖ്ഫ് സ്വത്തിന്റെ ഉപയോഗവും ഉപകാരങ്ങളുമുണ്ടാകുന്ന കാലത്തോളം പ്രതിഫലാര്‍ഹമായി തന്നെ തുടരും. നബി (സ്വ) പറയുന്നു. ‘മനുഷ്യന് അവന്റെ മരണ ശേഷം അവനിലേക്ക് എത്തിച്ചേരുന്ന സല്‍പ്രവര്‍ത്തനങ്ങളും നന്മകളും ഇവയൊക്കെയാണ്:- പഠിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വിജ്ഞാനം,സല്‍സന്താനം,ഖുര്‍ആന്‍ മുസ്വ്ഹഫ്,നിര്‍മിച്ചു നല്കുന്ന മസ്ജിദ്,യാത്രക്കാര്‍ക്കായി ഒരുക്കുന്ന വിശ്രമകേന്ദ്രം,ജലസേചനത്തിനായി തയാര്‍ ചെയ്യുന്ന സംവിധാനം,ആപത്തുള്ള കാലത്ത് സ്വന്തം ധനത്തില്‍ നിന്ന് നല്കുന്ന ഉപകാരപ്രദങ്ങളായ ദാനങ്ങള്‍ (സുനനു ഇബ്നുമാജ 242).
വഖ്ഫ് ചെയ്യുന്നതിന്റെ മഹത്വങ്ങള്‍ മനസിലാക്കി തന്നെ സ്വഹാബികള്‍ തങ്ങളുടെ ഇഷ്ട സമ്പത്തുകളില്‍ നിന്ന് വഖ്ഫില്‍ നിക്ഷേപിക്കാന്‍ ആവേശം കാട്ടിയിരുന്നു. നബി (സ്വ)യുടെ അനുചരന്മാരില് നിന്ന് സാമ്പത്തിക കഴിവുള്ള എല്ലാവരും വഖ്ഫ് ചെയ്തിട്ടുണ്ടെന്നാണ് ജാബിര്‍(റ) സാക്ഷ്യപ്പെടുത്തുന്നത്. മഹാനായ ഉമറിന് (റ) അവര്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വിലപിടിപ്പുള്ള ഒരു ഭൂമിയുണ്ടായിരുന്നു. ഒരിക്കര്‍ ഉമര്‍(റ) നബി (സ്വ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: തിരുദൂതരേ, ഈ ഭൂമിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് എന്താണ് കല്‍പ്പിക്കാനുള്ളത്? അപ്പോള്‍ നബി (സ്വ) മറുപടി പറഞ്ഞു: താങ്കളുടെ ഇഷ്ടം പോലെ വഖ്ഫ് ചെയ്യുകയോ സ്വദഖ നല്‍കുകയോ ചെയ്യുക. അങ്ങനെ ഉമര്‍(റ) ആ ഭൂമി വഖ്ഫാക്കി നല്കി (ബുഖാരി, മുസ്ലിം).
പരിശുദ്ധ ഖുര്‍ആനിലെ സൂറത്തു ആലു ഇംറാനിലെ 92ാം സൂക്തമായ ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നു ചെലവു ചെയ്യുന്നതു വരെ പുണ്യം നേടാനാകില്ല’ എന്ന ആയത്ത് സ്വഹാബികളിലൊരാള്‍ കേട്ട സമയം ഹൃദയം ഉദാരമയമായിത്തീരുകയും ദാനധര്‍മം ചെയ്യാന്‍ വെമ്പല്‍ കൊള്ളുകയുമുണ്ടായി. അങ്ങനെ നബി (സ്വ)യുടെ സന്നിധിയിലേക്ക് തന്റെ ഇഷ്ട സമ്പത്തുമായി പോയി പറഞ്ഞു: ഇത് അല്ലാഹുവിനുള്ള ദാനമാണ്.ഞാനതിന്റെ പുണ്യം ആഗ്രഹിക്കുന്നു. അല്ലാഹുവിന്റെ അടുത്ത് അതൊരു സ്ഥായിയായ മുതല്‍ക്കൂട്ടാവാന്‍ ആശിക്കുന്നു. ഇതുകേട്ട നബി (സ്വ) പറഞ്ഞു: അത് ലാഭങ്ങള്‍ നല്കുന്ന ധനമാണ്. അത് ലാഭങ്ങള്‍ നല്കുന്ന ധനമാണ് (ബുഖാരി 4554).
മരണമെത്തുന്നതിന് മുമ്പായി മഹത്തായ വഖ്ഫിന്റെ ഭാഗമാവാന്‍ ധനത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും വഖ്ഫായി നല്കാന് ശ്രമിക്കുക. വരുമാനത്തില്‍ നിന്ന് ദിവസവും ഒരു ദിര്‍ഹമെങ്കിലും വഖ്ഫിനായി മാറ്റിവെക്കുക. കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് അതൊരു വലിയ വഖ്ഫായി മാറും. അത് ഇഹലോക ജീവിതത്തില്‍ സന്തോഷവും പരലോക ജീവിതത്തില്‍ വിജയം ഉറപ്പ് നല്‍കുകയും ചെയ്യും. ഓരോ ദിര്‍ഹമും മസ്ജിദിന്റെ കല്ലായോ വിദ്യാര്‍ഥിയുടെ കിതാബായോ അനാഥര്‍ക്കുള്ള ഭക്ഷണ ഉരുളകളായോ രോഗികള്‍ക്കുള്ള ചികിത്സയായോ തീരാം. മാതാപിതാക്കള്‍ക്ക് വേണ്ടിയോ കുടുംബ ബന്ധക്കാര്‍ക്ക് വേണ്ടിയോ മറ്റു പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയോ വഖ്ഫ് ചെയ്യാവുന്നത്. അത് അവര്‍ക്ക് നല്കുന്ന ഏറ്റവും നല്ല സമ്മാനമാണ്.
മഹാനായ ശൈഖ് സായിദ് വഖ്ഫ് നല്കുന്നതില് അതുല്യ മാതൃകകള്‍ കാണിച്ചിട്ടുണ്ട്. മഹത്തായ യുഎഇ രാഷ്ട്രവും വഖ്ഫിനായി നൂതന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നുണ്ട്: ദൈവ പ്രീതി ഉദ്ദേശിച്ചല്ലാതെ ഒന്നും തന്നെ ചെലവഴിച്ചുകൂടാ. നല്ലത് എന്തു ചെലവ് ചെയ്യുന്നുവെങ്കിലും അതിന്റെ പ്രതിഫലം പൂര്‍ണമായി നിങ്ങള്‍ക്കു നല്കപ്പെടും. ഒരുവിധ അക്രമവും അനുവര്ത്തിക്കപ്പെടില്ല (സൂറത്തുല്‍ ബഖറ 272).